
ശംഖുമുഖം: പൊങ്കാല അർപ്പിക്കുന്നതിനിടെ വയോധികയെ ആക്രമിച്ച്, സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേർ ഉത്തരേന്ത്യൻ മോഷണ സംഘത്തിലുള്ളവരെന്നും ആറ്റുകാൽ പൊങ്കാല ലക്ഷ്യമാക്കി എത്തിയവരെന്നും പൊലീസ് . തിങ്കളാഴ്ച ശംഖുംമുഖത്തെ ഉജ്ജയിനി മഹാകാളി ദേവീ ക്ഷേത്രത്തിലെത്തിയ വർക്കല ചിറയന്നൂർ സ്വദേശിയായ രാധാമണിയുടെ (65) കഴുത്തിൽ കിടന്ന രണ്ടു പവനോളം തൂക്കം വരുന്ന മാല കവരാൻ ശ്രമിച്ച റോഷിനി (20), മല്ലിക (62), മഞ്ജുള (40) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊങ്കാലയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തിയ രാധാമണി തൊഴുതുനിൽക്കുമ്പോൾ പിന്നിൽനിന്ന സ്ത്രീ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെയാണ് രാധാമണിയെ ആക്രമിച്ച് മാലകവരാൻ ശ്രമിച്ചത്. ഇതുകണ്ട സമീപത്തുനിന്നവർ ബഹളം വച്ച് ആളെക്കൂട്ടിയപ്പോൾ മാല പൊട്ടിച്ചെടുത്ത സ്ത്രീയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ക്ഷേത്രത്തിനു പുറത്തേക്കോടി. പിന്നാലെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും വിവരമറിഞ്ഞെത്തി പ്രതികളെ പിൻതുടർന്ന് കൈയോടെ പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു.
ദില്ലി സ്വദേശിനികളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരിൽ നിന്നും ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രാധാമണിക്ക് നിലവിൽ കാര്യമായ പരുക്കുകളില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊങ്കാല ലക്ഷ്യമാക്കി ഉത്തരേന്ത്യൻ മോഷണ സംഘം നഗരത്തിൽ എത്തിയിട്ടുണ്ടെന്നും ഇവരിൽ ഉൾപ്പെട്ടവരാകാം ഇതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
തലസ്ഥാനത്ത് കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണവും സംശയാസ്പദമായി കാണുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനയും നടത്തുന്നുണ്ട്.ആറ്റുകാൽ പൊങ്കാലയുടെ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇത്തരം മോഷണ സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]