
മഹേഷ് ബാബു, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. SSMB 29 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയോ ജോണറോ ഒന്നും അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ചിത്രത്തിന്റെ കഥയേക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
SSMB 29 പറയുന്നത് കാശിയുടെ ചരിത്രമാണെന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ചരിത്രവും ഐതിഹ്യങ്ങളും കോർത്തിണക്കി വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദിൽ നിർമ്മാതാക്കൾ പുരാതന നഗരമായ കാശിയുടെ പടുകൂറ്റൻ സെറ്റ് തയ്യാറാക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്നുള്ള മറ്റൊരു വിവരംകൂടി പുറത്തുവരുന്നുണ്ട്. ഹനുമാൻ മൃതസഞ്ജീവനി തേടിപ്പോയ കഥയായിരിക്കും ചിത്രം പറയുകയെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.
പുരാണകഥകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നയാളാണ് സംവിധായകൻ രാജമൗലി. ഈ ട്രെൻഡ് മഹേഷ് ബാബു ചിത്രത്തിലും തുടരുമെന്നാണ് സൂചന. യഥാർത്ഥ വനങ്ങളും ഇന്ത്യയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും കൂട്ടിയിണക്കിയാവും പുതിയ ചിത്രത്തിൽ രാജമൗലി കഥപറയുക. ഗരുഡ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഒഡിഷയിലെ കൊരാപുത്തിലുള്ള തലമലി കുന്നുകളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിൽ നായികയാവുന്നത്. ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയിൽ എന്ന് തോന്നിക്കുംവിധത്തിൽ ഏതാനും വീഡിയോകൾ പ്രിയങ്കാ ചോപ്ര കഴിഞ്ഞദിവസം സോഷ്യൽ മീഡിയാ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഈ മൂന്ന് താരങ്ങളെക്കുറിച്ചല്ലാതെ കൂടുതൽ വിവരങ്ങൾ SSMB 29 ടീം പുറത്തുവിട്ടിട്ടില്ല. സിനിമയുടെ നിർണായകരംഗത്തിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വാർത്തകൾക്കിടയാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]