
‘ദ്രാവിഡ ഇതിഹാസങ്ങളിൽ നിന്നുള്ള ഒരു അമാനുഷിക ത്രില്ലർ…’ ടാഗ് ലൈൻ കാണുമ്പോൾ തന്നെ മനസിൽ ഭീതിയുടെ തണുപ്പ് പടർത്തുന്ന വടക്കൻ എന്ന സിനിമ വെള്ളിത്തിരയിൽ തെളിയുമ്പോൾ അതിലെ നായകന് എത്ര കൈയടി നൽകിയാലും അധികമാകില്ല. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുക്കിയ സൂപ്പർ നാച്ചുറൽ ത്രില്ലറായ ‘വടക്കനി’ലെ നായകനാകാൻ മലയാളം ക്ഷണിച്ചത് ഒരു കന്നടക്കാരനെയാണ്.
കന്നട സിനിമ ‘കാന്താര’യിലെ മുരളിയായും രജനീകാന്തിന്റെ തമിഴ് സിനിമകളായ ‘ജയിലറി’ലെ ജാഫറായും ‘വേട്ടൈയനി’ലെ പോലീസ് സൂപ്രണ്ട് ഹരീഷ് കുമാറായും തിളങ്ങിയ ഒരാൾ. ഇതാരാണെന്ന് ആലോചിക്കാൻ ഇത്തിരി നേരം വേണമെങ്കിൽ ഒരു നിമിഷം പോലും ആലോചിക്കാതെ ആളിനെ മനസ്സിലാകാൻ മറ്റൊരു കഥാപാത്രമുണ്ട്. മോഹൻലാൽ ചിത്രമായ ‘പുലിമുരുകനി’ലെ ഫോറസ്റ്റ് റേഞ്ചറെ ഓർമയില്ലേ. ‘പുലിമുരുകന്’ പുറമേ തിരുവമ്പാടി തമ്പാൻ, അച്ഛാ ദിൻ, കണ്ണൂർ സ്ക്വാഡ് തുടങ്ങി പത്തോളം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കിഷോർ ‘വടക്കനി’ൽ പ്രത്യക്ഷപ്പെടുന്നത് പാരാ നോർമൽ ഇൻവെസ്റ്റിഗേറ്ററായിട്ടാണ്. കൊച്ചിയിലെത്തിയ നേരത്ത് വിശേഷങ്ങൾ പങ്കിട്ട് കിഷോർ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.
വടക്കനിലെ ഇൻവെസ്റ്റിഗേറ്റർ
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കി അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയും ഗ്രാഫിക്സുമെല്ലാം സമന്വയിപ്പിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ, ജാപ്പനീസ് ഛായാഗ്രഹക കീക്കോ നകഹരയുടെ ക്യാമറ, ആർ. ഉണ്ണിയുടെ തിരക്കഥയും സംഭാഷണവും ബിജിപാലിന്റെ സംഗീതം…സംവിധായകനായ സജീദ് അണിയറ പ്രവർത്തകരെപ്പറ്റി പറഞ്ഞപ്പോൾത്തന്നെ ഈ സിനിമയിൽ അഭിനയിക്കാൻ മറ്റൊരു കാരണവും ഞാൻ തേടിയിരുന്നില്ല. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികത്തികവാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
മറക്കാനാകാത്ത അനുഭവങ്ങൾ
ഈ സിനിമയുടെ ഭാഗമായ ദിനങ്ങൾ എന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. കൊച്ചി, വാഗമൺ, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടന്നത്. ഇരുട്ട് ഏറെ പ്രധാനമായ ചിത്രമായതുകൊണ്ടു തന്നെ രാത്രിയിലാണ് ഷൂട്ടിങ് ഏറെയും നടന്നത്. രാവുറങ്ങാതെ അഭിനയിച്ച ശേഷം പലപ്പോഴും പകൽ കുറച്ചുനേരം മാത്രമാണ് ആ ദിവസങ്ങളിൽ ഞാൻ ഉറങ്ങിയിരുന്നത്. പാരാ നോർമൽ ഇൻവെസ്റ്റിഗേറ്റർ എന്ന കഥാപാത്രം രൂപത്തിലും ഭാവത്തിലും ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടിയിരുന്ന ഒന്നാണ്. അതിനായി ഞാൻ പരമാവധി ശ്രമിച്ചിട്ടുമുണ്ടെന്നാണ് വിശ്വാസം. ഒന്നിലധികം ഭാഷകളിൽ ജോലിചെയ്യുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ ഒരു തരത്തിലുള്ള കഥാപാത്രങ്ങളിലും ബന്ധിതനാകാതെ സിനിമാ യാത്ര തുടരാനാണ് ഞാൻ ആഗ്രഹിച്ചത്. ആ യാത്രയിൽ എനിക്ക് ലഭിച്ച അവിസ്മരണിയ കഥാപാത്രം തന്നെയാണിത്.
സിനിമ എന്ന ജീവിതം
കോളേജ് തിയേറ്ററിലും കലാലയ മത്സരങ്ങളിലും പങ്കെടുത്തായിരുന്നു എന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 2004-ൽ കന്നിച്ചിത്രമായ കാന്തി എന്ന കന്നഡ ചിത്രത്തിൽ ബീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചതോടെ എന്റെ കരിയർ തന്നെ മാറിപ്പോകുകയായിരുന്നു. എന്റെ അച്ഛൻ ഒരു കോളേജ് അധ്യാപകനായതുകൊണ്ടുതന്നെ ആ തലത്തിൽ തന്നെയാണ് അദ്ദേഹം എന്നെയും പ്രതീക്ഷിച്ചത്. എന്നാൽ, ജീവിതം എന്നെ എത്തിച്ചത് സിനിമയിലായിരുന്നു. ഞാൻ ഫലപ്രദമായി എന്നെ ഉപയോഗിക്കുമ്പോഴാണ് അതിന് ഫലമുണ്ടാകുന്നത്. എനിക്ക് ലഭിച്ച ഓരോ കഥാപാത്രത്തിനും എഴുത്തുകാരോടും സംവിധായകരോടുമാണ് ഞാൻ നന്ദി പറയുന്നത്. സിനിമ എന്ന ജീവിതം ഞാൻ നന്നായി ആസ്വദിച്ചുതന്നെയാണ് മുന്നോട്ടു പോകുന്നത്.
മമ്മൂട്ടിയും മോഹൻലാലും
മലയാളത്തിലേക്ക് ഞാൻ വരുന്നത് തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലൂടെയാണ്. എം. പത്മകുമാർ സംവിധാനം ചെയ്ത സിനിമയിൽ നായകനായ ജയറാമിനൊപ്പം ശക്തനായ വില്ലൻ വേഷമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. എന്നാൽ, മലയാളികൾ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ പുലിമുരുകനിലെ റെയ്ഞ്ചർ എന്നതായിരിക്കും ഉത്തരം. മോഹൻലാൽ എന്ന അതുല്യനടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം. തിരുവമ്പാടി തമ്പാൻ കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് എനിക്ക് മലയാളത്തിലേക്ക് വീണ്ടും ക്ഷണം ലഭിച്ചത്. അതാകട്ടെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമായിരുന്നു എന്നതാണ് എന്റെ വലിയ സന്തോഷവും ഭാഗ്യവുമായത്. അച്ഛാ ദിൻ എന്ന മമ്മൂട്ടി ചിത്രത്തിൽ ആന്റണി ഐസക് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]