
ബ്രിസ്ബേൻ: കരയിലേക്ക് അടുത്തപ്പോൾ ശക്തി കുറഞ്ഞെങ്കിലും ആൽഫ്രഡ് ചുഴലിക്കാറ്റിന് പിന്നാലെ ഓസ്ട്രേലിയയിൽ വലിയ രീതിയിൽ വൈദ്യുതി മുടങ്ങി. ഉഷ്ണ മേഖല ചുഴലിക്കാറ്റായ ആൽഫ്രഡ് ക്വീൻസ്ലാൻഡ് സംസ്ഥാനത്തിലേക്ക് വലിയ രീതിയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വിതച്ചിരിക്കുന്നത്. ക്വീൻസ്ലാൻഡിന്റെ തെക്ക് കിഴക്കൻ മേഖലയിൽ 316540 ആളുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. ശനിയാഴ്ചയാണ് ചുഴലിക്കാറ്റ് ക്വീൻസ്ലാൻഡ് തീരത്തേക്ക് എത്തിയത്. ശക്തി പ്രാപിക്കുകയും ശോഷിക്കുകയും ചെയ്ത് 16 ദിവസത്തെ മുന്നറിയിപ്പുകൾക്ക് ശേഷമാണ് ആൽഫ്രഡ് കരതൊട്ടത്.
കനത്ത മഴ, നാശനഷ്ടമുണ്ടാക്കുന്ന കാറ്റ്, തീരദേശ തിരമാലകളുടെ ആഘാതം എന്നിവ വരും ദിവസങ്ങളിലും തുടരുമെന്നാണ് ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 90കിലോമീറ്റർ ശക്തിയിലാണ് ആൽഫ്രഡ് കരയിലേക്ക് എത്തിയിട്ടുള്ളത്. ഞായറാഴ്ച വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ച ബ്രിസ്ബേൻ വിമാനത്താവളം സർവ്വീസുകൾ കനത്ത കാറ്റിൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിട്ടുള്ളത്. ആയിരക്കിലേറെ സ്കൂളുകൾക്ക് ചുഴലിക്കാറ്റ് പശ്ചാത്തലത്തിൽ ഓസ്ട്രേലിയ അവധി നൽകിയിരുന്നു.
ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യമുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്ബേൻ. വളരെ സാവധാനത്തിലാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് സമുദ്രത്തിലൂടെ മുന്നോട്ട് നീങ്ങിയത്. 16 ദിവസമെടുത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയത്തിനുള്ളിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ആഘാതങ്ങള്‍ക്ക് കുറവില്ല എന്നതാണ് മുന്നറിയിപ്പ് പിൻവലിക്കാത്തതിന് കാരണമായി കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വടക്കൻ ന്യൂ സൌത്ത് വെയിൽസിലും തെക്കുകിഴക്കൻ ക്വീൻസ്ലാൻഡിലും ഏകദേശം 200 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്.
ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് വീശുന്നത്. സാധാരണയായി ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടാറുള്ളത്. 1974 ലെ ട്രോപ്പിക്കൽ സൈക്ലോൺ സോയി ആയിരുന്നു ഏറ്റവും ഒടുവില്‍ മേഖലയിൽ ചുഴലിക്കാറ്റ്. ഇതിന് പുറമേ ഒട്ടും മനസിലാകാത്ത പ്രകൃതമാണ് ആൽഫ്രഡ് ചുഴലിക്കാറ്റ് കാണിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് വെള്ളിയാഴ്ചയാകുകയും ശേഷം ശനിയാഴ്ചയാകുകയും ചെയ്തത് ഈ പ്രകൃതത്തിന്റെ സൂചനയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]