
പ്രശസ്ത മലയാള നടി ജലജയുടെ മകൾ ദേവി നായർ മുഴുനീളം നായികയായി അഭിനയിച്ച ആദ്യത്തെ തുളു സിനിമയാണ് പിദായി. ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളം ചിത്രങ്ങളുടെ കൂടെ മറ്റൊരു മലയാളി കൂട്ടായ്മയുടെ ഈ തുളു സിനിമയും തിരഞ്ഞെടുത്തു. ദേവി നായർ കൂടാതെ കന്നഡ നടൻ ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വർക്കാടി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് ദേവി നായർ മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ മാലിക്, റസൂൽ പൂകുട്ടി സംവിധാനം ചെയ്ത ഒറ്റ, രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ് മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ആസിഫ് അലി അഭിയിക്കുന്ന ഹൗഡിനിയാണ് ദേവി നായർ അഭിനയിച്ച പുതിയ സിനിമ. വിദേശത്ത് പഠിച്ചു വളർന്ന ദേവി നായർ പിദായിക്കുവേണ്ടി സ്വന്തമായി ഡബ്ബിങ് ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനന്തരവനും, ജീറ്റിഗെ എന്ന ആദ്യ തുളു സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവുമായ സന്തോഷ് മാടയാണ് സംവിധായകൻ. ജയരാജ്, കമൽ, റോഷൻ ആൻഡ്രൂസ് എന്നിവരുടെ കൂടെ സഹ-സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സന്തോഷ് മാടയുടെ മൂന്നാമത്തെ സിനിമയാണ് “പിദായി”.
വിശേഷം, ലെവൽ ക്രോസ്സ്, അപ്പുറം എന്നീ മലയാള സിനിമകൾക്കൊപ്പം മെയ്യഴകൻ, അമരൻ, വാഴൈ എന്നി ശ്രദ്ധേയ തമിഴ് സിനിമകളും ഇന്ത്യൻ ചലച്ചിത്ര മത്സരവിഭാഗത്തിലുണ്ട്. പിദായി സിനിമ ചിത്രഭാരതി എന്ന ഇന്ത്യൻ ചലച്ചിത്ര വിഭാഗത്തിൽ കൂടാതെ കന്നഡ ചലച്ചിത്ര വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. ആദ്യമായാണ് തുളു സിനിമ ഈ രണ്ടു മത്സരവിഭാഗത്തിൽ മത്സരിക്കുന്നത്.
കൈതപ്രം വരികൾ എഴുതിയ ആദ്യത്തെ തുളു സിനിമയാണ് പിദായി. പി.വി.അജയ് നമ്പൂതിരിയാണ് സംഗീതം, പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രം.
പലഭാഷകളിലായി എഴുന്നൂറിൽപരം ചിത്രങ്ങൾ എഡിറ്റ് ചെയ്ത് രണ്ട് ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ സുരേഷ് അരസ് ആണ് ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മടവൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷിന്റെ ആദ്യ സിനിമയായ ജീറ്റിഗെയിലും ഉണ്ണി മടവൂർ തന്നെയായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് മീര കൃഷ്ണൻ നാലാമതായി വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രം കൂടിയാണിത്. പി.ആർ.ഒ-എ.എസ്.ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]