
സാഹസികതകളുടെ തിരയൊടുങ്ങാത്ത കടലുതന്നെയായിരുന്നു പുലികേശിയുടെ ജീവിതം. ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളില്‍ വെളുപ്പിന് നാലുമണിക്കു മുമ്പേ ഉണര്‍ന്ന്, കുളി കഴിഞ്ഞ് കളരിയില്‍ പ്രവേശിക്കും. പിന്നെ മൂന്നു മണിക്കൂര്‍ ആയുധ പരിശീലനമാണ്. ഒപ്പം ശിഷ്യരെ പഠിപ്പിക്കും. തുടര്‍ന്ന് എണ്ണ തേച്ച് രണ്ടാമത്തെ കുളി. ഒരുപാട് ഭക്ഷണം കഴിക്കുന്ന സ്വഭാവമുണ്ടായിരുന്നില്ല പുലികേശിക്ക്. കഴിക്കുന്ന ഭക്ഷണം മികച്ചതാവണമെന്ന് നിര്‍ബ്ബന്ധമായിരുന്നു. നാടന്‍ ഭക്ഷണങ്ങളോടായിരുന്നു പ്രിയം. വല്ലപ്പോഴും മാത്രമേ ഹോട്ടല്‍ ഭക്ഷണം കഴിക്കൂ. മിക്ക ദിവസങ്ങളിലും ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് മൂന്നുനേരവും പുലികേശി എവിടേക്കോ പോവും. ചിലപ്പോഴെല്ലാം വളരെ വിഷമത്തോടെ തനിച്ചിരിക്കുന്ന പുലികേശിയെ ത്യാഗരാജന് കണ്ടിട്ടുണ്ട്. അങ്ങനെയൊരവസരത്തില്‍, മറ്റാരോടും പറയാത്ത തന്റെ ജീവിതരഹസ്യങ്ങള്‍ പുലികേശി ത്യാഗരാജനോട് പറഞ്ഞു. ആ ചുരുളഴിക്കുമ്പോള്‍ പുലികേശിയുടെ കണ്ണ് നിറഞ്ഞിരുന്നു. അഞ്ചു വയസ്സുള്ള ഒരു കുട്ടിയെയും കൂട്ടിയാണ് ഒരു സായാഹ്നത്തില്‍ നാടകമന്‍ട്രത്തിലേക്ക് പുലികേശി കടന്നുവന്നത്. നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്ന സമയമായിരുന്നു അത്. ത്യാഗരാജനെ മാത്രം പുലികേശി അടുത്തേക്ക് വിളിച്ചു. ഒപ്പമുള്ള കുട്ടിയെ ചൂണ്ടി ചോദിച്ചു: ‘ഇവനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ ‘ഇല്ല’ എന്ന ത്യാഗരാജന്റെ മറുപടിക്ക് പുലികേശിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘സ്വന്തം അനിയനെപ്പോലെ നോക്കണം. ഇത് എന്റെ മകനാണ്.’ പച്ചയായ തന്റെ ജീവിതത്തിന്റെ ഏടുകള്‍ ത്യാഗരാജനു മുന്നില്‍ പുലികേശി തുറന്നുവെച്ചു.
പുലികേശി തുറന്നുപറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം മറ്റൊരാളെയും അറിയിക്കാതിരിക്കാന്‍ ത്യാഗരാജന് കഴിഞ്ഞു. അങ്ങനെയൊരു വിശ്വാസം ത്യാഗരാജനില്‍ ഉള്ളതുകൊണ്ടു മാത്രമാണ് പുലികേശി എല്ലാം തുറന്നുപറഞ്ഞതും. പുലികേശിയിലെ സാഹസികനായ മനഷ്യന്റെ ആര്‍ദ്രമായ മനസ്സ് തൊട്ടറിഞ്ഞ അതേ ദിവസംതന്നെയാണ് നീലാ പ്രൊഡക്ഷന്‍സിനുവേണ്ടി ചെയ്യാന്‍ പോകുന്ന കറുത്ത കൈ എന്ന ചിത്രത്തെക്കുറിച്ചും ത്യാഗരാജന് പുലികേശിയില്‍നിന്ന് കേട്ടത്. പി. സുബ്രഹ്മണ്യം എന്ന മെറിലാന്‍ഡ് സുബ്രഹ്മണ്യത്തെക്കുറിച്ച് കേട്ടതിനപ്പുറം അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു കറുത്ത കൈ ത്യാഗരാജനു നല്‍കിയത്. മദിരാശിയിലെ പല സ്റ്റുഡിയോകളില്‍ വെച്ചും ത്യാഗരാജന് സുബ്രഹ്മണ്യത്തെ കണ്ടിട്ടുണ്ട്. എല്ലാവരും ഭയഭക്തിബഹുമാനങ്ങളോടെ മുതലാളി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. സുബ്രഹ്മണ്യം മുതലാളിയുടെ മുന്നില്‍ ഇരിക്കാന്‍പോലും ആരും ധൈര്യപ്പെടില്ല. അതിനുള്ള സ്വാതന്ത്ര്യം നടന് സത്യനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുലികേശിയുടെ സംഘട്ടനരീതികളോട് വലിയ താത്പര്യം കാണിച്ചിരുന്നു മുതലാളി. അതുകൊണ്ടുതന്നെ കുറ്റാന്വേഷണചിത്രമായ കറുത്ത കൈയിലെ സംഘട്ടനസംവിധാനം പുലികേശിയെയാണ് അദ്ദേഹം ഏല്‍പ്പിച്ചത്. രാജമല്ലിക്കുശേഷം മലയാളത്തില്‍ പുലികേശി ചെയ്ത ചിത്രമായിരുന്നു കറുത്ത കൈ. 1955ല്‍ നീലാ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സി.ഐ.ഡി. എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ എം. കൃഷ്ണന് നായര്‍ തന്നെയാണ് കറുത്ത കൈയും സംവിധാനം ചെയ്തത്. പ്രേംസസീര്‍, തിക്കുറിശ്ശി, ജോസ് പ്രകാശ്, അടൂര്‍ ഭാസി, ഷീല, ശാന്തി, പറവൂര്‍ ഭരതന്, ആറന്മുള പൊന്നമ്മ, എസ്.പി. പിള്ള തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വില്ലന്റെ ഡ്യൂപ്പായി ത്യാഗരാജന് അവതരിപ്പിച്ച ചടുലമായ സ്റ്റണ്ട് രംഗങ്ങള്‍ സെറ്റില്‍ വലിയ ചര്‍ച്ചയായി. കൃഷ്ണന് നായര്‍ക്ക് ത്യാഗരാജനെ ഏറെ ഇഷ്ടമായി. അപ്പോഴെല്ലാം പുലികേശി അഭിമാനത്തോടെ പറഞ്ഞു: ‘അവന് എന്റെ ശിഷ്യനാണ്.’ 1964ലെ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തിയ കറുത്ത കൈ പ്രേക്ഷകരെ ഹരംകൊള്ളിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിലെ ഉശിരന്‍ സംഘട്ടനവും കാര്‍ ചേസിങ്ങുമായിരുന്നു.
കറുത്ത കൈയ്ക്ക് ലഭിച്ച വമ്പിച്ച സ്വീകരണമാണ് തൊട്ടടുത്ത വര്‍ഷത്തെ ഓണത്തിന് സ്റ്റണ്ടും പാട്ടുമൊക്കെയായി മായാവി എന്ന ചിത്രമൊരുക്കാന്‍ സുബ്രഹ്മണ്യത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അതിസാഹസികമായ നിരവധി സംഘട്ടനരംഗങ്ങളാണ് പുലികേശിയും ത്യാഗരാജനും ചേര്‍ന്ന് മായാവിക്കു വേണ്ടി ഒരുക്കിയത്. കുന്നിലും കുഴിയിലും താഴ്വാരത്തിലും തേയിലത്തോട്ടത്തിലും വെള്ളച്ചാട്ടത്തിലുമായി ത്രസിപ്പിക്കുന്ന സംഘട്ടനങ്ങള്‍. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഒരു കുന്നില്‍നിന്ന് അടുത്ത കുന്നിലേക്ക് റോപ്വെ ക്യാബിനിലൂടെ രക്ഷപ്പെടുന്ന വില്ലനെ സാഹസികമായി നേരിടുന്നു നായകന്. വില്ലനായ കൊട്ടാരക്കര ശ്രീധരന് നായര്‍ക്കും നായകനായ പ്രേംനസീറിനും വേണ്ടി ജീവന് പണയപ്പെടുത്തി അഭിനയിച്ചത് പുലികേശിയും ത്യാഗരാജനും. കറുത്ത കൈയുടെ വിജയം മായാവിയും ആവര്‍ത്തിച്ചതോടെ ദിവസവും ഇരുപതു മണിക്കൂറിലധികം പുലികേശിയോടൊപ്പം ത്യാഗരാജന് ജോലി ചെയ്യേണ്ടിവന്നു. ഒരിക്കല്‍ സുബ്രഹ്മണ്യം മുതലാളി ചോദിച്ചു: ‘പുലികേശി, നിന്റെ അസിസ്റ്റന്റായി വര്‍ക്കു ചെയ്യുന്ന ആ പയ്യന് ആരാണ്?’
ത്യാഗരാജനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുലികേശി മുതലാളിയോടു പറഞ്ഞു.
‘അവന് കൊള്ളാം, മിടുക്കനാണ്. നന്നായി ജോലി ചെയ്യുന്നുണ്ട.്’ മുതലാളിയുടെ ഈ വാക്കുകള്‍ പുലികേശി തന്നെയാണ് ത്യാഗരാജനോട് പറഞ്ഞത്.
കാടിന്റെ പശ്ചാത്തലത്തില്‍ നീലായുടെ ബാനറില്‍ സുബ്രഹ്മണ്യം നേരത്തേ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു ആന വളര്‍ത്തിയ വാനമ്പാടിയും കാട്ടുമൈനയും. കാടിന്റെ വിപുലമായ സിനിമാസാദ്ധ്യതകള് സുബ്രഹ്മണ്യം ശരിക്കും തിരിച്ചറിഞ്ഞിരുന്നു. അഞ്ചു ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത ആന വളര്‍ത്തിയ വാനമ്പാടിക്കുശേഷം പ്രദര്‍ശനത്തിനെത്തിയ കാട്ടുമൈനയും വലിയ വിജയമായി. എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത കാട്ടുമൈനയില് പ്രേംനസീര്‍, ശാന്തി, ഷീല, എസ്.പി. പിള്ള, മുതുകുളം, ജോസ്പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ തമിഴ് നടന് ആനന്ദനും അഭിനയിച്ചു. ആനന്ദനുവേണ്ടി നിരവധി സാഹസികരംഗങ്ങള്‍ അഭിനയിച്ച പുലികേശിയോട് അന്നേ സുബ്രഹ്മണ്യം പറഞ്ഞു: ‘കാട്ടുമൈനയെക്കാളും വലിയൊരു പടം വൈകാതെ നമുക്ക് ചെയ്യണം. പുലികേശി കൂടെത്തന്നെയുണ്ടാകണം.’ ഒരു വര്‍ഷം കഴിഞ്ഞ് കാട്ടുമല്ലികയുടെ ഷൂട്ടിങ്ങിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയം. ഒരു ജംഗിള്‍ പടമായിരുന്നു കാട്ടുമല്ലികയും. സ്റ്റണ്ട് രംഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി പുലികേശിയെ സുബ്രഹ്മണ്യം മുതലാളി വിളിപ്പിച്ചു. വൈകീട്ട് വുഡ്ലാൻഡ്സ് ഹോട്ടലില്‍ എത്താനാണ് പറഞ്ഞത്. അക്കാലത്ത് വലിയ നിര്‍മ്മാതാക്കള്‍ക്കു മാത്രമാണ് സ്വന്തമായി വാഹനമുള്ളത്. പിന്നെ, പ്രമുഖരായ ചില സംവിധായകര്‍ക്കും നടീനടന്മാര്ക്കുമുണ്ട്. അതിനപ്പുറം സ്വന്തമെന്നു പറയാന്‍ ഒരു കാറോ സ്കൂട്ടറോ ഉള്ള സിനിമക്കാര്‍ മദിരാശിയിലധികമില്ല. പിന്നെ സ്റ്റണ്ടുകാരുടെ കാര്യം പറയാനുണ്ടോ. ഏതെങ്കിലും നിര്‍മ്മാതാവോ സംവിധായകനോ വിളിച്ചാല്‍ അവര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് നടന്നെത്തുകയാണ് പതിവ്. പുലികേശിയും ത്യാഗരാജനുമൊന്നും ഇതില്‍നിന്നു വ്യത്യസ്തരായിരുന്നില്ല. ദൂരെയാണ് പോകേണ്ടതെങ്കില്‍ സൈക്കിള്‍ വാടകയ്ക്കെടുക്കും. വുഡ്ലാൻഡ്സ് ഹോട്ടലിലേക്ക് പൊരിഞ്ഞ വെയിലത്ത് സൈക്കിളിലാണ് പുലികേശി ചെന്നത്. മുതലാളി പറഞ്ഞു: ‘ഈ ചിത്രത്തില്‍ കുറെ ഫൈറ്റുകള്‍ വേണം. പാറപ്പുറത്തു വെച്ചുള്ള സംഘട്ടനവും പുലിയുമായുള്ള ഏറ്റുമുട്ടലുമൊക്കെ നിറഞ്ഞതാവണം കാട്ടുമല്ലിക. ഷൂട്ടിങ് പെട്ടെന്നാരംഭിക്കണം. പുലികേശി വേഗം കുറെ ഫൈറ്റുകള്‍ കമ്പോസ് ചെയ്ത് വെച്ചോളൂ.’
ആനന്ദനായിരുന്നു കാട്ടുമല്ലികയിലെ ഹീറോ. പുലികേശിയാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നതെന്നറിഞ്ഞപ്പോള് ആനന്ദന് രസിച്ചില്ല. അയാള്‍ മുതലാളിയോട് പറഞ്ഞു: ‘പുലികേശിയെ ഏല്‍പ്പിച്ചാല്‍ ഫൈറ്റ് നന്നാവില്ല, കത്തി ഫൈറ്റൊന്നും അയാള്‍ ചെയ്താല്‍ ഒട്ടും നന്നാവാന്‍ പോകുന്നില്ല. പുലികേശിക്കു പകരം എന്റെ ആശാന് സ്വാമിനാഥനെ വിളിക്കാം.’
പക്ഷേ, സുബ്രഹ്മണ്യം മുതലാളി വാക്കു മാറ്റിയില്ല. ആനന്ദന് അദ്ദേഹം നല്ല മറുപടി കൊടുത്തു: ‘കാട്ടുമല്ലിക ഞാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിലെ ഫൈറ്റ് പുലികേശി തന്നെ ചെയ്യും. അയാളെ മാറ്റാന്‍ പറ്റില്ല. ഇനി മാറണമെന്നു നിര്‍ബ്ബന്ധമാണങ്കില്‍ ആനന്ദന് ഈ പടത്തില്‍നിന്നും മാറിക്കോളൂ.’ സുബ്രഹ്മണ്യം മുതലാളിയുടെ തീരുമാനം വളരെ ബോള്‍ഡായിരുന്നു.
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ …
Premium
‘മെലിഞ്ഞുനീണ്ട നിന്നെ ആര് സിനിമയിലെടുക്കാൻ?’ …
Premium
സിനിമാമോഹവുമായി വന്ന പയ്യനോട് സെറ്റിലുള്ളവർ …
Premium
എല്ലുംതോലുമായ രൂപം കണ്ടപ്പോൾ ചേട്ടൻ പൊട്ടിക്കരഞ്ഞു: …
Premium
കത്തി ഫൈറ്റ് കഴിഞ്ഞപ്പോൾ പുലികേശി പറഞ്ഞു: …
Premium
കൂർത്ത കമ്പിയിൽ തലയിടിച്ചു, അന്നാദ്യമായി …
പുനലൂരിനടുത്ത് തെന്മലയിലായിരുന്നു കാട്ടുമല്ലികയുടെ ഷൂട്ടിങ്. ആദ്യമെടുത്തത് കത്തി ഫൈറ്റായിരുന്നു. ആനന്ദന് എത്ര ചെയ്തിട്ടും ശരിയാവുന്നില്ല. ആറോ ഏഴോ തവണ ആനന്ദനെക്കൊണ്ട് ഫൈറ്റ് ചെയ്യിപ്പിക്കാന്‍ ശ്രമിച്ച് പുലികേശി പരാജയപ്പെട്ടു. കമ്പോസ് ചെയ്ത ഒരു ഐറ്റം പോലും ആനന്ദനു ചെയ്യാന്‍ കഴിയാതെവന്നപ്പോള്‍ സുബ്രഹ്മണ്യം മുതലാളി വിളിച്ചുപറഞ്ഞു: ‘എടാ, പുലികേശി, അറിയാത്ത പണിയൊന്നും അവനെക്കൊണ്ട് ചെയ്യിക്കേണ്ട. എളുപ്പമുള്ള വല്ല സ്റ്റെപ്പും പറഞ്ഞു കൊടുക്ക്.’ ലൊക്കേഷനില്‍ എല്ലാവരുടെയും മുമ്പില്‍വെച്ച് മുതലാളി ഇങ്ങനെ പറഞ്ഞപ്പോള്‍ ആനന്ദന് അത് വലിയ ക്ഷീണമായി.
ഒടുവിലയാള്‍ ത്യാഗരാജന്റെ മുന്നില്‍ വന്ന് കരഞ്ഞ് പറഞ്ഞു: ‘ത്യാഗരാജന് എനിക്കു കഴിയുന്നില്ല, ഇത് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഈ പടത്തില്‍നിന്ന് എന്നെ ഒഴിവാക്കും. അതോടെ ഞാന്‍ റോഡില്‍ അലയേണ്ടിവരും. എനിക്കു വേണ്ടി ഈ ഫൈറ്റ് ത്യാഗരാജന് ചെയ്യാമെന്ന് പറയണം.’
പുലികേശിയും ത്യാഗരാജനും ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. കാട്ടുമല്ലികയിലെ വില്ലനുവേണ്ടി പുലികേശിയും നായകനായ ആനന്ദനുവേണ്ടി ത്യാഗരാജനും ഡ്യൂപ്പിടാമെന്ന്. ആനന്ദന്റെ ക്ലോസപ്പ് ഷോട്ടുകള്‍ മാത്രം എടുത്തശേഷം പുലികേശിയും ത്യാഗരാജനും തമ്മില്‍ വില്ലനും നായകനും വേണ്ടി പോരടിച്ചു. അവരുടെ സംഘട്ടനങ്ങള്‍ കണ്ടിരിക്കേണ്ട പണിയേ ആനന്ദനുണ്ടായുള്ളൂ.
ആ ഫൈറ്റിനു ശേഷം ടൈഗര്‍ ഫൈറ്റാണ് ചിത്രീകരിച്ചത്. ഇത്തരം ഫൈറ്റുകള്‍ക്ക് പുലിയെ എത്തിച്ചുകൊടുക്കുന്നത് ഗോവിന്ദരാജ് എന്നൊരാളാണ്. ‘പുലി ഗോവിന്ദരാജ്’ എന്നാണ് അയാള്‍ അറിയപ്പെടുന്നത്. പുലിയെ മാത്രമല്ല ആന, കടുവ, കുരങ്ങന് തുടങ്ങി ഏതു മൃഗത്തെ വേണമെങ്കിലും ഗോവിന്ദരാജിനോട് പറഞ്ഞാല്‍ മതി. കാട്ടുമല്ലികയ്ക്കു വേണ്ടി ഗോവിന്ദരാജ് കൊണ്ടുവന്നത് ഭീകരനായ പുലിയെയായിരുന്നു. പുലിയെ കണ്ടാല്‍ത്തന്നെ മനുഷ്യന്റെ ബോധം പോവും. കാഴ്ചയില്‍ അത്രയ്ക്കും പരുക്കനായ ഒരു പുലി. ധാരാളം ആളുകള്‍ ചുറ്റും കൂടിയിട്ടുണ്ട്. ഷൂട്ടിങ്ങിനു മുമ്പായി പുലിയുടെ നഖങ്ങള്‍ കട്ടു ചെയ്തു. വായ സ്റ്റിച്ച് ചെയ്തു. അപകടം ഒഴിവാക്കാനുള്ള മുന്‍കരുതലുകളാണിതെല്ലാം. അല്ലാത്തപക്ഷം പുലി ആളെ ബാക്കി വെച്ചേക്കില്ല. ചുറ്റും വലയിട്ട ശേഷം ആനന്ദനെയും പുലിയെയും ഇറക്കി. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഫൈറ്റ് നടക്കുന്നില്ല. ആനന്ദന് ചാടിവീഴുമ്പോഴേക്കും പുലി വേറൊരു വഴിക്ക് പോകും. പുലി അടുക്കുമ്പോള്‍ ആനന്ദന് പേടിച്ച് പിറകോട്ടു മാറും. സെറ്റിലുള്ളവരും ഷൂട്ടിങ് കാണാനെത്തിയവരും ഈ കാഴ്ച കണ്ട് ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ സുബ്രഹ്മണ്യം മുതലാളി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു: ‘പുലികേശി, ആ മണ്ടനെ മാറ്റി നീ ചെയ്യടാ, രാമറാവുവിനും കാന്തറാവുവിനും വേണ്ടി ഡ്യൂപ്പിട്ട നിനക്ക് ഇത് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഈ സീക്വന്‍സ് നമുക്ക് ഒഴിവാക്കാം.’
ഇതു കേട്ടപ്പോള്‍ ആനന്ദന് കുട്ടികളെപ്പോലെ കരയാന്‍ തുടങ്ങി. ഒടുവില്‍ പുലികേശി ഇറങ്ങി, ആനന്ദന്റെ വേഷവുമിട്ട്. മുകളിലും താഴത്തും ക്യാമറകള്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. ഒറ്റച്ചാട്ടത്തിന് പുലികേശി പുലിയുടെ കഴുത്തില്‍ പിടിച്ച് മലര്‍ത്തിക്കിടത്തി. ചുറ്റും കൂടിനിന്നവരെല്ലാം ആര്‍ത്തുവിളിച്ചു. ‘പുലികേശി… വെരിഗുഡ്… വെരിഗുഡ്’ എന്ന് സുബ്രഹ്മണ്യം മുതലാളി വിളിച്ച് പറയുന്നുണ്ടായിരുന്നു. കാല് അകറ്റിയപ്പോള്‍ പുലിക്ക് ദേഷ്യം വന്നിരിക്കാം. വല്ലാത്ത അലര്‍ച്ചയോടെ പുലി ചാടി, ഒരുപാടുയരത്തില്‍. അപ്പോഴും പുലികേശി പിടിത്തം വിട്ടിരുന്നില്ല. ഉയരത്തില്‍നിന്നു താഴേക്ക് വീഴുമ്പോള്‍ പുലി മുകളിലും പുലികേശി അടിയിലുമായി. എന്നിട്ടും പുലിയുടെ കഴുത്തിലെ പിടിത്തം പുലികേശി വിട്ടില്ല. അതോടെ പുലി വലതുകൈകൊണ്ട് പുലികേശിയെ ആഞ്ഞുതൊഴിച്ചു. പുലികേശിയുടെ വാരിയെല്ലിനാണ് അടികിട്ടിയത്. വാരിയെല്ല് തകര്‍ന്ന അവസ്ഥയിലും പുലികേശി ഫൈറ്റ് തുടര്‍ന്നു. കാര്യം അപകടത്തിലായെന്ന് മനസ്സിലായതോടെ ത്യാഗരാജന് ഓടിച്ചെന്ന് പുലികേശിയെ പിടിച്ചുമാറ്റി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ചിരുന്നു. ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. കുറച്ചു ദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടിവന്നു. കടുത്ത വേദനയുണ്ടായിട്ടും പുലികേശി അത് പുറത്തു പറഞ്ഞില്ല. ഇങ്ങനെയൊരവസ്ഥയിലാണ് താനെന്ന് ആരെയും അറിയിക്കരുതെന്ന് അദ്ദേഹം ത്യാഗരാജനോട് പറഞ്ഞു. അതില്‍ വലിയ നാണക്കേടുള്ളതുപോലെ പുലികേശിക്കു തോന്നിയിരുന്നു. മൂന്നാഴ്ച വിശ്രമിച്ചശേഷം പുലികേശി വീണ്ടും രംഗത്തെത്തി.
വിട്ലാചാര്യരുടെ ഗുരുശിഷ്യന് എന്ന പടത്തില്‍ കാന്തറാവുവിനു വേണ്ടി ഡ്യൂപ്പ് ചെയ്യുമ്പോള്‍ വില്ലനു ഡ്യൂപ്പിട്ട ആള് ഇടിച്ചത് പുലികേശിക്ക് പരിക്കുപറ്റിയ ഭാഗത്തായിരുന്നു. അതോടെ പുലികേശി വല്ലാതെ ക്ഷീണിതനായി. അടുത്ത ദിവസം രാജ്കുമാര് നായകനായ വസന്തസേന എന്ന ചിത്രത്തിലെ ശൂലം ഫൈറ്റാണ് എടുക്കുന്നത്. വിക്രം സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്.
രാജ്കുമാര് പുലികേശിയോട് പറഞ്ഞു: ‘സാര്‍, വിശ്രമിക്കൂ, നമുക്ക് മറ്റൊരാളെക്കൊണ്ട് ചെയ്യിക്കാം.’ പക്ഷേ, പുലികേശി സമ്മതിച്ചില്ല. ‘കുഴപ്പമില്ല, ഞാന്‍ തന്നെ ചെയ്തോളാം.’
അന്ന് രാത്രി പുലികേശി ത്യാഗരാജനോട് പറഞ്ഞു: ‘ത്യാഗരാജന്, നമ്മള് തോറ്റുപോയി എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍, പിന്നെ നമ്മള്‍ക്ക് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് മരിക്കുന്നെങ്കില്‍ മരിക്കട്ടെ, ഒരിക്കലും തോറ്റു പിന്മാറരുത്.’ പുലികേശി ത്യാഗരാജനു നല്കിയ വലിയ പാഠമായിരുന്നു അത്.
പിറ്റേ ദിവസം കടുത്ത വേദനയിലും ശൂലം ഫൈറ്റ് പുലികേശി ചെയ്തു. വില്ലനുവേണ്ടി ഡ്യൂപ്പിട്ട ആളില്‍നിന്നുതന്നെ വീണ്ടും അടികിട്ടി. ശൂലംകൊണ്ട് കുത്തിയത് വാരിയെല്ലിനായിപ്പോയി. അതോടെ പുലികേശി കുഴഞ്ഞുവീണു. വടപളനിയിലെ ഡോ. വീരഭദ്രന്റെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കു ഗുരുതരമായതുകൊണ്ട് ജനറല്‍ ഹോസ്പിറ്റലിലേക്ക് പോകാന്‍ പറഞ്ഞു. പെട്ടെന്ന് ഓപ്പറേഷന് നടത്തേണ്ടതുണ്ടായിരുന്നു. എല്ലാ സഹായങ്ങളുമായി വിട്ലാചാര്യര്‍ വന്നു.
പുലികേശിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് കാട്ടുമല്ലിക പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ പതിനൊന്നു പ്രമുഖ കേന്ദ്രങ്ങളില്‍ പടം റിലീസ് ചെയ്തു. ‘ആനയും അമ്പാരിയും അകമ്പടിയണിഞ്ഞ് ആയിരക്കണക്കിന് ആളുകളുടെ ആര്‍പ്പുവിളികളോടെ രാജഭേരി മുഴക്കി ആഗോളയാത്രയ്ക്കുള്ള ആരംഭം’ പരസ്യവാചകംപോലെതന്നെ കാട്ടുമല്ലിക ആഘോഷപൂര്‍വ്വം സ്വീകരിക്കപ്പെട്ടു. ചിത്രം കണ്ടവരെല്ലാം ‘ഗംഭീരം… ഗംഭീരം’ എന്നു പറഞ്ഞുകൊണ്ടിരുന്നു. വെള്ളിത്തിരയിലെ പുലിയുമായുള്ള നായകന്റെ ഏറ്റുമുട്ടല്‍ ഹര്‍ഷാരവത്തോടെ പ്രേക്ഷകര്‍ കൊണ്ടാടുമ്പോള്‍ നായകനുവേണ്ടി ഡ്യൂപ്പിട്ട് ആ രംഗം തകര്‍ത്തഭിനയിച്ച പുലികേശി മദിരാശിയിലെ ജനറല്‍ ഹോസ്പിറ്റലില്‍ മരണവുമായി മല്ലിടുകയായിരുന്നു. പുലികേശിയിലൂടെ പ്രേക്ഷകരുടെ കൈയടി മുഴുവന്‍ വാങ്ങിയ ആനന്ദന് തനിക്കുവേണ്ടി അപകടത്തില്‍പ്പെട്ട പുലികേശിയെ തിരിഞ്ഞുനോക്കാന്‍പോലും തയ്യാറായില്ല. ബോധംവരുമ്പോഴെല്ലാം പുലികേശി ചോദിച്ചുകൊണ്ടിരുന്നു: ‘നമ്മുടെ പടം എങ്ങനെയുണ്ട്?’
ത്യാഗരാജന് പുലികേശിയുടെ ചെവിയില്‍ പറഞ്ഞു: ‘ആശാനേ… കാട്ടുമല്ലിക വലിയ വിജയമായി മാറുമെന്നാണ് കേള്‍ക്കുന്നത്.’
പുലികേശി സെറ്റിൽ പുലിക്കൊപ്പം. ത്യാഗരാജന്റെ പൂജാമുറിയിലെ ചിത്രം
സഹിക്കാനാവാത്ത വേദനയ്ക്കിടയിലും പുലികേശി ചിരിക്കാന്‍ ശ്രമിച്ചു. ആ സമയം കന്യാകുമാരിയിലെ മുട്ടത്തിനടുത്ത് പ്രിയതമയുടെ ഷൂട്ടിങ് നടക്കുകയാണ്. ഒരുച്ച നേരത്ത് സുബ്രഹ്മണ്യം മുതലാളിയുടെ ഓഫീസില്‍നിന്ന് ഒരാള്‍ ഹോസ്പിറ്റലിലേക്ക് വന്നു. പുലികേശി നല്ല ഉറക്കത്തിലായിരുന്നു. അദ്ദേഹത്തെ വിളിച്ചുണര്‍ത്തി. ‘പ്രിയതമയില്‍ നസീര്‍ സാറിന് ഡ്യൂപ്പിടാന്‍ ത്യാഗരാജനെ അയയ്ക്കണമെന്ന് മുതലാളി പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് മുട്ടത്തെത്തണം.’ ഒറ്റശ്വാസത്തിന് ഇതുംപറഞ്ഞ് ഓഫീസില്‍നിന്നും വന്ന ആള് പുറത്തേക്കു പോയി.
ഓപ്പറേഷന് കഴിഞ്ഞു കിടക്കുന്ന അവസ്ഥയില്‍ പുലികേശി പറഞ്ഞു: ‘ത്യാഗരാജന് പോവണം, ഫൈറ്റര്‍ രാമകൃഷ്ണനേയും ഒപ്പം കൂട്ടിക്കോളൂ.’
‘ആശാനെ ഈ അവസ്ഥയില്‍ വിട്ടിട്ട് ഞാന്‍ പോകണമെന്നോ?’
ത്യാഗരാജന്റെ ചോദ്യത്തിന് പുലികേശിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘നമ്മള് പോയില്ലെങ്കില്‍ ആ ഗ്യാപ്പിലേക്ക് മറ്റാരെങ്കിലും കയറും. അതുകൊണ്ട് ത്യാഗരാജന് പോയേ പറ്റൂ. എന്റെ കാര്യം നോക്കേണ്ട.’
ഗ്രൂപ്പിലുണ്ടായിരുന്ന അഞ്ചുപേരെ പുലികേശിയുടെ കാര്യം നോക്കാന്‍ ചുമതലപ്പെടുത്തിയ ശേഷമാണ് ത്യാഗരാജനും രാമകൃഷ്ണനും കന്യാകുമാരിയിലേക്ക് പോയത്. പുലികേശിയില്ലാതെ ഷൂട്ടിങ് സെറ്റിലേക്കുള്ള ത്യാഗരാജന്റെ ആദ്യ യാത്രകൂടിയായിരുന്നു അത്.
പ്രിയതമയുടെ ഫൈറ്റ് മാസ്റ്ററായി ജോലി ചെയ്യുമ്പോള്‍ ത്യാഗരാജന് ഇരുപത്തിനാലു വയസ്സാണ്. ഒരു പുതിയ അനുഭവം തന്നെയായിരുന്നു ആ സിനിമ. വളരെ വ്യത്യസ്തമായി ആ ചിത്രത്തില്‍ സ്റ്റണ്ട് ചെയ്യണമെന്ന് തോന്നിയെങ്കിലും സുബ്രഹ്മണ്യം മുതലാളിയോട് അത് പറയാനുള്ള ധൈര്യം ത്യാഗരാജന് ഉണ്ടായിരുന്നില്ല. പ്രിയതമയുടെ ക്യാമറാമാന് ഇ.എന്‍.സി. നായരായിരുന്നു. മായാവിയിലും കറുത്തകൈയിലും വര്‍ക്ക് ചെയ്യുന്ന കാലത്ത് അദ്ദേഹത്തെ ത്യാഗരാജന് പരിചയമുണ്ട്. വ്യത്യസ്ത ആംഗിളുകളില്‍ ഫൈറ്റ് ചിത്രീകരിക്കാനുള്ള ത്യാഗരാജന്റെ ആഗ്രഹം ഇ.എന്‍.സി. നായരോട് പറഞ്ഞെങ്കിലും മുതലാളിയോട് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുമുണ്ടായില്ല. ഷൂട്ട് ചെയ്യുമ്പോള്‍ ത്യാഗരാജന് ഇ.എന്‍.സിക്കൊപ്പം നിന്ന്, ചില കാര്യങ്ങള്‍ അദ്ദേഹത്തിനോട് സ്വകാര്യമായി പറയുന്നത് സുബ്രഹ്മണ്യം മുതലാളി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘എന്താണ് ഇ.എന്‍.സി. ആ പയ്യന് പറയുന്നത്? കുറേ നേരമായല്ലോ!’
മുതലാളി അങ്ങനെ ചോദിച്ചപ്പോള്‍ ത്യാഗരാജന് തന്നെ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു. പ്രേംനസീറും ശാന്തിയുമാണ് പ്രിയതമയിലെ നായികാനായകന്മാര്. ടി.കെ. ബാലചന്ദ്രന് വില്ലനും. വില്ലന്റെ കൈയില്‍നിന്ന് നായികയെ പ്രേംനസീറിന്റെ ഡ്യൂപ്പായ ത്യാഗരാജന് ചാടിപ്പിടിക്കണം. അതാണ് സീന്‍. താഴെയും മുകളിലും ക്യാമറ വെച്ച് രംഗം ചിത്രീകരിച്ചാല്‍ അതിനൊരു പുതുമയുണ്ടായിരിക്കും. ത്യാഗരാജനിത് പറഞ്ഞപ്പോള്‍, ‘അങ്ങനെ ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്തോളൂ, വളരെ നന്നായിരിക്കും’ എന്നായിരുന്നു മുതലാളിയുടെ മറുപടി. ത്യാഗരാജന് തന്റെ ഇഷ്ടപ്രകാരം ഫൈറ്റ് ചിത്രീകരിക്കുവാനുള്ള സ്വാതന്ത്ര്യം ആദ്യം നല്‍കുന്നത് സുബ്രഹ്മണ്യം മുതലാളിയാണ്. നസീറിനു വേണ്ടി ത്യാഗരാജനും ബാലചന്ദ്രനു വേണ്ടി രാമകൃഷ്ണനും ഡ്യൂപ്പിട്ടു. സ്റ്റണ്ട് ചിത്രീകരിച്ചുകൊണ്ടിരിക്കെ ത്യാഗരാജന്റെ ഇടതുകൈക്ക് പരിക്കേറ്റു. നായികയെ തട്ടിക്കൊണ്ടുപോകുന്ന വില്ലന്റെ നേരെ ചാടിവീണതാണ്. കൈമുട്ടിനുതാഴെ തൊലി ഉരഞ്ഞുപോയി. ചെറിയ മുറിവായിരുന്നെങ്കിലും കുറെ ചോര പോയി. സിനിമയ്ക്കുവേണ്ടി ത്യാഗരാജന്റെ ശരീരത്തില്‍നിന്നും വീണ ചോരയുടെ ചരിത്രംകൂടിയാണ് അവിടെ ആരംഭിച്ചത്. ആ ഫൈറ്റ് പൂര്‍ണമായും ചിത്രീകരിക്കുന്നതുവരെ ത്യാഗരാജന് വിശ്രമിച്ചില്ല. മുറിവേറ്റ കൈയുമായി ഫൈറ്റ് ചെയ്തുകൊണ്ടിരുന്നു. ഷൂട്ടിങ് രണ്ടാഴ്ചയോളം നീണ്ടു. പുലികേശിയുടെ ആരോഗ്യസ്ഥിതി ദിവസംതോറും വഷളായിവരുന്ന വിവരമെല്ലാം മുതലാളി വഴി സെറ്റിലറിഞ്ഞുകൊണ്ടിരുന്നു. 1966 സെപ്റ്റംബര്‍ 16ന് പ്രിയതമയുടെ ചിത്രീകരണം പൂര്‍ത്തിയായ ദിവസമാണ് മദിരാശിയില്‍നിന്നും സുബ്രഹ്മണ്യം മുതലാളിയുടെ ഓഫീസിലേക്ക് ഫോണ്‍ വന്നത്. പുലികേശി മരിച്ചു.
വാര്‍ത്ത കേട്ട് ഷൂട്ടിങ് സെറ്റാകെ തകര്‍ന്നുപോയി. വ്യക്തിപരമായി സാധാരണക്കാരായ മനുഷ്യരോട് വലിയ സ്നേഹബന്ധം പുലര്‍ത്തിയ ആളായിരുന്നു പുലികേശി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണം സെറ്റിലെ പാചകക്കാരനും ലൈറ്റ് ബോയിയുമടക്കമുള്ളവരുടെ ഹൃദയവേദനയായി മാറി. പുലികേശി മരിച്ച വിവരം ത്യാഗരാജനോടു പറയാന്‍ എല്ലാവര്ക്കും വിഷമമായിരുന്നു. ഒടുവില്‍ മുതലാളിയുടെ മകന് ചന്ദ്രന് തന്നെ അതു പറഞ്ഞു: ‘ത്യാഗരാജന്, നിന്റെ ആശാന് മരിച്ചുപോയി.’
സിനിമയെന്ന മോഹവലയത്തില്‍പ്പെട്ട് മണ്ണായിപ്പോകുമായിരുന്ന തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന ആശാന് ഇനിയില്ലെന്ന സത്യവുമായി പൊരുത്തപ്പെടാന്‍ ത്യാഗരാജനായില്ല. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ത്യാഗരാജന് പൊട്ടിക്കരഞ്ഞു. അന്നുച്ചയോടെ സെറ്റിലേക്ക് കടന്നുവന്ന സുബ്രഹ്മണ്യം മുതലാളി പറഞ്ഞു: ‘കര്‍മ്മങ്ങള്‍ ചെയ്യാന്‍ ത്യാഗരാജന് പോകണം.’
മദിരാശിയിലേക്ക് ത്യാഗരാജനു വേണ്ടി ഫ്ളൈറ്റ് ടിക്കറ്റ് മുതലാളി റിസര്‍വ് ചെയ്തിരുന്നു. പോകാന്നേരം പത്തിന്റെ കുറച്ചു നോട്ടുകള്‍ മുതലാളി ത്യാഗരാജന്റെ കൈയില്‍ കൊടുത്തു.
‘പ്രിയതമയില്‍ സ്റ്റണ്ട് മാസ്റ്ററായി ജോലി ചെയ്തതിനുള്ള പ്രതിഫലമാണ്. വൈകണ്ട, ത്യാഗരാജന് പൊയ്ക്കോളൂ.’
ഫൈറ്റ് മാസ്റ്റര്‍ എന്ന നിലയില്‍ സിനിമയില്‍നിന്ന് ആദ്യം ലഭിച്ച പ്രതിഫലം സുബ്രഹ്മണ്യം മുതലാളിയുടെ കൈയില്‍നിന്ന് കണ്ണീരോടെ സ്വീകരിക്കുമ്പോള്‍ ത്യാഗരാജന്റെ മനസ്സില്‍ നിറഞ്ഞുനിന്നത് പുലികേശിയുടെ മുഖം മാത്രമായിരുന്നു. ഗുരുവിന്റെ മരണദിവസംതന്നെ ആ തുക ഏറ്റുവാങ്ങേണ്ടി വന്നതും ഒരു നിയോഗമാവാം.
ഉച്ചയ്ക്കുള്ള മദിരാശി ഫ്ളൈറ്റ് ത്യാഗരാജനെയുംകൊണ്ട് ഉയര്‍ന്നുപൊങ്ങി. ആദ്യത്തെ വിമാനയാത്രയും ഗുരുവിനു വേണ്ടിയായത് യാദൃച്ഛികം. എപ്പോഴോ മനസ്സില്‍ തോന്നിയ ഒരാഗ്രഹമായിരുന്നു സിനിമയില്‍ സ്റ്റണ്ടുമാസ്റ്ററായാല് ലഭിക്കുന്ന ആദ്യത്തെ പ്രതിഫലംകൊണ്ട് വടിവേല്‍ മേസ്തിരിക്കും കൃഷ്ണന്‍നായര്‍ക്കും പുലികേശിക്കും കോടിമുണ്ട് വാങ്ങിച്ചുകൊടുത്ത് അവരുടെ പാദം തൊട്ട് നമസ്കരിക്കണമെന്നത്. അതിലൊരാളാണ് ഇപ്പോഴില്ലാതായത്. കണ്ണീരോടെ ത്യാഗരാജന് പോക്കറ്റില്‍നിന്ന് മുതലാളി കൊടുത്ത പത്തിന്റെ പുത്തന്‍ നോട്ടുകളെടുത്ത് എണ്ണിനോക്കി. മുപ്പതെണ്ണം. പ്രിയതമയില്‍ ജോലി ചെയ്തതിനു കിട്ടിയ മുന്നൂറു രൂപ; അഥവാ, സിനിമയിലെ നായകനുവേണ്ടി പരുക്കന്‍ ഭൂമിയില്‍ ചോരചിന്തിയതിനു ലഭിച്ച ആദ്യത്തെ കൂലി. അപ്പോഴും സംഘട്ടനത്തിനിടയില്‍ ഇടതുകൈക്കു പറ്റിയ മുറിവിന്റെ നീറ്റല്‍ മാറിയിട്ടില്ലായിരുന്നു.
വൈകീട്ട് നാലരയോടെ മദിരാശി ഫ്ളൈറ്റ് റണ്‍വേയിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ ജനറല്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിക്കു മുമ്പില്‍ ഫൈറ്റര്‍ രാമനും എസ്. ശശിയും എം.കെ. സ്വാമിയും ഭാസ്കരനും വേലുവും പാപ്പിയുമെല്ലാം ത്യാഗരാജന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പുലികേശിയുടെ മരണത്തിന് ഒരാഴ്ച മുമ്പ് തമിഴ്നാട്ടിലുണ്ടായ മദ്യദുരന്തം ഒട്ടേറെ പേരുടെ ജീവനെടുത്തിരുന്നു. തിരിച്ചറിയാത്ത പല മൃതദേഹങ്ങളും മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പുറത്തെടുക്കാന്‍ ചില കടമ്പകള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. മദ്യദുരന്തത്തിന്റെ സാഹചര്യത്തില്‍ പുലികേശിയുടെ മൃതദേഹം മോര്‍ച്ചറിയില്‍നിന്ന് പെട്ടെന്ന് പുറത്തേക്ക് കൊണ്ടുവരണമെങ്കില്‍ കാണേണ്ടവരെ കാണേണ്ടരീതിയില്‍ കാണുകതന്നെ വേണം. ആദ്യത്തെ പ്രതിഫലമായ മുന്നൂറു രൂപ ത്യാഗരാജന്റെ കൈയിലുണ്ട്. അതില്‍നിന്ന് എണ്പതു രൂപ മൂന്നിടങ്ങളിലായി ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട താമസം, മോര്‍ച്ചറിയുടെ വാതില്‍ തുറന്നു. പുറത്തേക്ക് കൊണ്ടുവന്ന മഞ്ഞത്തുണിയില്‍ ചുറ്റിയ പുലികേശിയുടെ മൃതദേഹത്തിലേക്ക് അധികനേരം നോക്കിനില്‍ക്കാനാവുമായിരുന്നില്ല. കരുത്തനായ ആ ഫൈറ്റ് മാസ്റ്ററുടെ മുഖം അപ്പാടെ മാറിപ്പോയിരുന്നു. വലിയ വലിയ നടന്മാര്ക്ക് സ്റ്റണ്ടുരംഗങ്ങളില്‍ പകരക്കാരനായിരുന്ന തന്റെ ഗുരുവിന്റെ ചലനമറ്റ ശരീരത്തിനുമുമ്പില്‍ കൂപ്പുകൈകളോടെ ത്യാഗരാജന് നിന്നു.
നല്ല ചികിത്സ കിട്ടിയിരുന്നെങ്കില്‍ പുലികേശി രക്ഷപ്പെടുമായിരുന്നുവെന്ന് പലരും പറയുന്നത് ത്യാഗരാജന് കേള്‍ക്കേണ്ടിവന്നു. പക്ഷേ, അതിനുള്ള പണം പുലികേശിയുടെ കൈയിലില്ലായിരുന്നു. ആശുപത്രിച്ചെലവുകള്തന്നെ നടന്നുപോയത് സുബ്രഹ്മണ്യം മുതലാളിയെക്കൊണ്ടു മാത്രമാണെന്നും ത്യാഗരാജന് അറിയാമായിരുന്നു. മൃതദേഹം എങ്ങോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിലും സംശയമായി. പുലികേശിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ല. കുടുംബാംഗങ്ങളോ സ്വത്തുക്കളോ ഒന്നുമില്ലാത്ത സിനിമാപ്രവര്‍ത്തകര്‍ ആരെങ്കിലും മരണപ്പെടുമ്പോള്‍ അവരെ സംസ്കരിക്കാനായി കൊണ്ടുപോയിരുന്നത് എ.വി.എം. സ്റ്റുഡിയോയുടെ പിറകിലുള്ള ഒഴിഞ്ഞ സ്ഥലത്തേക്കാണ്. അന്ത്യനിദ്രയ്ക്കുള്ള പുലികേശിയുടെ ഇടവും അവിടെത്തന്നെ കാണേണ്ടിവന്നു. ശവസംസ്കാരത്തിനുള്ള പണമെല്ലാം താന്‍ നല്‍കാമെന്ന് ആശുപത്രിയിലെത്തിയ വിട്ലാചാര്യര്‍ പറഞ്ഞു.
മരണാനന്തരകര്‍മ്മങ്ങള്‍ ത്യാഗരാജന് ചെയ്യണമെന്ന് പലരും പറഞ്ഞെങ്കിലും അതിന് അവകാശമുള്ള ഒരാള്‍ മദിരാശിയിലുണ്ടായിരുന്നു. പുലികേശിക്ക് കുടുംബാംഗങ്ങളോ ബന്ധുക്കളോ ഉള്ളതായി ആര്‍ക്കുമറിയില്ല. പക്ഷേ, മദിരാശിയില്‍ മുനിയമ്മാള് എന്ന ഒരു സ്ത്രീയുമായി പുലികേശിക്ക് അടുപ്പമുണ്ടായിരുന്നു. അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയി തുടങ്ങിയ ആ ബന്ധം വളര്‍ന്നു. അതില്‍ ഒരു മകനുമുണ്ടായി, മുരുകന്. ത്യാഗരാജനോടു മാത്രം പുലികേശി തുറന്നുപറഞ്ഞ സത്യം. പുലികേശിയെ അവസാനമായി കാണാന്‍ മുനിയമ്മാളിനെയും മുരുകനെയും ത്യാഗരാജന് കൂട്ടിക്കൊണ്ടുവന്നു. എ.വി.എം. സ്റ്റുഡിയോയുടെ പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് പുലികേശിക്ക് ചിതയൊരുക്കി. മകനായി പിറന്നിട്ടും മകനായി ജീവിക്കാന്‍ കഴിയാതെപോയ ആറുവയസ്സുള്ള മുരുകന് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയപ്പോള്‍ അതിന് സാക്ഷികളായത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അപ്പോഴും സ്റ്റുഡിയോയുടെ മുറ്റത്ത് വിലപിടിപ്പുള്ള കാറുകളില്‍ നടീനടന്മാര് വന്നിറങ്ങിക്കൊണ്ടിരുന്നു. പക്ഷേ, അവരാരും പുലികേശിയെ ഓര്‍ത്തില്ല. അല്ലെങ്കില്‍ത്തന്നെ അവരെന്തിന് ഓര്‍ക്കണം? ഒരു പുലികേശി പോയാല്‍ മറ്റൊരു പുലികേശി വരും. തിയേറ്ററുകളില്‍ തങ്ങള്‍ക്ക് നിലയ്ക്കാത്ത കൈയടി വാങ്ങിത്തന്ന പുലികേശി എന്ന സാഹസികനായ മനുഷ്യന്റെ ശരീരം സ്റ്റുഡിയോ വളപ്പിന്റെ ആരവങ്ങളില്ലാത്ത മൂലയില്‍ കത്തിയമരുകയാണെന്ന് മുഖത്ത് ചായം തേച്ചുകൊണ്ടിരുന്ന നടന്മാര് ആരും അറിഞ്ഞിട്ടുണ്ടാകില്ല. അറിഞ്ഞിരുന്നെങ്കില്‍ത്തന്നെ ഒരു നിമിഷം പോലും അതിനെപ്പറ്റി ചിന്തിച്ചിട്ടുമുണ്ടാവില്ല. അങ്ങനെ, സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കുവേണ്ടി ജീവന് പണയപ്പെടുത്തി അഭിനയിച്ച് ഒടുവില്‍ രക്തസാക്ഷിയായി മാറേണ്ടിവന്ന ആദ്യ ഫൈറ്റ് മാസ്റ്ററുടെ ശരീരം അധികമാരാലും അറിയപ്പെടാതെ എ.വി.എമ്മിന്റെ പിന്നാമ്പുറത്ത് എരിഞ്ഞടങ്ങി.
(തുടരും…..)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]