
‘എന്റെ ജീവിതത്തിലെ സ്ത്രീ’ അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം…ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ.
ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്.
വിലാസം: [email protected] അച്ഛന് മരിക്കുന്നത് വരെ എന്റെ ബെസ്റ്റ് ഫ്രണ്ട് അച്ഛന് തന്നെയായിരുന്നു. അതിനാലാവണം, ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളുടെ എണ്ണം തീരെ കുറവായിരുന്നു.
ഇടയ്ക്ക് വന്നു പോകുന്ന സുഹൃത്തുക്കള്‍. അവരുടെ ഘോഷയാത്ര.
അത്ര മാത്രമായിരുന്നു പെണ്‍സൗഹൃദങ്ങളുടെ ബാലന്‍സ് ഷീറ്റ്. ഓര്‍ല എനിക്ക് അങ്ങനെ ഒരു ചട്ടപ്പടി അടുപ്പമായിരുന്നില്ല. അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വെച്ചാണ് ഓര്‍ലയെ പരിചയപ്പെട്ടത്.
രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമാണ്. ആദ്യമാസങ്ങളാണ്.
പറയത്തക്ക ബുദ്ധിമുട്ടുകളൊന്നുമില്ല. എന്നാലും ഗര്‍ഭിണി എന്ന നിലയില്‍ സഹപ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് കിട്ടാവുന്ന സഹായമൊക്കെ ഉണ്ട്.
അത് ഞങ്ങള്‍ക്കിടയില്‍ സാധാരണമായ ഒരു കെയറിങ് ആണ്. അയര്‍ലന്‍ഡിലെ ശാന്തമായി ഒഴുകുന്ന നദിയുടെ പേരാണ് വാര്‍ഡിന്.
പക്ഷെ അത്ര ശാന്തയല്ല വാര്‍ഡ് (ഓരോളത്തിന് പറഞ്ഞതാണ്, ശാന്തമല്ല എന്ന് വായിച്ചാല്‍ മതി ). ഇറങ്ങി ഓടിയാലോ എന്ന് തോന്നിപ്പിക്കുന്ന തിരക്ക്.
കൂടെയുള്ളത് ഒരു ജൂനിയര്‍ സ്റ്റാഫ്. പിന്നെ ഓര്ലയും.
അവള് നഴ്സിങ് സഹായി ആണ്. വാര്‍ഡില്‍ പല ജോലികളും രണ്ട് പേര് ചേര്‍ന്ന് ചെയ്യേണ്ടതാണ്.
പക്ഷെ പലപ്പോഴും ഈ രണ്ട് പേര് ഒരാള്‍ തന്നെയായിരിക്കും. കാരണം സ്റ്റാഫ് ഷോര്‍ട്ടേജ്.
മാലാഖമാരുടെ നടു വേഗം പോകുന്നതിന്റെയും ജോലിക്കിടെ മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരുമ്പോള്‍ മാലാഖമാര്‍ ചീത്ത വിളിക്കുന്നതിനും ഇതൊക്കെ ഒരു കാരണമാണ്. എന്തായാലും അന്നത്തെ ദിവസം ഒരു കൊക്കളം ദിവസമായിരുന്നു.
കുളം അല്ല കൊക്കളം. വൈകിട്ടത്തെ ഹാന്‍ഡ് ഓവര്‍ തുടങ്ങാറായി. അപ്പോഴാണ് ഒരു ഒരു രോഗിയുടെ അടുത്ത് നില്ക്കുന്ന ഓര്‍ല സഹായത്തിനു വിളിക്കുന്നത്.
വെറുതെ, കൂടെയുള്ള സഹപ്രവര്‍ത്തകയെ നോക്കി. കുറേ പേപ്പറുകള്‍ മാത്രമേ കാണുന്നുള്ളൂ അതിനിടയില്‍ ആ നഴ്സുമുണ്ട്.
അഡ്മിഷന് പേപ്പര്‍ എല്ലാം ഫില്‍ ചെയ്തു കഴിയുമ്പോള്‍ ഒരു അസൈന്മെന്റ് എഴുതിക്കഴിയുന്ന ഫീല്‍ ആണ്. എന്തിനാണ് ഇത്രയും അസൈന്മെന്റ് പഠിക്കുന്ന കാലത്ത് എഴുതുന്നതെന്ന് നഴ്സിങ് വിദ്യാര്‍ഥികള്‍ ചോദിക്കാറുണ്ട്.
ഇതാണ് അതിന്റെ ഉത്തരം! ‘ചേച്ചി ഞാന്‍ പോകാം’- എന്ന് പറഞ്ഞു.
ആ കുഞ്ഞ് പോകില്ലെന്ന് ഉറപ്പായി. എന്തായാലും ചെന്നു.
ഒരു ചൊറിച്ചില്‍ അപ്പച്ചന് ഓര്‍ലയെ ഇട്ടു വട്ടം കറക്കുവാണ്. അവളോട് ദേഷ്യപ്പെട്ടിട്ടോ അവള് വിളിച്ചതിനു പരാതി പറഞ്ഞിട്ടോ കാര്യമില്ലെന്നു മനസ്സിലായി.
പിന്നെ അഞ്ച് മിനിറ്റ് നേരത്തേക്ക് സ്നേഹം, ക്ഷമ ഇതൊക്കെ മാറ്റി വെച്ചു അപ്പച്ചനെ ഡീല്‍ ചെയ്തു. ഇപ്പോള്‍ എല്ലാരും ഹാപ്പി.
8.15 -നു വീട്ടില്‍ പോകേണ്ട ഞാന്‍ 9 മണി ആയപ്പോള്‍ വാര്‍ഡിന് പുറത്തേയ്ക്ക്.
ബ്രെക്ക് റൂമിനു പുറത്ത് ഓര്‍ല നില്ക്കുന്നു. എന്നെ കാത്ത് നില്‍ക്കുകയാണെന്ന് മനസ്സിലായി.
വീട്ടില്‍ കൊണ്ട് വിടാമെന്ന് വാഗ്ദാനം. ശരിക്കു പറഞ്ഞാല്‍ അപാര്ട്മെന്റിലേക്ക് 10 മിനിറ്റ് ദൂരമില്ല.
പക്ഷെ അയര്‍ലന്‍ഡിലെ ശത്രു കാലാവസ്ഥയാണ്, ദൂരമല്ല. അതിനാല്‍, ലിഫ്റ്റ് സ്വീകരിച്ചു.
അന്നാണ് ഓര്ലയോട് ആദ്യമായി സംസാരിക്കുന്നത്. ആദ്യമേ മനസ്സിലായി ഇത് നമ്മുടെ ട്രൈബ് ആണെന്ന്.
യാത്ര, സിനിമ, ഫുഡ് -ഇഷ്ടങ്ങളൊക്കെ ഏകദേശം സെയിം. ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു.
ഓര്‍ലയെ എന്ത് കൊണ്ടാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ സുഹൃത്ത് ആയതുകൊണ്ട് മാത്രമല്ല. അവളൊരു പീപ്പിള്‍ പേഴ്സന്‍ ആണ്.
മനുഷ്യരോട് സംസാരിക്കാന്‍ ഇഷ്ടമുള്ള, അവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ഒരാള്‍. ഫോണ്‍ കോളുകളിലൂടെയല്ല ഞങ്ങളുടെ സൗഹൃദം.
നേരിട്ടുള്ള കാഴ്ച്ചയിലൂടെയാണ്. നേരിട്ട് കണ്ടു ഒരു കോഫി കുടിക്കുന്ന സമയമാണ് നമ്മുടെ സ്ട്രെസ് എല്ലാം പറഞ്ഞു തീര്‍ക്കുന്നത്. ഒരു ഐറിഷ് ഫാമിലി എന്താണെന്നു ഇപ്പോള്‍ എനിക്ക് നന്നായി അറിയാം.
കുടുബബന്ധങ്ങള്ക്ക് വില കൊടുക്കുന്ന, കുട്ടികളെ നന്നായി നോക്കുന്ന അവരെ പലപ്പോഴും നമ്മള് അങ്ങിനെയല്ല കാണുന്നത്. അടുത്ത മാസം കാല് വയ്യാതെ വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളുടെ കൂടെ ട്രിപ്പ് പോവുകയാണ് അവള്.
അവരുടെ ഹെല്പ് ആയി. മണിക്കൂറുകള്‍ക്ക് വില ഇടുന്ന യൂറോപ്യന്‍ ജോലി സംസ്കാരത്തില്‍ നിന്നാണ് ഇത് ചെയ്യുന്നത്.
അതും അവളുടെ ലീവ് യൂസ് ചെയ്തിട്ട്. എനിക്ക് സങ്കടം വരുന്നു എന്ന് പറയുമ്പോള്‍ ഒന്നും പറയാതെ ഫോണ്‍ വെക്കും.
പക്ഷെ എനിക്കറിയാം 20 മിനിറ്റിനുള്ളില്‍ അവളുടെ കാര്‍ എന്റെ അപാര്‍ട്മെന്റിനു താഴെ വരുമെന്ന്. എപ്പോഴും സൗഹൃദം പൂര്‍ണ്ണമാകുന്നത് യാത്രയിലൂടെയാണ്.
ഒരു ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാനുള്ള ഓര്‍മ്മകള്‍ തന്ന യാത്രകളുണ്ട്. ആംസ്റ്റര്‍ഡാം, പോളണ്ട്, മൊറോക്കോ എന്നിവിടങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്ര അവിസ്മരണീയമാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലും ‘ഐ നീഡ് എ ഹഗ്’ എന്ന് പറഞ്ഞത് മാത്രമേ ഓര്‍മ്മയുള്ളു പിന്നെ ഇമോഷണല്‍ ആയി നമ്മളെ സെറ്റില്ചെയ്യാതെ അവള് വിശ്രമിക്കില്ല.
ഞാന്‍ നിന്റെ നാട്ടില്‍ വരുന്നുവെന്നു പറഞ്ഞപ്പോള്‍ തമാശ ആണെന്ന് മാത്രമേ വിചാരിച്ചുള്ളൂ ആദ്യം എന്നാല്‍ പ്ലാന്‍ പോലും അറിയാതെ, ‘ഞാന്‍ ടിക്കറ്റ് എടുത്തു, ദാ വരുന്നു’ എന്ന് പറഞ്ഞു ഒറ്റ വരവായിരുന്നു. കൊച്ചിയില്‍ 11 മണിക്ക് ഇറങ്ങിയ അവളെയും കൊണ്ട് വെളുപ്പിന് രണ്ട് മണിക്ക് ഞാന്‍ ഒറ്റ പോക്കായിരുന്നു കണ്ണൂര്‍ക്ക്.
പിന്നെ രണ്ട് ആഴ്ച അവള് കേരളത്തെ അറിഞ്ഞു. കണ്ണൂരിലെ മുത്തപ്പന് കൊടുത്ത പൂക്കള്‍ ഇപ്പോഴും ഒരു ബോക്സില്‍ അവള് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
വല്യ പരാതികള്‍ ഇല്ലാത്ത മനുഷ്യര്‍ ഒരു ഭാഗ്യമാണ് എല്ലാ അര്‍ത്ഥത്തിലും. ഓര്ലയ്ക്ക് അയര്‍ലന്‍ഡിലെ ചരിത്രവുമായി ഒരു ബന്ധമുണ്ട്.
Magdalene laundry അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ ഒരേടാണ്. തന്റെ ഗ്രാന്‍ഡ് ഫാദര്‍ അവിടുന്നുള്ളതാണെന്ന് അറിഞ്ഞിട്ട് ഫോസ്റ്റര്‍ ഫാമിലിയെ കണ്ടു പിടിക്കാന്‍ അവള് നടത്തിയ യാത്രകള്‍ കേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്.
അയര്‍ലന്‍ഡിലെ തീവ്രരാഷ്ട്രീയ സംഘടന ആയ ഐ ആര് എ യുടെ (ഐറിഷ് റിപ്പബ്ലിക് ആര്‍മി) സ്ലീപ്പിങ് സെല്‍സില്‍ വരെ അവള് കേറിയിറങ്ങി. ഒരു രാത്രിയില്‍ അഭയം കൊടുത്ത കുടുംബവുമായി ഇപ്പോഴും ബന്ധം തുടരുന്ന ഐ.ആര്.എ നേതാവുണ്ടെന്നുള്ളത് ഒരു ചെറിയ രഹസ്യം.
അവളുടെ അന്വേഷണങ്ങള്‍ക്കിടയില്‍ സംഭവിച്ച ചെറിയൊരു ബോണസ് ആണത്. ആരാണ് നമ്മളെ സ്വാധീനിക്കേണ്ടത്? മനുഷ്യരെ തൊടുന്ന മനുഷ്യര്‍ തന്നെയല്ലേ?
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]