
മലയാളത്തിലെ ആദ്യ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന ടാഗ് ലൈൻ തന്നെയായിരുന്നു വടക്കന് വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ. ഒരുപാട് വ്യത്യസ്തതകളോടെ ആണ് സജീദ് എ സംവിധാനം ചെയ്ത വടക്കൻ പ്രദർശനത്തിന് എത്തിയതും.
ഒരു റിയാലിറ്റി ഷോ ചിത്രീകരണത്തിനിടയിൽ ദുരൂഹ സാഹചര്യത്തിൽ ചിലർ കൊല്ലപ്പെടുന്നു. എന്നാൽ അത് വെറും മരണങ്ങൾ അല്ലെന്ന് പതിയെ അന്വേഷണോദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നു. പിന്നാലെ തുടരന്വേഷണത്തിനായി ഹെൽസിങ്കിയിൽ നിന്ന് ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ എത്തുന്നു. തുടർന്ന് നടക്കുന്ന അതിനാടകീയമായ സംഭവവികാസങ്ങളാണ് വടക്കൻ ചർച്ച ചെയ്യുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഓഡിയോ ട്രെയിലർ അവതരിപ്പിച്ചത് വടക്കൻ ആയിരുന്നു. അതിലൂടെ തന്നെ ചിത്രത്തിൽ ശബ്ദത്തിനുള്ള പ്രാധാന്യം വ്യക്തമായിരുന്നു. പ്രതീക്ഷ പോലെ തന്നെ ശബ്ദമാണ് വടക്കന്റെ ഹൈലൈറ്റ്. പാരാനോർമൽ-ഹൊറർ ഗണത്തിൽപെടുന്നത് കൊണ്ട് തന്നെ ഭ്രാന്തമായ ഭീതിദമായ ശബ്ദം വലിയ റോൾ വഹിക്കുന്നുണ്ട്. ആ ശബ്ദത്തിലൂടെ കാഴ്ച്ചക്കാരിൽ ഭയം ഉളവാക്കുന്നതിൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ച റസൂൽ പൂക്കുട്ടിക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന ഇൻഫ്രാസൗണ്ട് ടെക്നോളജിയാണ് വടക്കനിൽ റസൂൽ പൂക്കുട്ടി പരീക്ഷിച്ചത്.
എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ചിത്രത്തിന്റെ സിനിമാറ്റോഗ്രഫിയാണ്. മേരി കോം ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കേയ്ക നകുഹാര എന്ന ജാപ്പനീസ് സിനിമാറ്റോഗ്രാഫർ ആണ് വടക്കന്റെ അത്ഭുതപെടുത്തുന്ന ദൃശ്യങ്ങൾക്ക് പിന്നിൽ. ഇന്ത്യയിൽ ആദ്യമായി ഇൻഫ്ര റെഡ് ടെക്നോളജി ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് വടക്കൻ. റിയാലിറ്റി ഷോ സീനുകൾ ഒക്കെ ചിത്രീകരിച്ച രീതി അതിഗംഭീരമാണ്.
പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററായ രാമൻ പെരുമലയനായെത്തിയ കന്നഡ താരം കിഷോർ അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. മേഘ എന്ന കഥാപാത്രം അവതരിപ്പിച്ച ശ്രുതി മേനോൻ, അന്ന എന്ന കഥാപാത്രമായെത്തിയ മെറിൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചു. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗാർഗി, കലേഷ്, മീനാക്ഷി തുടങ്ങിയവരും കയ്യടി അർഹിക്കുന്നു.
എടുത്തു പറയേണ്ട മറ്റൊന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ചിത്രത്തിന്റെ ഭാവത്തിന് അനുസരിച്ച് ആ വലയത്തിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ ബിജിബാലിന്റെ സംഗീതത്തിന് കഴിഞ്ഞു. സാങ്കേതിക തികവ് കൊണ്ട് മികച്ചു നിൽക്കുന്ന വടക്കൻ പോലെയൊരു പരീക്ഷണം മലയാളത്തിൽ ഇതാദ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]