
തിരുവനന്തപുരം: കെഎസ്ഇബി വാഹനം തിരിക്കുന്നതിനിടെ കോർപ്പറേഷൻ റോഡ് ഇടിഞ്ഞ് താഴ്ന്നത് വാട്ടർ അതോറിറ്റി ജീവനക്കാർക്ക് അനുഗ്രഹമായി. ഇന്നലെ ഉച്ചയോടെ വഞ്ചിയൂർ സമദ് ആശുപത്രിക്ക് സമീപമായിരുന്നു റോഡ് ഇടിഞ്ഞ് താഴ്ന്ന് കെഎസ്ഇബി കരാർതൊഴിലാളികൾ സഞ്ചരിച്ച വാഹനം നടുറോഡിൽ കുടുങ്ങിയത്. അതേസമയം, വഞ്ചിയൂർ നെല്ലിപ്പള്ളി ലൈനിലെ ജലച്ചോർച്ച അന്വേഷിച്ച് ദിവസങ്ങളായ അലഞ്ഞിരുന്ന ജല അതോറിറ്റി ജീവനക്കാർ ഇതിനടുത്ത് കൂടി വന്നപ്പോഴാണ് വാഹനത്തിന്റെ ടയർ ഉൾപ്പടെ താഴ്ന്ന ഭാഗത്തിന് താഴെയായി വെള്ളം ഒഴുകുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെ വാഹനം സ്ഥലത്ത് നിന്നും ഉയർത്തി ജല അതോറിറ്റി ജീവനക്കാർ പണിയും ആരംഭിച്ചു. വാഹനം അപകടത്തിൽപ്പെട്ട ഭാഗത്ത് പൈപ്പ് പൊട്ടി റോഡിനടിയിലൂടെ വെള്ളം ചോർന്ന് ഒലിക്കുകയായിരുന്നു.
എന്നാൽ റോഡ് ഇടിഞ്ഞ് വീണതോടെയാണ് ഇത് കാണാനായത്. സമദ് ആശുപത്രി പരിസരത്ത് പോസ്റ്റ് സ്ഥാപിച്ച ശേഷം ജീവനക്കാരടങ്ങുന്ന സംഘം പാറ്റൂർ റോഡിലേക്ക് പോകുകയായിരുന്നു. ആശുപത്രിക്ക് മുന്നിലെ വളവിൽ വാഹനം തിരിയാൻ ബുദ്ധിമുട്ടിയതോടെ ഡ്രൈവർ വളരെ ശ്രദ്ധിച്ച് തിരിക്കുന്നതിനിടെ പെട്ടെന്ന് വാഹനത്തിന്റെ പുറകിലെ ടയറിൽ ഒരെണ്ണം നടുറോഡിലേക്ക് താഴ്ന്നുപോകുകയായിരുന്നു. ഇതോടെ വാഹനം ഇടത്തേക്ക് ചരിഞ്ഞു.
ടയർ പഞ്ചറായിരിക്കുമെന്ന് കരുതി വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്ത് ഇറങ്ങി പരിശോധിച്ചപ്പോഴാണ് റോഡ് ഇടിഞ്ഞ് താഴ്ന്നതാണെന്ന് മനസിലായത്. ഇടിഞ്ഞ ഭാഗത്തേക്ക് ടയറിന്റെ പകുതിയിലേറെ ആഴ്ന്ന് ഇറങ്ങി. ജാക്കിയും കട്ടയും ഉപയോഗിച്ച് വാഹനം ഉയർത്തിയതോടെയാണ് ഇടിഞ്ഞ ഭാഗത്ത് പൈപ്പ് ചോർച്ചയാണെന്ന് കണ്ടെത്തിയത്.
ഇതിനിടയിൽ ഇത് അന്വേഷിച്ച് രാവിലെ മുതൽ കറങ്ങി നടന്നിരുന്ന ജലഅതോറിറ്റി എമർജൻസി സർവീസും സ്ഥലത്ത് എത്തി. ഈ ഭാഗത്ത് ജലവിതരണത്തിൽ തടസമുണ്ടെന്ന് വ്യാപക പരാതികൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനായി എവിടെയാണ് തടസമെന്ന അന്വേഷിച്ച് നടന്ന ജലഅതോറിറ്റിക്ക് ഇടിഞ്ഞ് താഴ്ന്ന റോഡിലെ ചോർച്ച കണ്ടതോടെ സന്തോഷമായി. അടിയന്തരമായി അറ്റകുറ്റപണിയും ആരംഭിച്ചു.
ജാക്കിയും കട്ടയും ഉപയോഗിച്ച് ഉയർത്തിയ കെഎസ്ഇബി വാഹനം മടങ്ങിയതിന് പിന്നാലെയാണ് അറ്റകുറ്റപണി തുടങ്ങിയത്. ആശുപത്രിക്ക് മുന്നിലെ ചെറിയ റോഡ് മണിക്കൂറുകളോളം ബ്ലോക്കായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കെത്തിയ രോഗികളടക്കം കിലോമീറ്ററുകൾ കറങ്ങിയാണ് എത്തിയത്. ഇന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകുമെന്ന് ജലഅതോറിറ്റി ജീവനക്കാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]