
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. രോഹിത്തിന് കീഴില്‍ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയതോടെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്തിന്റെ പേരിലായത്. ഇതില്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലില്‍ തോറ്റു.
മുന്‍ നായകന് എം എസ് ധോണി ഇന്ത്യയ്ക്ക് ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ധോണിയുടെ കാലത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുണ്ടായിരുന്നില്ല. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ അഞ്ചാം ഫൈനലാണിത്. രണ്ട് തവണ ഇന്ത്യ ചാമ്പ്യൻമാരായി. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഒരു തവണ ശ്രീലങ്കക്കൊപ്പം സംയുക്ത ചാമ്പ്യൻമാരും 2013ല്‍ ധോണിക്ക് കീഴിലും. ഇന്നത്തെ വിജയത്തോടെ ദുബായില്‍ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ഒരുവേദിയില്‍ ഏറ്റവും കൂടുതല്‍ ഏകദിന വിജയം നേടുന്ന രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
സച്ചിന്റെ ആ റെക്കോര്‍ഡും തകര്‍ത്ത് വിരാട് കോലി, സ്വന്തമാക്കിയത് അപൂര്‍വനേട്ടം
ദുബായില്‍ കളിച്ച 10 മത്സരങ്ങളില്‍ ഇന്ത്യയുടെ ഒമ്പതാം ജയമാണിത്. ഒരു മത്സരം ടൈ ആയി. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയാല്‍ ഡുനെഡിനില്‍ 10 ജയം നേടിയ ന്യൂസിലന്‍ഡിന്റെ റെക്കോര്‍ഡിനൊപ്പമെത്താൻ ഇന്ത്യക്കാവും. ചാമ്പ്യൻസ് ട്രോഫി നോക്കൗട്ടില്‍ മൂന്ന് തവണ നേര്‍ക്കു നേര് വന്നപ്പോഴും ഓസ്ട്രേലിയക്കെതിരെ വിജയം അടിച്ചെടുക്കാന്‍ ഇന്ത്യക്കായി. 1998ലും 2000ലും ക്വാര്‍ട്ടറിലും ഇപ്പോള്‍ സെമിയിലും. ഇന്ത്യ പിന്തുടര്ന്ന് ജയിച്ച 265 റണ്‍സ് ചാമ്പ്യൻസ് ട്രോഫി നോക്കൗട്ടിലെ ഉയര്‍ന്ന നാലാമത്തെ റണ്‍ ചേസും ഐസിസി ഏകദിന നോക്കൗട്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ ഒരു ടീം പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണ്. 2011ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ 261 റണ്‍സ് പിന്തുടര്ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന റണ്‍ചേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]