
മത്സ്യത്തൊഴിലാളികളുടെ ജീവിതം പറയുന്ന ക്രാഷിംഗ് വേവ്സ് എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം തിരുവനന്തപുരം മേനംകുളത്തെ ദേശസേവിനി ഗ്രന്ഥശാലയിൽ നടന്നു. ജോൺ ബെന്നറ്റ് ആണ് ഡോക്യുമെന്ററി സംവിധാനംചെയ്തത്. ഞായറാഴ്ച നടന്ന ചടങ്ങ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനംചെയ്തു.
പുത്തൻ കാഴ്ചാനുഭവമാണ് ഡോക്യുമെന്ററി സമ്മാനിച്ചതെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. അറബിക്കടലിലെ മൺസൂൺ കാറ്റിലും തെക്കൻ കൊടുങ്കാറ്റിലും ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകളെ അതിജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കഥയാണ് ക്രാഷിംഗ് വേവ്സ് പറയുന്നത്. തിരുവനന്തപുരത്തെ പ്രാദേശിക മത്സ്യബന്ധന മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
ദേശസേവിനി ഗ്രന്ഥശാലാ സെക്രട്ടറി വിനയകുമാർ, പ്രസിഡന്റ് സദാശിവൻ, ഡോക്യുമെന്ററി ഡയറക്ടർ ബെന്നറ്റ് ജോൺ, ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിൻസി ലോപ്പസ്, എഡിറ്റർ ബിജു കാരക്കോണം, ആർട്ടിസ്റ്റ് സജിത്ത് റെമഡി എന്നിവർ ആദ്യ പ്രദർശനത്തിന് സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ കൂടുതൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഇംഗ്ലീഷ് ഭാഷയിലൊരുക്കിയിരിക്കുന്ന ഡോക്യുമെന്ററിക്ക് സസക്സ് യൂണിവേഴ്സിറ്റിയിലെ തീരദേശ കാലാവസ്ഥാ വിഭാഗം ഗവേഷകൻ ആയിരുന്ന മാക്സ് മാർട്ടിന്റെ സഹായവുമുണ്ടായിരുന്നു. ഇവാൻ പെരേര സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. അനിൽ കുമാർ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]