
1980-കളുടെ അവസാനം, റേഡിയോയിൽ കേരളത്തിന്റെ മത്സരങ്ങൾ കേട്ടു തുടങ്ങിയ കാലം. മൂന്ന് ദിവസം നീളുന്ന രഞ്ജി ട്രോഫി മത്സരങ്ങൾ രണ്ടര ദിവസം കൊണ്ടു തന്നെ എകദേശം തീരുമാനമായിരുന്നു. നമുക്കാകെ അഞ്ചു കളികളാണ് ഒരു സീസണിൽ കിട്ടുന്നത്. ദക്ഷിണേന്ത്യയിലെ ശക്തരായ തമിഴ്നാടിനോടും ഹൈദരാബാദിനോടും കർണാടകയോടും മിക്കവാറും തോൽക്കും. ചില ഒറ്റപ്പെട്ട വ്യക്തിഗത പ്രകടനങ്ങൾ നടത്തി അത്യപൂർവമായി സമനില നേടും. ഗോവയോടും ആന്ധ്രയോടും ചിലപ്പോഴൊക്കെ ജയിക്കും, അല്ലെങ്കിൽ സമനില. അതായിരുന്നു അവസ്ഥ.
1957-58ൽ കേരളമെന്ന പേരിൽ (മുൻപ് ട്രാവൻകൂർ കൊച്ചി ആയിരുന്നു) ദേവ് മുഖർജിയുടെ നായകത്വത്തിൽ കളിക്കാനിറങ്ങിയത് മുതൽ പ്രതിഭകൾക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. ബാലൻ പണ്ഡിറ്റും രവിയച്ചനും ബാബു അച്ചാരത്തും മക്കിയുമെല്ലാം അക്കാലത്തെ പ്രഗത്ഭമതികളായിരുന്നു. തലശ്ശേരി മുൻസിഫ് കോടതിയുടെ ഓടുകൾ തകർത്തിരുന്ന കുഞ്ഞിപ്പക്കിയുടെ സിക്സറുകൾ കാണികളിൽ ആവേശം നിറച്ചിരുന്നു. കാലം മുന്നോട്ടു പോകുമ്പോൾ ജെ.കെ മഹേന്ദ്രയും പി.ബാലചന്ദ്രനും സത്യേന്ദ്രനും ഗോഡ്വിനും സ്വന്തം നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിലെത്താതെയിരുന്ന കെ. ജയറാമും രമേശ്- രാജേഷ്- സന്തോഷ് സഹോദരങ്ങളുമെല്ലാം കേരളാ ടീമിൽ ഉദിച്ചുയർന്ന് മിന്നിത്തെളിഞ്ഞ് അസ്തമിച്ചു. അക്കാലത്തെല്ലാം ഇന്ത്യൻ താരങ്ങൾ നിറഞ്ഞ പ്രബല ടീമുകൾക്കെതിരെ എങ്ങനെ തോൽക്കാതിരിക്കാം എന്നു മാത്രമായിരുന്നു കേരളത്തിന്റെ ചിന്ത.
1990-കളാണ് കേരളാ ക്രിക്കറ്റിന്റെ യഥാർത്ഥ നവോത്ഥാന കാലം. എങ്ങനെ സമനില നേടാം എന്നതിൽ നിന്ന് എങ്ങനെ വിജയിക്കും എന്ന് ചിന്തിച്ച് തുടങ്ങിയത് അക്കാലത്താണ്. അനന്തനും റാം പ്രകാശും ഒയാസിസും ശങ്കറും സുന്ദറും അജയ് കുഡുവയും നാരായണൻകുട്ടിയും ഫിറോസും സുരേഷ് കുമാറും മഷൂദുമെല്ലാം തങ്ങളുടെ പോരാട്ട വീര്യം ഗ്രൗണ്ടിൽ പ്രകടമാക്കുമ്പോൾ കേരളാ ക്രിക്കറ്റ് അസോസിയേഷനും വളരുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പുതിയ മേച്ചിൽപ്പുറങ്ങൾ തെരയുമ്പോൾ ലഭിച്ച ഫണ്ട് സംസ്ഥാന അസോസിയേഷനുകൾക്കും ആശ്വാസമായി. ജി.വി രാജക്ക് ശേഷം കേരളത്തിൽ നിന്നാദ്യമായി എസ്.കെ നായർ ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് വന്നപ്പോൾ കേരളത്തിൽ മാറ്റങ്ങളും പ്രകടമായി. 1994-95 സീസണിൽ വിക്ടോറിയ കോളേജിലെ ചരിത്ര വിജയത്തോടെ നമ്മൾ ആദ്യമായി രഞ്ജി ട്രോഫിയിൽ ആദ്യ റൗണ്ട് പിന്നിട്ടു. കേരളത്തില് നിന്ന് ടിനു യോഹന്നാനും എസ് ശ്രീശാന്തും ഇന്ത്യൻ ടീമിലെത്തി. സച്ചിൻ ബേബിയുടെയും സഞ്ജുവിന്റെയും സന്ദീപ് വാര്യരുടെയും വിഷ്ണു വിനോദിന്റെയുമെല്ലാം മാതാപിതാക്കൾ തങ്ങളുടെ മക്കൾ മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്നത് സ്വപ്നം കണ്ടു. പത്ത് വർഷത്തിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിലേക്കെത്തി. കേരളാ ക്രിക്കറ്റ് വളരുകയായിരുന്നു.
എലൈറ്റ്/പ്ലേറ്റ് രാശി
രഞ്ജി ട്രോഫി എലൈറ്റ്/പ്ലേറ്റ് സ്റ്റേജിൽ നടത്തിയത് നമ്മുടെ കളിക്കാർക്ക് ഗുണമായി. രാജ്യത്തെ മിക്ക സ്ഥലത്തും മിക്ക ടീമുകൾക്കെതിരെയും മിക്ക താരങ്ങൾക്കെതിരെയും കളിച്ചു തെളിയാൻ ഇത് വഴിതെളിച്ചു . മുംബൈക്കെതിരെ ഏഴു വിക്കറ്റെടുത്ത പ്രശാന്ത് ചന്ദ്രനെ നമ്മൾ കണ്ടു. ട്രാൻസ്ഫർ വിൻഡോ തുറന്നതോടെ, എസ് രമേശും സുജിത് സോമസുന്ദറും മുതൽ കേരളത്തിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ജലജ് സക്സേനയും ആദിത്യ സർവാതെയും റോബിൻ ഉത്തപ്പയും വരെ നമുക്കായി കളിച്ചു. ഡേവിഡ് വാറ്റ്മോറിനെപ്പോലുള്ള പ്രൊഫഷണൽ കോച്ചുകൾ വന്നപ്പോൾ കേരളം ക്വാർട്ടറിലും സെമിയിലുമെത്തി. ഇത്തവണ കളിച്ച പത്ത് മത്സരത്തിലും തോറ്റില്ല എന്നത് ശ്രദ്ധിക്കുക.
അതെ, പ്രതിഭകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. അവർക്ക് വേണ്ടത് നല്ല പരിശീലനം, മാന്യമായ വേതനം, മത്സര പരിചയം, അവസരങ്ങൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളാണ്. എന്നാൽ മിന്നു മണിയെപ്പോലെ, സജനയെപ്പോലെ, സഞ്ജുവിനെപ്പോലെ, ജോഷിതയെപ്പോലെയുള്ളവർ ഇനിയും ഉയർന്നുവന്നു കൊണ്ടേയിരിക്കും. റണ്ണറപ്പ് ട്രോഫിയിൽ മുറുകെപ്പിടിച്ച് നമുക്ക് ഇനിയും സ്വപ്നങ്ങൾ കാണാം, ഒരുപാടൊരുപാട് ടൂർണമെന്റ് വിജയങ്ങൾക്കായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]