
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ആശാവർക്കർമാർക്ക് കുട കൊടുത്താൽ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ കാണാൻ വന്ന സുരേഷ്ഗോപി കുട നൽകിയതിൽ സിഐടിയു നേതാവ് കെ എൻ ഗോപിനാഥ് പരിഹസിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ്ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു ഗോപിനാഥന്റെ പരിഹാസം.
‘കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വർക്കർമാർ. എന്താ തെറ്റുള്ളത്? ഞങ്ങൾ അതിൽ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ്ഗോപി കുട കൊടുത്താൽ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാൻ യോഗ്യരായിട്ടുള്ളവരാണ് ആശാവർക്കർമാർ. നാടിന്റെ മണിമുത്തുകളാണവർ. അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താൽ ഒരു തെറ്റുമില്ല.
കേന്ദ്രം അനാവശ്യമായി ഒരു പൈസ പോലും പിടിച്ചുവയ്ക്കില്ല. കേരള സർക്കാർ ചെയ്യേണ്ട ഒരു കാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് ശ്രമിക്കുന്നത്. ആശാവർക്കർമാർക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. 2014ന് മുൻപ് ആശാവർക്കർമാർക്കും അങ്കണവാടി വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇപ്പോൾ ലഭിക്കുന്നത്. എല്ലാ സംസ്ഥാന സർക്കാരുകളും ആശാ വർക്കർമാർക്ക് കേരളത്തെക്കാൾ കൂടുതൽ ശമ്പളം നൽകുന്നുണ്ട്. പതിവ് പല്ലവി വിജയിക്കാൻ പോവുന്നില്ല. വീഴ്ച കേന്ദ്രത്തിന്റേത് അല്ല. സംസ്ഥാന സർക്കാരിന്റേതാണ്’- അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ ഗോപിനാഥ് സുരേഷ്ഗോപിയെ പരിഹസിച്ച് പറഞ്ഞത് ഇങ്ങനെ, ‘സമരനായകൻ സുരേഷ് ഗോപി എത്തുന്നു സമരകേന്ദ്രത്തിൽ. എല്ലാവർക്കും കുട കൊടുക്കുന്നു. ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ ഒന്ന് രണ്ട് പേർ പരാതിപ്പെട്ടതോടെ ഉമ്മ കൊടുക്കൽ നിർത്തിയെന്ന് തോന്നുന്നു. ഇപ്പോൾ കുട കൊടുത്തെന്ന് കേട്ടു. കുട കൊടുക്കുന്നതിന് പകരം ഓണറേറിയത്തിന്റെ കാര്യം പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ? ആ ഓഫറുമായിട്ട് വേണ്ടെ സമരപ്പന്തലിൽ വരാൻ’- കെ എൻ ഗോപിനാഥ് പറഞ്ഞു.