
ന്യൂഡൽഹി: ഒരാളെ ‘മിയാൻ-ടിയാൻ’ (സാറേ-യുവാവേ) അല്ലെങ്കിൽ ‘പാകിസ്ഥാനി’ എന്ന് വിളിക്കുന്നത് ഐപിസി സെക്ഷൻ 298 പ്രകാരം മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഒരു സർക്കാർ ഉദ്യോഗസ്ഥനെ പാകിസ്ഥാനി എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റാരോപിതനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ആ പരാമർശങ്ങൾ അനുചിതമാണെങ്കിലും, ക്രിമിനൽ പ്രോസിക്യൂഷനുള്ള നിയമപരമായ പരിധി പാലിക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിൽ നിന്നുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും ഉറുദു വിവർത്തകനുമായ വ്യക്തിയാണ് പരാതി നൽകിയത്. വിവരാവകാശ നിയമം അനുസരിച്ച് വിവരങ്ങൾ നൽകാൻ പോയപ്പോൾ പ്രതി തന്റെ മതം പരാമർശിച്ച് അധിക്ഷേപിച്ചെന്നും ബലംപ്രയോഗിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ്. സെക്ഷൻ 298, 504, 353 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ജാർഖണ്ഡ് ഹൈക്കോടതി പരാതിക്കാരന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. തുടർന്ന് അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
‘പാകിസ്ഥാനിയെന്നും മിയാൻ-ടിയാൻ എന്നും വിളിക്കുന്നത് മോശമായ പെരുമാറ്റമാണ്. എന്നാൽ അത് മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമല്ല. അതിനാൽ, ഐപിസി സെക്ഷൻ 298 പ്രകാരം അപ്പീൽ നൽകിയ വ്യക്തിയെ കുറ്റവിമുക്തനാക്കുകയാണ്’- സുപ്രീം കോടതി വ്യക്തമാക്കി. ഇതോടൊപ്പം സമാധാനം തകർക്കുന്ന തെറ്റ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]