
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ തടിയനും മോശം ക്യാപ്ടനുമാണെന്ന് എക്സിൽ കുറിച്ചതിന് പിന്നാലെ വിമർശനം ശക്തമായിട്ടും പറഞ്ഞതിൽ ഉറച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. രോഹിത് ശർമ്മയെക്കുറിച്ച് നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും ഒരു കായിക താരത്തിന് വേണ്ട ഫിറ്റ്നസിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഷമ മുഹമ്മദ് പറഞ്ഞു. തന്റെ പ്രസ്താവനയിലേക്ക് കോൺഗ്രസ് പാർട്ടിയെ വലിച്ചിഴയ്ക്കേണ്ടെന്നും ഷമ വ്യക്തമാക്കി.
‘ഫിസിക്കലിയുള്ള ഫിറ്റിന് വേണ്ടി എക്സസൈസ് ചെയ്യുന്ന ഒരാളാണ് ഞാൻ. ഒരു കായികതാരമാകുമ്പോൾ അദ്ദേഹം ഫിറ്റാകണ്ടെ? അക്കാര്യമാണ് ഞാൻ പറഞ്ഞത്. ഇവർക്ക് കുറേ ഫാൻസുണ്ട്. അവർ ഒരു റോൾ മോഡലാണ്. അവരെ പോലുള്ള ഒരു സ്പോർട്ട്സ് പേഴ്സണെ നോക്കി അദ്ദേഹത്തെ പോലെ ഒരാൾ ആകണമെന്ന് എല്ലാവരും പറയും. ഇത് മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല.
എല്ലാവരും പറയുന്നു ഇതൊരു ബോഡി ഷെയ്മിംഗ് ആണെന്ന്. വിരാട് കൊഹ്ലി, രാഹുൽ ദ്രാവിഡ്. അവർ എല്ലാവരും ഫിറ്റാണ്. അത്ര മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇക്കാര്യത്തിൽ ഞാൻ എന്തിനാണ് മാപ്പ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ് ഇന്ത്യ എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. പൊണ്ണത്തടി ഇന്ത്യയിൽ മുപ്പത് ശതമാനത്തിൽ അധികം കൂടിയിരിക്കുകയാണ്. അപ്പോൾ ഒരു നല്ല കാര്യമല്ലേ ഞാൻ പറയുന്നത്. അതുകൊണ്ട് ഞാൻ മാപ്പൊന്നും പറയില്ല. എന്റെ വ്യക്തിപരമായ ഒരു സ്റ്റേറ്റ്മെന്റാണിത്. കോൺഗ്രസ് പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുത്’- ഷമ പറഞ്ഞു.
അതേസമയം, പരാമർശം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്യിച്ചെങ്കിലും ഷമയ്ക്കെതിരായ വിമർശനങ്ങൾ അവസാനിച്ചിട്ടില്ല. ഷമയുടെ പോസ്റ്റിനെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയപരമായി കോൺഗ്രസിനും ക്ഷീണമായി ഷമയുടെ പോസ്റ്റ്. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിൽ രോഹിത് 17 പന്തിൽ 15 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് ഷമ ഇന്ത്യൻ നായകനെ വിമർശച്ച് പോസ്റ്റിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു കായിക താരമെന്ന നിലയ്ക്ക് രോഹിത് തടിയനാണ്, വണ്ണം കുറയ്ക്കണം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികവില്ലാത്ത ക്യാപ്ടനാണ് രോഹിത് എന്നുമാണ് ഷമ എക്സിൽ കുറിച്ചത്. പാകിസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ പോലും ഷമയെ വിമർശിച്ച് രംഗത്തെത്തി. രാഹുൽ ഗാാന്ധിയുടെ കീഴിൽ തൊണ്ണൂറോളം തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട പാർട്ടി രോഹിതിനെ ബോഡി ഷെയ്മിംഗ് ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.
ഷമയുടെ നിലപാട് പാർട്ടിയുടേതല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. കായിക മേഖലയിലെ വ്യക്തിത്വങ്ങളുടെ നേട്ടങ്ങളെ കോൺഗ്രസ് ബഹുമാനത്തോടെയാണ് കാണുന്നത്. അവരെ ഇകഴ്ത്തുന്ന പ്രസ്താവനകളെ അംഗീകരിക്കാൻ സാധിക്കില്ല.ഷമയോട് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര പറഞ്ഞു.