
ഫയൽചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രി ഏഴുമണിയോടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം നഗരത്തിൽ കനത്തമഴ തുടരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ താഴെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .
അതേസമയം തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുകയാണ്. ശാസ്തമംഗലത്ത് ഓൺലെെൻ ഭക്ഷണവിതരണക്കാരനായ യുവാവ് തോട്ടിൽ വീണു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലെെനിനടുത്താണ് യുവാവ് ബെെക്കുമായി വീണത്. മഴയ്ക്ക് പിന്നാലെ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ശ്യാം എന്ന യുവാവാണ് തോട്ടിൽ വീണത്. യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് ബെെക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചത്. തിരുവനന്തപുരം സിറ്റിയിൽ വെെകുന്നേരം വരെ 40 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരിൽ റോഡിലേക്ക് വെള്ളം കയറി ഗതാഗത കുരുക്കുണ്ടാക്കി. അരുവിക്കര ഡാമിന് വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് വെെകുന്നേരം ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തുമെന്ന് അറിയിച്ചു. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.