
ലോകസുന്ദരി പട്ടത്തിൽനിന്ന് വെള്ളിത്തിരയിലെത്തി പ്രേക്ഷകമനം കവർന്ന താരമാണ് പ്രിയങ്കാ ചോപ്ര. 2002-ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്യുടെ നായികയായാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താരം വേഷമിട്ട ഏക തമിഴ് ചിത്രവും ഇതുതന്നെയാണ്. ഈ ചിത്രത്തിൽ പ്രിയങ്ക എത്തിയതിനെക്കുറിച്ചും വിജയ്യേക്കുറിച്ചും പ്രിയങ്കാ ചോപ്രയുടെ അമ്മ മധു ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ചെയ്യാൻ താത്പര്യമില്ലെന്ന് പ്രിയങ്കാ ചോപ്ര പറഞ്ഞ ചിത്രമായിരുന്നു തമിഴൻ എന്ന് മധു ചോപ്ര ലെഹ്റെൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയങ്ക നോ പറഞ്ഞെങ്കിലും അവരുടെ അച്ഛൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് പ്രിയങ്കയെ അഭിനയിപ്പിക്കാൻ സമ്മതമാണെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് അച്ഛനുവേണ്ടി മാത്രം ചെയ്ത ചിത്രമാണ് തമിഴൻ. ചിത്രീകരണത്തിനിടയിൽ വളരെ ക്ഷമാപൂർവം പെരുമാറിയതിനാൽ വിജയ്യോട് പ്രിയങ്കയ്ക്ക് ഏറെ ബഹുമാനമുണ്ടെന്നും മധു ചോപ്ര പറഞ്ഞു.
“പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം ആയിരുന്നു തമിഴന്റെ നൃത്തസംവിധായകൻ. ചുവടുകൾ ശരിയാക്കാൻ പ്രിയങ്കയ്ക്ക് ആദ്യമൊക്കെ നന്നായി ബുദ്ധിമുട്ടി. വിജയ് വളരെ നല്ല നർത്തകൻ ആയതിനാൽ അദ്ദേഹത്തോടൊപ്പം പിടിച്ചുനിൽക്കാൻ പ്രിയങ്ക നന്നായി കഷ്ടപ്പെട്ടു. പുതിയ ഭാഷ പഠിക്കാനും സംഭാഷണങ്ങൾ കൃത്യമാക്കാനും ഡാൻസ് സ്റ്റെപ്പുകൾ പഠിക്കാനും പ്രിയങ്ക കഷ്ടപ്പെട്ടു. എന്നാൽ പോകെപ്പോകെ അത് അവൾക്ക് ശീലമാകുകയും വിജയ്യുമായി നല്ല സൗഹൃദത്തിലാകുകയും ചെയ്തു”. മധു ചോപ്രയുടെ വാക്കുകൾ.
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയങ്കാ ചോപ്രയുടേതായി വരാനിരിക്കുന്ന ചിത്രം. അമേരിക്കൻ ആക്ഷൻ കോമഡി ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിലും പ്രിയങ്കാ ചോപ്രയാണ് നായിക. ജോൺ സിനയും ഇദ്രിസ് എൽബയുമാണ് ചിത്രത്തിലെ നായകന്മാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]