
ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ലേഖനം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വിവാദങ്ങൾക്ക് തിരിതെളിച്ചതിന് പിന്നാലെ വ്യത്യസ്തമായ ചിത്രം പങ്കുവച്ച് പാർട്ടി നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നിച്ച് നിൽക്കുന്നതിന്റെ ചിത്രമാണ് രാഹുൽ ഗാന്ധി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
‘മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്താൽ അവർ ഒന്നായി നിലകൊള്ളുന്നു, ടീം കേരള’ എന്ന കുറിപ്പോടെയാണ് രാഹുൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ശശി തരൂരുമുണ്ട്.
കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ ‘ചേഞ്ചിംഗ് കേരള; ലംബറിംഗ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. സംരംഭക മുന്നേറ്റത്തിനും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നേട്ടങ്ങൾ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനത്തിൽ ഉണ്ടായിരുന്നത്. പിന്നാലെ തരൂരിലെ വിമർശിച്ച് വി ഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിന് പരാതിയും നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിന്നാലെ തരൂർ കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധി,സോണിയ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുലിനൊപ്പം ശശി തരൂർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു.