
കേരളത്തിൽ രണ്ടാൾ കൂടുന്നയിടത്തെ ഇപ്പോഴത്തെ സംസാരവിഷയം വെഞ്ഞാറമൂട് കൂട്ടക്കൊലയാണ്. കൊലയ്ക്ക് പ്രതി തിരഞ്ഞെടുത്ത അതിക്രൂരമായ രീതിയും സഹോദരനും അമ്മൂമ്മയും കാമുകിയും ഉൾപ്പെടെ ഉറ്റ ബന്ധുക്കളെയാണ് കൊന്നുതള്ളിയതെന്നതുമാണ് കൂട്ടക്കൊലപാതകം ഇത്രയും ചർച്ചയാവാൻ കാരണം. ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ഒപ്പം പത്തുമാസം ചുമന്ന് നൊന്തുപെറ്റ അമ്മയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
മൃതദേഹങ്ങളുടെ ഒരു ചിത്രംപോലും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടില്ല. പക്ഷേ, എന്നിട്ടും ആ ഭീകര ദൃശ്യങ്ങൾ നേരിൽ കണ്ടെന്നപോലെ നമ്മുടെ ഉറക്കം കെടുത്തുന്നു. അങ്ങനെയെങ്കിൽ ആ മൃതദേഹങ്ങൾ ആദ്യം കണ്ടവരുടെ അവസ്ഥയോ? പ്രതി അഫാന്റെ വീട്ടിലേക്ക് പൊലീസ് വിളിച്ചപ്പോൾ ഓടിയെത്തിയ ആംബുലൻസ് ഡ്രൈവർ ജലീൽ ആ അനുഭവങ്ങൾ കേരളകൗമുദി ഓൺലൈനോട് പങ്കുവയ്ക്കുകയാണ്. അഴുകിയതും, പുഴുവരിച്ചതും പാതി മുറിഞ്ഞതുമായ മൃതദേഹങ്ങൾ ഒരു ഭാവവ്യത്യാസവും കൂടാതെ സ്വന്തം കൈകൊണ്ട് എടുത്ത് ആംബുലൻസിലേക്ക് കയറ്റുന്ന ആ മനുഷ്യന് വെഞ്ഞാറമൂട്ടിൽ അഫാന്റെ വീട്ടിലെ ദൃശ്യങ്ങൾ വിവരിക്കെ പലപ്പോഴും കണ്ഠമിടറി… വാക്കുകൾ കിട്ടാതായി. കണ്ണുകൾ ഈറനണിഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തെ ഫോൺകോൾ
ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം 6.40ന് ജലീലിന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. എത്രയും പെട്ടെന്ന് മൂന്ന് ആംബുലൻസുകൾ പേരുമല ഭാഗത്തേക്ക് എത്തണം. നാട്ടുകാരായ ചിലരായിരുന്നു വിളിച്ചത്. തൊട്ടുപുറകേ പൊലീസിന്റെ വിളിയും എത്തി. ഉടൻതന്നെ ആംബുലൻസുകൾ പേരുമലയിലേക്ക് കുതിച്ചു. മൂന്ന് ആംബുലൻസ് വേണമെന്ന് പറഞ്ഞതിയാൽ വലിയ എന്തെങ്കിലും അപകടമാകുമെന്നാണ് വിചാരിച്ചത്.
അഞ്ചുമിനിട്ടുകൊണ്ടുതന്നെ പേരുമല ജംഗ്ഷനിലെത്തി. പോകുന്ന വഴിക്കോ, ജംഗ്ഷനിലോ അപകടം നടന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. അപ്പോഴേക്കും ആംബുൻസ് ജംഗ്ഷൻ കഴിയാറായി. ഇതിനിടെ അവിടെയുണ്ടായിരുന്ന ചിലർ കൈകാണിച്ച് ആംബുലൻസ് തിരിക്കാൻ ആവശ്യപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം ഒരു ഇടറോഡിലേക്ക് കയറി. അവിടെ വീടിനുമുന്നിൽ കുറച്ചാളുകൾ നിൽക്കുന്നത് കണ്ടു. പെട്ടെന്ന് വണ്ടി നിറുത്തി ചാടിയിറങ്ങി വീട്ടുവളപ്പിലേക്ക് ഓടി. മുൻവശത്തെ വാതിൽ അടച്ചിരിക്കുന്നതിനാൽ അടുക്കളവശത്തുകൂടിയാണ് അകത്തേക്ക് കടന്നത്.
വീട്ടിനുള്ളിൽ കുറച്ച് പൊലീസുകാരും നാട്ടുകാരും നിൽക്കുന്നുണ്ട്. ഹാളിൽ തറയിൽ കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നു. തൊട്ടപ്പുറത്തേക്ക് നോക്കിയപ്പോൾ ഒരു പയ്യൻ ചോരയിൽ കുളിച്ച് കമിഴ്ന്ന് കിടക്കുന്ന ദൃശ്യം കണ്ടത്. ചുറ്റും ഒഴുകിപ്പരന്ന ചോരയുടെ രൂക്ഷ ഗന്ധം. ഗുരുതര പരിക്കേറ്റ് മരണത്തെ മുഖാമുഖം കാണുകയായിരുന്നു ഒരു സ്ത്രീയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് അപ്പോഴാണ് അറിഞ്ഞത്. ഹാളിൽ കണ്ട പയ്യനെ ആംബുലൻസിലേക്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടു. ആ ബാലന് ജീവൻ നഷ്ടമായിരുന്നു എന്ന് ഇതിനകം തന്നെ മനസിലായി.
സ്വിച്ചിട്ടപ്പോൾ കണ്ട ഭീകര ദൃശ്യം
പയ്യന്റെ മൃതദേഹം മാറ്റാൻ തുടങ്ങുമ്പോഴാണ് മുകളിലത്തെ നിലയിൽ ഒരാൾ ഉണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞത്. പിന്നൊന്നും ആലോചിച്ചില്ല മുകളിലേക്ക് പടിക്കെട്ടിലൂടെ ഓടിക്കയറി. അവിടെ ഒന്നും വ്യക്തമായി കാണാൻ കഴിയാത്ത തരത്തിലുള്ള ഇരുട്ട്. മുന്നിൽ കണ്ട മുറിയിലേക്ക് കയറി . അവിടെ കട്ടിലിന് അഭിമുഖമായിട്ടിരുന്ന കസേരയിൽ ആരോ ഇരിക്കുന്നു. സ്വിച്ച് ഇട്ടപ്പോൾ മുന്നിൽ ആ രൂപം കണ്ടു. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഒരു പെൺകുട്ടി കസേരയിൽ ചരിഞ്ഞിരിക്കുന്നു. ചുറ്റിലും രക്തം ചീറ്റിത്തെറിച്ചിരിക്കുന്നു. അവളുടെ മുടിയിലൂടെയും ശരീരത്തിലൂടെയും രക്തം താഴെ നിലത്തേക്ക് ഇറ്റിറ്റ് വീഴുന്നു. അവൾക്ക് തൊട്ടുപിന്നിൽ ഒരു മേശയിൽ സുന്ദരനായ യുവാവിന്റെ ചിത്രവും (അത് പ്രതി അഫാന്റേത് ആയിരുന്നു എന്ന് പിന്നീടാണ് വ്യക്തമായത്) ഒരു കുടയും. അതിലേക്കും രക്തം തെറിച്ചിരിക്കുന്നു.
ഒരുതരിയെങ്കിലും ജീവനുണ്ടെങ്കിൽ രക്ഷിക്കാനായി പിന്നത്തെ ശ്രമം. എടുത്ത് സ്ട്രെച്ചറിൽ കിടത്തായി അടുത്തേക്ക് എത്തിയപ്പോഴാണ് നടുങ്ങിപ്പോയത്. മുഖം ആകെ തകർന്ന നിലയിൽ, നെറ്റിൽ ചതഞ്ഞപോലുള്ള വലിയ മുറിവ്. എന്തോ കട്ടികൂടിയ വസ്തുകാെണ്ട് അടിച്ചപോലെ. മറ്റൊരാളുടെ സഹായത്തോടെ എടുത്ത് സ്ട്രെച്ചറിൽ കിടത്തി. ഇതിനിടെ ശരീരത്തിലേക്കും വസ്ത്രത്തിലേക്ക് രക്തം തെറിച്ചു. അതൊന്നും കാര്യമാക്കാതെ ആ ജീവന് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ നിമിഷങ്ങൾ കൊണ്ട് താഴെയെത്തി. ആംബുലൻസിൽ കയറ്റിയപ്പോൾ തന്നെ ആ പെൺകുട്ടിക്കും ജീവൻ നഷ്ടമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊലീസിന്റെ നിർദ്ദേശപ്രകാരം അടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് ശരവേഗത്തിൽ പാഞ്ഞു. ആ ജീവൻ നഷ്ടമാകരുതേ എന്ന സർവേശ്വരനോട് ഉളളുരികി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ആ പ്രതീക്ഷ അസ്ഥാനത്തായി. ആശുപത്രിയിൽ എത്തുംമുമ്പുതന്നെ ആ കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. നിരാശയോടെ തിരികെ ആംബുലൻസിലേക്ക് കയറുമ്പോഴും ആ വീട്ടിൽ കണ്ട നടുക്കുന്ന ദൃശ്യങ്ങൾ മനസിൽ ഒന്നിനുപുറകേ ഒന്നായി വന്നുകൊണ്ടിരുന്നു.
പിറ്റേന്ന്, പത്രത്തിലെ ചിത്രങ്ങൾ കണ്ടപ്പോഴാണ് ആ വീട്ടിൽ മരിച്ചുകിടന്ന പയ്യൻ പലപ്പോഴും വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽവച്ച് കണ്ടിട്ടുണ്ടെന്ന് വ്യക്തമായത്. അതോടെ നൊമ്പരത്തിന്റെ ശക്തികൂടി. ആംബുലൻസ് ഡ്രൈവർ എന്നനിലയിൽ നീണ്ട കാലത്ത ജോലിക്കിടയിൽ ഇത്തരമൊരു സംഭവത്തെ അഭിമുഖീകരിച്ചിട്ടില്ലെന്നും ഭീകര ദൃശ്യങ്ങൾ കാണേണ്ടി വന്നിട്ടില്ലെന്നും ജലീൽ പറയുന്നു. ഇനി മറ്റൊരാൾക്കും ഈ ഗതി വരുത്തരുതേ എന്ന പ്രാർത്ഥനയിലാണ് ജലീൽ.