
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ അടിപിടിക്കിടെ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്.
ചുങ്കം പാലോറക്കുന്നിൽ മുഹമ്മദ് ഷഹബാസ് ആണ് മരണപ്പെട്ടത്. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് ഷഹബാസിനെ താമരശ്ശേരി സ്കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്ന് ഷഹബാസിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷഹബാസ് ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. കേസിൽ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ തള്ളി. അഞ്ചുപേരെയും ജുവനൈൽ ഹോമിലേയ്ക്ക് അയക്കും.
വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് വിവരം. ട്യൂഷൻ സെന്ററിലെ സംഘർഷത്തിനുശേഷം പ്രതികളായ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]