
സാന്റാ ഫേ(യു.എസ്.എ): ഹോളിവുഡ് നടന് ജീന്‍ ഹാക്മന്റെയും ഭാര്യയുടെയും മരണത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഹാക്മന്റെ മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നതായാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. അതേസമയം, വിഷവാതകം ശ്വസിച്ചാണ് ദമ്പതിമാരുടെ മരണം സംഭവിച്ചതെന്ന വാദവും പോലീസ് തള്ളി.
കഴിഞ്ഞ ബുധനാഴ്ചയാണ് ജീന്‍ ഹാക്മനെ(95)യും ഭാര്യ ബെറ്റ്സി അരകവ(63)യെയും ന്യൂ മെക്സിക്കോയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒരു വളര്‍ത്തുനായെയും വീട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
ഹാക്മന്റെ മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഹാക്മന്റെ ശരീരത്തിലുണ്ടായിരുന്ന പേസ്മേക്കര്‍ അവസാനമായി പ്രവര്‍ത്തിച്ചത് ഫെബ്രുവരി 17-ാം തീയതിയായിരുന്നു. അതിനാല്‍ അതേദിവസമാകാം അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം. അങ്ങനെയാണെങ്കില്‍ മൃതദേഹം കണ്ടെത്തുന്നതിന്റെ ഒമ്പതുദിവസം മുന്‍പ് ഹാക്മന് മരിച്ചിരുന്നതായാണ് പോലീസ് കരുതുന്നത്.
ഹാക്മന്റെയോ ഭാര്യയുടെയോ ശരീരത്തില്‍ മുറിവുകളോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരുടെയും ശരീരത്തില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല.
ഹാക്മന്റെ മൃതദേഹം കിടപ്പുമുറിയിലും ഭാര്യ ബെറ്റ്സിയുടെ മൃതദേഹം കുളിമുറിയിലുമാണ് കണ്ടെത്തിയത്. പൂര്‍ണമായും വസ്ത്രം ധരിച്ചനിലയിലായിരുന്നു ഹാക്മന്റെ മൃതദേഹം. സമീപത്തായി സണ്‍ഗ്ലാസ് വീണുകിടക്കുന്നുണ്ടായിരുന്നു. അതിനാല്‍, തറയില്വീണതിനെത്തുടര്ന്നാണ് ഹാക്മന്റെ മരണം സംഭവിച്ചതെന്നാണ് സൂചന.
വീട്ടിലെ കുളിമുറിയിലായിരുന്നു ഭാര്യ ബെറ്റ്സിയുടെ മൃതദേഹം. ഇവരുടെ മൃതദേഹത്തിനരികെ ഗുളികകള്‍ ചിതറിവീണനിലയിലായിരുന്നു. വീട്ടിലെ വളര്ത്തുനായ്ക്കളിലൊന്നിനെ ചത്തനിലയില്‍ കണ്ടെത്തിയതും കുളിമുറിയിലായിരുന്നു. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് ചത്തത്. അതേസമയം, മറ്റുരണ്ട് വളര്‍ത്തുനായ്ക്കള്‍ യാതൊരു ആരോഗ്യപ്രശ്നവുമില്ലാതെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മരണം സംഭവിച്ചത് എപ്പോള്‍, എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കണ്ടെത്താനാണ് നിലവില്‍ പോലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ദമ്പതിമാരുടെ അവസാനദിവസങ്ങളിലെ യാത്രകളും മറ്റുവിവരങ്ങളും അറിയാനായി എന്തെങ്കിലും വീഡിയോ തെളിവുകളടക്കം ലഭിക്കുമോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. ഇതിന്റെ ഫലം ലഭിച്ചാല്‍ ബെറ്റ്സിയുടെ മൃതദേഹത്തിന് സമീപം ഗുളികകള്‍ കണ്ടെത്തിയത് സംബന്ധിച്ചും വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]