
എഡിൻബറ: ഇതേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്, കരയിൽ ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും പഴക്കമേറിയ ജീവിയുടെ ഫോസിൽ ഏതാണെന്ന് അറിയാമോ. തേരട്ടയുമായി സാമ്യമുള്ള 425 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഭൂമിയിൽ ജീവിച്ചിരുന്ന കാംപെകാരിസ് ഒബനെസിസ് എന്ന ജീവിയുടെ ഫോസിലാണത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് സ്കോട്ട്ലൻഡിലെ കെരര ദ്വീപിൽ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. സിലൂറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവിയാണിത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കെരര പ്രദേശത്ത് നിലനിന്നിരുന്ന തടാകക്കരയിൽ ജീവിച്ച ഈ ജീവി അഴുകിയ സസ്യങ്ങൾ ആഹാരമാക്കിയിരുന്നതായി കരുതപ്പെടുന്നു. ഈ പ്രദേശത്ത് നിന്ന് തന്നെ മുമ്പ് ലോകത്തെ ഏറ്റവും പഴക്കം കൂടിയ സസ്യമായ കൂക്ക്സോനിയയുടെ ഫോസിലും കണ്ടെത്തിയിരുന്നു. ഫോസിൽ വഴി കണ്ടെത്തപ്പെടുന്ന, കരയിൽ ജീവിച്ചിരുന്ന ഏറ്റവും പുരാതനമായ ജീവിയാണ് കാംപെകാരിസ്. എന്നാൽ മണ്ണിൽ വസിച്ചിരുന്ന പുഴുക്കൾ ഏകദേശം 450 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ ഭൂമിയിൽ ജീവിച്ചിരുന്നതായാണ് ഗവേഷകർ പറയുന്നത്. ഇന്നത്തെ തേരട്ടകളെ പോലെ തന്നെ നിരവധി ഖണ്ഡങ്ങൾ ചേർന്ന പോലെയാണ് കാംപെകാരിസിന്റെ രൂപവും. ഏകദേശം 2.5 സെന്റീമീറ്റർ നീളം മാത്രമേ കാംപെകാരിസിനുള്ളു. ഇവയുടെ കാലുകൾ ഫോസിലിൽ കണ്ടെത്താനായില്ല. ഇന്നത്തെ തേരട്ടകളുടെ പിൻഗാമികളല്ല ഇവർ. കാംപെകാരിസിന്റെ സ്പീഷീസ് ഭൂമിയിൽ നിന്നും വംശനാശം സംഭവിച്ചതാണ്. ചിലന്തി, ഷഡ്പദങ്ങൾ, തേരട്ട, പഴുതാര, ഞണ്ട്, ചെമ്മീൻ തുടങ്ങിയവ ഉൾപ്പെടുന്ന ആർത്രോപോഡ് വിഭാഗത്തിലാണ് കാംപെകാരിസും.