
കൊച്ചി: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ എൻ.സി.പി സംസ്ഥാന പ്രസിഡന്റായി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ നിയമിച്ചു. പി.കെ. രാജൻ, പി.എം. സുരേഷ്ബാബു എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. എൻ.സി.പി ദേശീയസമിതി അംഗമായ തോമസ് കെ. തോമസ് പാർലമെന്ററി പാർട്ടി നേതാവ്, സംസ്ഥാന നിർവാഹക സമിതിഅംഗം, നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
എൻ.സി.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ. തോമസിനെ മന്ത്രി പി.കെ. ശശീന്ദ്രൻ നിർദ്ദേശിച്ചിരുന്നു. പി.സി. തോമസ് രാജി വച്ചതോടെയാണ് തോമസ് കെ. തോമസിനെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. സംസ്ഥാന എൻ.സി.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ നേതാക്കളെ ശരദ്പവാർ മുംബയിലേക്ക് വിളിപ്പിച്ചിരുന്നു. ശരദ് പവാർ നിയോഗിച്ച ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്രഅവാദ്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവർ 38 സംസ്ഥാന ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തോമസ് കെ. തോമസിനെ പ്രസിഡന്റാക്കാൻ ഭൂരിപക്ഷവും നിർദ്ദേശിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി വി.സി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനാണ് 68 കാരനായ തോമസ് കെ. തോമസ്. സഹോദരനും എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയതും 2021ലെ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ ജയിച്ചതും. കുവൈറ്റ് ആസ്ഥാനമായ ഹൈഡയിൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമാണ്.ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ഡോ. ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ്, ടിന്റു എലിസബത്ത് കെ. തോമസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]