
കൊച്ചി: ശബരിമലയിൽ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഹാജരാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. പദ്ധതിയുടെ പേരിൽ രാജ്യത്തും വിദേശത്തും വ്യാപക പണപ്പിരിവ് നടക്കുന്നുവെന്നാണ് റിപ്പോർട്ട്. പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
പദ്ധതിക്ക് ശബരിമലയുമായി ഒരുബന്ധവുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യാപക പ്രചാരണം നൽകണം. ആരും വഞ്ചിതരാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. പദ്ധതിയുടെ പ്രവർത്തനം, പണപ്പിരിവ് എന്നിവയെക്കുറിച്ചാണ് അന്വേഷണം നടത്തിയത്.
പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടക്കുന്നുവെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ കേസെടുത്ത കോടതി, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ 2023ൽ എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിരുന്നു. അതോടെ പദ്ധതിയുടെ പ്രവർത്തനം നിലച്ചിരുന്നു. നിലവിൽ ദേവസ്വം ബോർഡാണ് ‘പവിത്രം ശബരിമല’എന്ന പേരിൽ ശുചീകരണ ജോലികൾ ചെയ്യുന്നത്.
എരുമേലി, സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ മേഖലകൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2011 ലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് പൊലീസ് രൂപം നൽകിയത്. മാലിന്യനിർമ്മാർജനത്തിന് നിയോഗിക്കപ്പെട്ട തൊഴിലാളികൾക്കൊപ്പം ഇവിടെ ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, പൊലീസുകാർ, അയ്യപ്പസേവാസംഘം പ്രവർത്തകർ എന്നിവരും പങ്കാളികളായി ഊഴമനുസരിച്ച് ശുചീകരണപ്രവർത്തനം നടത്തുന്നതായിരുന്നു പദ്ധതി. കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച ശബരിമല സാനിട്ടേഷൻ സൊസൈറ്റി പ്രവർത്തകരും ഇതിൽ പങ്കാളികളായിരുന്നു. നല്ല നിലയിൽ പോയിരുന്ന പദ്ധതിയുടെ പേരിലുള്ള ഫണ്ട് പിരിവിനെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് ഫയൽചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം സ്പെഷ്യൽ കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.