
കോട്ടയം: ഭാരതത്തെ നശിപ്പിക്കാനുളള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. വിദ്വേഷ പരാമർശ കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും പിസി ജോർജ് പറഞ്ഞു. ജാമ്യം കിട്ടിയതിന് പിന്നാല പിസി ജോർജിനെ തുടർ ചികിത്സയ്ക്കായി പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല് ദിവസത്തെ റിമാൻഡിന് ശേഷം, പിസി ജോർജിന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസിൽ തെളിവ് ശേഖരണം അടക്കം പൂർത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നായാളാണ് പ്രതിയെന്നും ജാമ്യം നൽകിയാണ് ഇത് ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചത്.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റിന് പിന്നാലെ റിമാൻഡിലായ പിസി ജോർജിനെ അനാരോഗ്യം കാരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]