
ഫ്ലോറിഡ: സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ചാന്ദ്ര ദൗത്യത്തിന്റെ പാതയിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇന്റൂയിറ്റീവ് മെഷീന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ അഥീന മൂണ്‍ ലാന്‍ഡറും നാസയുടെ ലൂണാര്‍ ട്രെയില്‍ബ്ലേസറും ചന്ദ്രനിലേക്ക് അയച്ചു. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ മാതൃഗ്രഹമായ ഭൂമിയുടെ അതിമനോഹരമായ സെല്‍ഫി ദൃശ്യങ്ങള്‍ അഥീന മൂണ്‍ ലാന്‍ഡര്‍ പകര്‍ത്തി. നീലഗോളമായി അറിയപ്പെടുന്ന ഭൂമി അത്യാകര്‍ഷകമായി ഈ ചിത്രങ്ങളില്‍ കാണാം.
‘അഥീന ലാന്‍ഡര്‍ സുഖമായിരിക്കുന്നു, ഭൂമിയിലേക്ക് സെല്‍ഫികള്‍ അയക്കുന്നു, സൗരോര്‍ജത്താല്‍ ചാര്‍ജ് ചെയ്യപ്പെടുന്നു, ഹൂസ്റ്റണിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നു, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നൊരുക്കമായി എഞ്ചിന് ജ്വലനങ്ങള്ക്കായി തയ്യാറെടുക്കുന്നു, അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാനായി ഇന്റൂയിറ്റീവ് മെഷീന്‍സ് മാര്‍ച്ച് ആറാം തിയതി കണക്കുകൂട്ടുന്നു’- എന്നും കമ്പനി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിലാണ് അഥീന ലാന്‍ഡര്‍ പകര്‍ത്തിയ ഭൂമിയുടെ സെല്‍ഫി ചിത്രങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
After liftoff on February 26, Athena established a stable attitude, solar charging, and radio communications contact with our mission operations center in Houston. The lander is in excellent health, sending selfies, and preparing for a series of planned main engine firings to… pic.twitter.com/Re5IgDDPBY
— Intuitive Machines (@Int_Machines) February 27, 2025
ഐഎം-2 (IM-2) എന്നാണ് നാസ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന ഈ ചാന്ദ്ര ദൗത്യം അറിയപ്പെടുന്നത്. അതായത് നാസയുടെ കൊമേഴ്സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസിന്റെ (CLPS) ഭാഗം. ഹൂസ്റ്റന്‍ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മ്മിച്ച രണ്ടാം മൂണ്‍ ലാന്‍ഡറാണ് അഥീന. അഥീനയില്‍ നാസയുടെ 10 ശാസ്ത്രീയ ഉപകരണങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയുകയാണ് അഥീനയുടെ പ്രധാന ജോലി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്താണ് അഥീന പേടകം ഇറങ്ങുക. ലാന്‍ഡിംഗ് വിജയകരമെങ്കില്‍ ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത് ഇറങ്ങുന്ന ചാന്ദ്ര പേടകമായിരിക്കും ഇത്. തണുത്തുറഞ്ഞ ജലം മറഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഗര്‍ത്തങ്ങള്‍ക്ക് സമീപമായിരിക്കും ആകാംക്ഷകള്‍ നിറച്ച് അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ്.
ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയാനുള്ള ഗവേഷണങ്ങള്‍ അഥീന ലാന്‍ഡറും പേലോഡിലെ മറ്റുപകരണങ്ങളും നടത്തും. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്. ചന്ദ്രനില്‍ ആദ്യമായി മൊബൈല്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുള്ള ഉദ്യമവും ഈ ദൗത്യം വഹിക്കും. ചന്ദ്രനില്‍ 4G/LTE നെറ്റ്വര്‍ക്കാണ് സ്ഥാപിക്കുന്നത്. നോക്കിയക്ക് വേണ്ടി ലൂണാര്‍ ഔട്ട്പോസ്റ്റ് എന്ന കമ്പനിയാണ് 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാനായി ‘MAPP’എന്ന് പേരുള്ള ഈ റോവര്‍ നിര്‍മിച്ചിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നാസയുടെ Artemis ദൗത്യത്തിന്റെ തയ്യാറെടുപ്പ് കൂടിയാവും അഥീന പേലോഡ് ശേഖരിക്കുന്ന നിര്‍ണായക വിവരങ്ങള്‍.
Read more: ചൈന പറക്കും റോബോട്ടുമായി ചന്ദ്രനിലേക്ക്; ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ ഐസ് കണ്ടെത്തുക ലക്ഷ്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]