
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ അനുവദിച്ച സ്ഥലം കുറഞ്ഞുപോയെന്ന് ദുരന്തബാധിതർ. വീട് വയ്ക്കാൻ ഒരു കുടുംബത്തിന് പത്ത് സെന്റ് സ്ഥലം എങ്കിലും അനുവദിക്കണമെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഏഴ് സെന്റിൽ 20 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
ഇപ്പോഴിതാ ഏഴ് സെന്റ് മാത്രം അനുവദിക്കുന്ന മന്ത്രിസഭ തീരുമാനത്തിനെതിരെ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ദുരന്തബാധിതർ. ഇതോടൊപ്പം മേപ്പാടി പഞ്ചായത്തിലെ നെടുമ്പോല എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കാത്തതും ദുരന്തബാധിതർക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ചും പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ചും മുണ്ടക്കൈ ആക്ഷൻ കമ്മിറ്റി കൺവീനർ മനോജ് ജെഎംജെ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
വേണ്ടത് പത്ത് സെന്റ്, മേപ്പാടിയും ആഗ്രഹിക്കുന്നവരുണ്ട്
സർക്കാർ നിർമ്മിച്ചു നൽകുന്ന ടൗൺഷിപ്പിൽ വീട് നിർമ്മിക്കാൻ പത്ത് സെന്റ് സ്ഥലമാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നതെന്ന് മുണ്ടക്കൈ ആക്ഷൻ കമ്മിറ്റി ചെയർമാൻ മനോജ് ജെഎംജെ പറഞ്ഞു. ‘മേപ്പാടി പഞ്ചായത്തിലെ നെടുമ്പോല എസ്റ്റേറ്റ്, കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് എന്നിവ ഏറ്റെടുത്ത് രണ്ട് ടൗൺഷിപ്പ് നിർമ്മിക്കുമെന്നാണ് സർക്കാർ ആദ്യഘട്ടത്തി അറിയിച്ചത്. മേപ്പാടിയിൽ വീട് വേണമെന്ന് ആവശ്യപ്പെട്ടവർ ഒരുപാടുണ്ട്. 531 ദുരന്തബാധിത കുടുംബങ്ങളാണ് ഞങ്ങളുടെ കണക്കിലുള്ളത്. അവരിൽ പകുതിയിൽ അധികം പേരും ആവശ്യപ്പെടുന്നത് മേപ്പാടിയിൽ ടൗൺഷിപ്പ് വേണമെന്നാണ് ആഗ്രഹിക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ടൗൺഷിപ്പ് എന്ന തീരുമാനം ചിലർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മന്ത്രിസഭ തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇനി എത്രയും പെട്ടെന്ന് ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. മേപ്പാടി ടൗൺഷിപ്പിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. ടൗൺഷിപ്പിൽ അനുവദിച്ച് നൽകുന്ന ഭൂമി 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം പ്രയാസമുണ്ടാക്കുന്നതാണ്. വീടൊന്നും ഇല്ലാത്ത ആളുകൾക്ക് ലൈഫ് മിഷനിൽ വീട് നൽകുന്നത് പോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്. വീടും വസ്തുക്കളും നഷ്ടപ്പെട്ട ആളുകളാണ് ഞങ്ങൾ. ലൈഫ് മിഷന്റെ വീടുകൾ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്ക് മാത്രമായി ആ തീരുമാനം നടപ്പിലാക്കുക. എപ്പോഴും കൈമാറ്റം ചെയ്യാൻ സാധിക്കുന്ന ഭൂമിയാണ് ദുരന്തബാധിതർക്ക് നഷ്ടപ്പെട്ടത്. അപ്പോൾ അങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കരുതെന്നാണ് ഞങ്ങളുടെ ആവശ്യം.
ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. എന്നാൽ ഞങ്ങൾ ആവശ്യപ്പെട്ടത് 40 ലക്ഷം രൂപയാണ്. 15 ലക്ഷം മാത്രം സർക്കാർ അനുവദിക്കുന്നത് കൊണ്ട് ടൗൺഷിപ്പിന് പുറത്തേക്ക് പോകാൻ ആരും ആഗ്രഹിക്കുന്നില്ല. മാന്യമായ ഒരു തുക സർക്കാർ അനുവദിക്കുകയാണെങ്കിൽ പുറത്തേക്ക് പോകാൻ ഒരുപാട് പേരുണ്ട്’.
സർക്കാർ ദുരന്തബാധിതരുടെ കണ്ണിൽ പൊടിയിടുന്നു: മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്
ദുരന്തബാധിതർക്ക് ടൗൺഷിപ്പിൽ വീട് നിർമ്മിക്കാൻ പത്ത് സെന്റ് സ്ഥലമെങ്കിലും അനുവദിക്കണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു മുണ്ടക്കൈ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു. ‘ഒന്നും രണ്ടും ഏക്കറുകളുള്ള കർഷകർക്കാണ് ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടത്. പത്ത് മുതൽ പതിനഞ്ച് സെന്റ് സ്ഥലം വരെ അവർക്ക് നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. മേപ്പാടി നെടുമ്പോല ഉൾപ്പടെ രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ ഇപ്പോൾ എൽസ്റ്റൺ എസ്റ്റേറ്റിന്റെ കാര്യം മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. പക്ഷേ, അവിടെയും തൊഴിലാളികൾക്ക് പ്രശ്നമാണ്. പിരിഞ്ഞുപോകാൻ വേണ്ടി തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. അതുകൊണ്ട് ആ സ്ഥലത്തിന്റെ കാര്യത്തിൽ ഉറപ്പൊന്നും പറയാറായിട്ടില്ല. സർക്കാർ ആ ഭൂമി വിലയ്ക്ക് വാങ്ങുകയാണെങ്കിൽ എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല.
ടൗൺഷിപ്പിന് പുറത്തേക്ക് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ നൽകുന്ന 15 ലക്ഷം രൂപ മാന്യമായ തുകയാണെന്ന് പറയാൻ സാധിക്കില്ല. കാരണം, കൽപ്പറ്റിയിൽ ഒരു സ്ഥലത്തിന്റെ വില ഏകദേശം 1.50 ലക്ഷം രൂപ വരാൻ സാദ്ധ്യതയുണ്ട്. ഏഴ് സെന്റ് വച്ച് കണക്കുകൂട്ടുമ്പോൾ തന്നെ അത് പത്ത് ലക്ഷത്തിന് മുകളിൽ വരും. സർക്കാർ നൽകുന്ന 15 ലക്ഷം കൊണ്ട് സ്ഥലം വാങ്ങിച്ചാൽ പോലും വീട് വയ്ക്കാൻ സാധിക്കില്ല. പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രദേശത്തിന്റെ മതിപ്പ് വില അനുസരിച്ചുള്ള തുക നൽകണമെന്നാണ് അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞ് സംസ്ഥാന സർക്കാർ ദുരന്തബാധിതരുടെ കണ്ണിൽ പൊടിയിടുകയാണ്. ഇവിടെയുള്ള സുമനസുകൾ സർക്കാരിന് ഒരുപാട് പണം സംഭവനയായി നൽകയിട്ടുണ്ട്. ഒരു കോടി രൂപ വച്ച് ആ കുടുംബത്തിന് നൽകിയാൽ പോലും സർക്കാരിന് ഒരു നഷ്ടവും സംഭവിക്കാൻ പോകുന്നില്ല. ഇത്രയും തുക കയ്യിൽ വച്ചിട്ടാണ് കേന്ദ്രസർക്കാർ ഫണ്ടിനായി കാത്തിരിക്കുന്നത്. ദുരന്തബാധിതരെ സഹായിക്കാൻ ഓരോ സുമനസുകളെങ്കിലും കൊടുത്ത ഫണ്ട് വിനിയോഗിക്കേണ്ട സമയം കഴിഞ്ഞു. ദുരന്തം സംഭവിച്ചിട്ട് ഏഴ് മാസം പിന്നിട്ടല്ലോ. അടുത്ത മഴക്കാലം തുടങ്ങുന്നതിന് മുമ്പ് സുരക്ഷിതമായി താമസിക്കാൻ ഒരു മേഖല പോലും ഇല്ലാത്ത അവസ്ഥയിലാണ്’