
താമരശേരി: സ്വകാര്യ ട്യൂഷൻ സെന്ററിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ. രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്രുമുട്ടലുണ്ടായത്. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്.
ട്യൂഷൻ സെന്ററിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരിപാടി. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നൃത്തം ചെയ്തിരുന്നു. ഇതിനിടെ ഫോൺ തകരാറായി പാട്ട് നിന്നതോടെ താമരശേരി ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം വാക്കേറ്റമുണ്ടായപ്പോൾ അദ്ധ്യാപകർ കുട്ടികളെ പിടിച്ചുമാറ്റി. എന്നാൽ, എംജെ സ്കൂളിലെ വിദ്യാർത്ഥികൾ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇത് ചോദ്യം ചെയ്യാൻ പദ്ധതിയിട്ടു.
വ്യാഴാഴ്ച കൃത്യം അഞ്ച് മണിക്ക് ട്യൂഷൻ സെന്ററിന് സമീപത്തെത്തണമെന്ന് ഗ്രൂപ്പിൽ സന്ദേശമയച്ചു. അവിടെ എത്തിയ 15 വിദ്യാർത്ഥികളാണ് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാൽ, പുറത്ത് പരിക്കൊന്നും കാണാത്തതിനാൽ ഷഹബാസിനെ കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളർന്ന് കിടക്കുന്നത് കണ്ട വീട്ടുകാർ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ കുട്ടി കോമയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.