
ബംഗളൂരു: ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഇഡ്ലി. ഇന്ന് പലതരം രുചിക്കൂട്ടുകളിൽ ലഭിക്കുന്ന ഇഡ്ലിക്ക് ആരാധകർ ഏറെയാണ്. പൊടി ഇഡ്ലി, സാമ്പാർ ഇഡ്ലി, രാമശേരി ഇഡ്ലി അങ്ങനെ പോകുന്ന വെറൈറ്റികൾ. വെജിറ്റേറിയൻ ഹോട്ടലുകളിൽ രാവിലെ ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ കൂടുതൽ പേർ ഓർഡർ ചെയ്യുന്നതും ഇഡ്ലിയാണ്. എന്നാൽ ഇപ്പോഴിതാ ഇഡ്ലി പ്രേമികൾക്ക് ആശങ്കയുളവാക്കുന്ന വാർത്തയാണ് ബംഗളൂരുവിൽ നിന്ന് പുറത്തുവരുന്നത്.
ഇഡ്ലി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തുണിക്ക് പകരം പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഭക്ഷ്യവകുപ്പ്. പരമ്പരാഗതമായി ഇഡ്ലി ഉണ്ടാക്കാൻ തുണിയാണ് ഉപയോഗിക്കാറ്. എന്നാൽ ഇതിന് പകരമായി പല ഹോട്ടലുകളും പ്ലാസ്റ്റിക്ക് ഷീറ്റാണ് ഉപയോഗിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.
251 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അതിൽ 52 ഹോട്ടലുകളും തുണിക്ക് പകരം പ്ലാസ്റ്റിക് ഷീറ്റാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ അംശം ഭക്ഷണത്തിൽ എത്തുന്നത് അർബുദത്തിന് കാരണമാക്കും. ഇങ്ങനെ പാചകം ചെയ്യുന്നതിലൂടെ അവ ഇഡ്ലിയിലേക്ക് ഒഴികിയിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാ ഹോട്ടലുകളും ഭക്ഷണശാലകളും ഈ രീതി ഉടനടി നിർത്തി സ്റ്റെയിൻലെസ് സ്റ്റീൽ പ്ലേറ്റുകളോ വാഴയിലയോ ഉപയോഗിക്കുന്നത് പോലുള്ള സുരക്ഷിതമായ ബദലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും’- മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പല ഹോട്ടലുകളിലും ഭക്ഷണം പാചകം ചെയ്യുന്നത് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചാണെന്ന മാദ്ധ്യമ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഭക്ഷ്യ വകുപ്പ് പരിശോധനയുമായി മുന്നിട്ടറങ്ങിയത്. ഒരാഴ്ച നീണ്ട പരിശോധനയാണ് നടന്നത്. പ്ലാസ്റ്റിക് ഷീറ്റിന് വില കുറവും വാഴയിലയിലെ ലഭ്യക്കുറവുമാണ് ഹോട്ടലുകളെ ഈ രീതി പ്രേരിപ്പിച്ചത്. തുണി ദിവസവും കഴുകണമെന്നുള്ളതും ഹോട്ടലുകൾ വെല്ലുവിളിയായി കണക്കാക്കുന്നു.