
ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസിൽ നടിമാരായ തമന്ന ഭാട്ടിയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. 2.4 കോടി രൂപയുടെ തട്ടിപ്പുകേസിൽ പുതുച്ചേരി പൊലീസാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. പുതുച്ചേരി മൂലക്കുളം സ്വദേശിയും മുൻ സൈനികനുമായ അശോകൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
ഓൺലൈനിൽ ഒരു പരസ്യം കണ്ടതിനുശേഷമാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചതെന്ന് അശോകന്റെ പരാതിയിൽ പറയുന്നു. പിന്നാലെ ഒരു അജ്ഞാത വ്യക്തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പത്ത് ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയായിരുന്നു. ശേഷം 2022ൽ കോയമ്പത്തൂരിൽ നടന്ന ഒരു കമ്പനിയുടെ ലോഞ്ചിംഗ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടു. ഇവിടെ തമന്ന ഭാട്ടിയയും മറ്റ് ചില താരങ്ങളും സന്നിഹിതരായിരുന്നു. പ്രമുഖരായ ആളുകളുടെ പങ്കാളിത്തവും പരിപാടിയുടെ വിജയവും കണ്ട് പ്രചോദനായ അശോകൻ ഒരു കോടി രൂപ നിക്ഷേപിക്കുകയും തന്റെ പത്ത് സുഹൃത്തുക്കളെ 2.4 കോടി രൂപ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.
മാസങ്ങൾക്കുശേഷം മഹാബലിപുരത്ത് നടന്ന ചടങ്ങിലേയ്ക്കും അശോകൻ ക്ഷണിക്കപ്പെട്ടു. ചടങ്ങിൽ കാജൽ അഗർവാളായിരുന്നു മുഖ്യാതിഥി. പരിപാടിയിൽ നൂറിലധികം നിക്ഷേപകർക്ക് 10 ലക്ഷം മുതൽ ഒരുകോടിവരെ വിലയുള്ള കാറുകൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ടുകൾ. കാറിന് പകരം എട്ടുലക്ഷം രൂപ കാശ് തന്നാൽ മതിയെന്നായിരുന്നു അശോകന്റെ നിലപാട്. എന്നാൽ കമ്പനി വാഗ്ദാനം പാലിക്കാതെ വന്നതോടെ തന്നെയും മറ്റ് നിക്ഷേപകരെയും വഞ്ചിച്ചുവെന്ന് കാട്ടി അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ നിതീഷ് ജെയിൻ, അരവിന്ദ് കുമാർ എന്നിവർ അറസ്റ്റിലായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്തതിന്റെ പേരിലാണ് നടിമാരെ പൊലീസ് ചോദ്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]