
ഇലോൺ മസ്ക്…ടെസ്ല, സ്പേസ് എക്സ്, എക്സ് കമ്പനികളുടെ ഉടമ. ലോക കോടീശ്വരൻ. ബഹിരാകാശം കൈയടക്കിയ മസ്ക്ക് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ നിഴൽരൂപമായിരിക്കുന്നു. വെറും നിഴലല്ല. വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി. ഇപ്പോൾ അമേരിക്കക്കാർ ചോദിക്കുന്നത് മസ്ക് ആരാണെന്നാണ്. ട്രംപിന്റെ വലംകൈയായ മസ്ക്, ഫെഡറൽ എക്സിക്യൂട്ടീവ് വകുപ്പ് മേധാവികളേക്കാൾ ശക്തനാണ്. ക്യാബിനറ്റ് അംഗമല്ലാതിരുന്നിട്ടും കഴിഞ്ഞ ദിവസം ആദ്യ ക്യാബിനറ്റ് യോഗത്തിൽ ട്രംപ് മസ്കിനെയും പങ്കെടുപ്പിച്ചു.
ഇതിൽ നിന്ന് വൈറ്റ് ഹൗസിൽ മസ്കിനുള്ള സ്വാധീനം എത്ര വലുതെന്ന് മനസിലാക്കാം. മസ്കിന്റെ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സംസാരം. അടുത്ത പ്രസിഡന്റ് സ്ഥാനത്തിനാണോയെന്ന് സംശയിക്കുന്നവരുണ്ട്. ഏതായാലും ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവിന്റെ റോളാണ് മസ്കിന്. ട്രംപ് രൂപീകരിച്ച കമ്മിഷൻ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേൽനോട്ടച്ചുമതല മസ്കിനാണ്.
സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ചെലവുചുരുക്കലിന്റെ പേരിൽ വിദേശ സഹായങ്ങൾ ഡോഷ് കുത്തനെ വെട്ടിക്കുറച്ചു. എന്നാൽ ഫെഡറൽ ഏജൻസികൾക്ക് മേൽ ഡോഷ് നടത്തുന്ന ഇടപെടലാണ് അമേരിക്കക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വൻതോതിൽ സർക്കാർ ജീവനക്കാരെ വെട്ടിച്ചുരുക്കാനാണ് നീക്കം.
മിക്ക ഏജൻസികളിലെയും ജീവനക്കാർ കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയിലാണ്. ജോലി പോയവർ പ്രതിഷേധവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. മസ്കുമായുള്ള ഭിന്നത മൂലം ചിലർ സ്വമേധയാ രാജിവച്ചു. 21 ഉദ്യോഗസ്ഥർ ഡോഷിൽ നിന്ന് രാജിവച്ചു. ഡോഷിന്റെ പ്രവർത്തനങ്ങളിൽ ഇപ്പോഴും സുതാര്യത കൈവന്നിട്ടില്ല. കോൺഗ്രസ് അംഗങ്ങൾ ഡോഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
മസ്ക് സ്വേച്ഛാധിപതിയായി മാറുന്നെന്നും വകുപ്പ് മേധാവികൾ (സെക്രട്ടറിമാർ) നോക്കി നിൽക്കുകയുമാണെന്നും ജനം ആരോപിക്കുന്നു. ട്രംപ് മസ്കിന്റെ കൈ പാവയാണോ എന്ന് ഡെമോക്രാറ്റുകളും വിമർശിക്കുന്നു. കോൺഗ്രസിന് അതീതമായുള്ള മസ്കിന്റെ പ്രവർത്തനങ്ങളും ചോദ്യചിഹ്നമാണ്.
എക്സ് (മുമ്പ് ട്വിറ്റർ) ഏറ്റെടുത്ത പിന്നാലെ ജീവനക്കാരെ മസ്ക് വെട്ടിക്കുറച്ചിരുന്നു. ഇത്തരത്തിലുള്ള ബിസിനസ് മനോഭാവം ജനാധിപത്യ സമൂഹത്തിൽ വേണ്ട എന്ന് വിമർശനമുയരുന്നു.
അതേസമയം, മസ്കിനോട് ആർക്കെങ്കിലും അതൃപ്തിയുണ്ടോ എന്ന് ക്യാബിനറ്റ് യോഗത്തിനിടെ ട്രംപ് ചോദിച്ചിരുന്നു. അസന്തുഷ്ടരാണെങ്കിൽ അവരെ പുറത്താക്കുമെന്നായിരുന്നു വാദം. ആരും എതിർപ്പുന്നയിച്ചതുമില്ല. മൗനത്തിലൂടെ പലരും അതൃപ്തി മറച്ചു എന്നതും സത്യം. യോഗത്തിലുടനീളം ട്രംപ് മസ്കിനെ പുകഴ്ത്തുകയും ചെയ്തു.
ഒരാഴ്ച ചെയ്ത ജോലികൾ വ്യക്തമാക്കണമെന്ന് കാട്ടി ഫെഡറൽ ജീവനക്കാർക്ക് മസ്ക് ഇമെയിൽ അയച്ചതും വിവാദമായിരുന്നു. മറുപടി നൽകിയില്ലെങ്കിൽ രാജിവച്ചെന്ന് കരുതും. എന്നാൽ ഇ-മെയിൽ അവഗണിക്കാൻ എഫ്.ബി.ഐ പോലുള്ള ഏജൻസികൾ ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നു. ശരിക്കും മസ്കിന്റെ അസാധാരണ നീക്കങ്ങൾ സർക്കാർ ജീവനക്കാർക്കോ എന്തിന്, വകുപ്പ് മേധാവികൾക്കോ തന്നെ വ്യക്തതയില്ല. എവിടെ ചെന്നെത്തുമെന്ന് കാത്തിരുന്ന് കാണാം.