
ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ച് കഴിഞ്ഞുപോകുന്ന ഒരു പരാജയ രാഷ്ട്രമാണ് പാകിസ്ഥാനെന്ന് ഇന്ത്യ തുറന്നടിച്ചു. ബുധനാഴ്ച ജനീവയിൽ നടന്ന കൗൺസിലിന്റെ 58 -ാം സെഷൻ യോഗത്തിനിടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്ഥാന് ഉത്തരംമുട്ടിയത്.
ജമ്മു കാശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന പാക് നിയമ മന്ത്രി അസം നസീർ തരാറിന്റെ ആരോപണത്തിന് പിന്നാലെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. പാക് ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോടെയുള്ളതുമാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി മറുപടി നൽകി. ആരെയും ഉപദേശിക്കാനുള്ള യോഗ്യത പാകിസ്ഥാനില്ല. പാകിസ്ഥാന്റെ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണെന്നും ത്യാഗി ചൂണ്ടിക്കാട്ടി.
കാശ്മീർ ഇന്ത്യയുടെ
അവിഭാജ്യ ഘടകം
ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ത്യാഗി പാകിസ്ഥാനെ ഓർമ്മിപ്പിച്ചു. സമീപ വർഷങ്ങളിൽ മേഖലയിലുണ്ടായ പുരോഗതിയിലേക്കും സ്ഥിരതയിലേക്കും അദ്ദേഹം വിരൽചൂണ്ടി. മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനവും തുടരുന്ന പാകിസ്ഥാനിൽ ജനാധിപത്യ മൂല്യങ്ങൾ തകർന്നു. യു.എൻ ഉപരോധം നേരിടുന്ന തീവ്രവാദികളെ ധിക്കാരപൂർവം സംരക്ഷിക്കുന്നു. നുണകൾ പ്രചരിപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു രാജ്യം എന്ന നിലയിൽ പാകിസ്ഥാന് ആരെയും പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്നും അവർ ആദ്യം സ്വന്തം ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ത്യാഗി വ്യക്തമാക്കി. യു.എൻ അടക്കമുള്ള രാജ്യന്തര വേദികളിൽ കാശ്മീരിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാകിസ്ഥാന് നിരവധി തവണ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]