
മലയാള സിനിമ ഒരു കാലത്ത് അടക്കി വാണിരുന്ന തിരക്കഥാകൃത്തായിരുന്നു അന്തരിച്ച ലോഹിതദാസ്. സൂപ്പർതാരങ്ങൾ വരെ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കാൻ ക്ഷമയോടെ കാത്തുനിന്നിരുന്ന ഒരു സമയമുണ്ടായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്, ലോഹിതദാസിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ തിരിച്ചടിയായ ചില സംഭവങ്ങളാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അഷ്റഫ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
‘പണ്ടുമുതൽക്കേ ലോഹിതദാസിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പ്രത്യേക ആകർഷണീയത എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതാൻ എഴുത്തുക്കാരൻ സലീം ചേർത്തലയെ ലോഹിതദാസ് സഹായിച്ചിട്ടുണ്ട്. സലീമില്ലെങ്കിൽ ഞാനും ലോഹിതദാസുമായിരിക്കും സീനുകളെക്കുറിച്ച് ചർച്ചകൾ നടത്തുന്നത്. കൊട്ടും കുരവയും എന്ന ചിത്രമായിരുന്നു അത്. കഥയുടെ പുരോഗതി അനുസരിച്ച് നടൻ രതീഷിനെ കൂടാതെ മമ്മൂട്ടിയെയും മുകേഷിനെയും ഞാൻ ചിത്രത്തിൽ ഉൾപ്പെടുത്തി. ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി ഉൾപ്പെടുളളവർക്ക് സംഭാഷണങ്ങൾ പറഞ്ഞ് കൊടുത്തതും ലോഹിതദാസായിരുന്നു.
ഫോർട്ട് കൊച്ചിയിൽ ഒരു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉച്ച വരെയായിരുന്നു ഷൂട്ടിംഗ്. എനിക്ക് തിരിച്ച് ആലപ്പുഴയിലേക്ക് പോകണമായിരുന്നു. ഞാൻ കുറച്ച് താമസിച്ചാണ് ആലപ്പുഴയിലേക്ക് പോയത്. ഞാൻ കാറിലൂടെ പോയപ്പോൾ റോഡരികിൽ ലോഹിതദാസ് നിൽക്കുന്നത് കണ്ടു. ബസിൽ പോകാൻ പണമില്ലാത്തതുകൊണ്ടാണ് നടക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അയാളെ ഹോട്ടലിൽ എത്തിച്ചിട്ടാണ് ആലപ്പുഴയിലേക്ക് പോയത്. ഞാൻ ലോഹിതദാസിന് ദൈവ തുല്യനാണെന്ന് പറഞ്ഞു.
ഞാൻ ലോഹിതദാസിന് കൂടുതൽ പരിഗണന കൊടുക്കുന്നത് സിനിമയിൽ ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം ലോഹിതദാസ് എന്നെ ഒരു കഥ പറഞ്ഞ് കേൾപ്പിച്ചു. അങ്ങനെ സിബി മലയിൽ തനിയാവർത്തനം എന്ന സിനിമ ഉണ്ടായത്. അത് സൂപ്പർഹിറ്റ് ചിത്രമായിരുന്നു. അതോടെ ലോഹിതദാസിന്റെ തലവര മാറിമറിഞ്ഞു. പിന്നീട് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം സൃഷ്ടിച്ചത്. ലോഹിതദാസ് സിനിമയിൽ ഉയരങ്ങളിൽ എത്തിയപ്പോൾ എന്നെ ആക്ഷേപിച്ച് കൊണ്ടുളള കെട്ടുകഥ കേൾക്കാനിടയായി. അയാളെഴുതിയ സീനുകൾ എനിക്ക് ഇഷ്ടപ്പെടാതെ ഞാൻ പേപ്പർ ചുരുട്ടിയെറിഞ്ഞെന്നാണ്. ആ കളളക്കഥ എന്നെ വല്ലാതെ വേദനിപ്പിച്ചു.
അയാൾ ഉന്നതിയിൽ എത്തിയപ്പോൾ പലരെയും ഇല്ലായ്മ ചെയ്ത കഥകൾ എനിക്കറിയാം. ഒരിക്കൽ അയാൾ എന്നെ വിളിച്ച് സംസാരിച്ചു. അതോടെ എന്റെ നീരസവും കുറഞ്ഞു. മലയാള സിനിമ ഒരു കാലത്ത് അടക്കി വാണിരുന്ന കലാകാരനായിരുന്നു അയാൾ. സൂപ്പർതാരങ്ങൾ പോലും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കാൻ അഭൃർത്ഥനയുമായി വന്നിട്ടുണ്ട്. പിന്നീട് അദ്ദേഹം തമിഴ് ചിത്രം നിർമാതാവായും എത്തി. ലോഹിതദാസിന് ഒട്ടും പരിചയമില്ലാത്ത മേഖലായിരുന്നു അത്. അതോടെ ലോഹിതദാസിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. അദ്ദേഹത്തിന്റെ മരണശേഷവും കുടുംബത്തെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല’- അഷ്റഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]