
.news-body p a {width: auto;float: none;}
കോട്ടയത്ത് സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞുപോയ വാർത്ത മാദ്ധ്യമങ്ങളിൽ നിറയുകയാണ്. കോട്ടയത്തെ സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിംഗ്, റാഗിംഗിനെത്തുടർന്ന് കാക്കനാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ഫ്ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം, പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിംഗിനിരയായി ജെ.സിദ്ധാർത്ഥിന്റെ മരണം, പത്തനംതിട്ടയിൽ പത്ത് വയസുകാരിയെ 16കാരനും 19കാരനും ചേർന്ന് പീഡനത്തിനിരയാക്കിയ സംഭവം ഇങ്ങനെ നീളുന്നു കുട്ടികളും പ്രതികളാവുന്ന കേസുകളുടെ എണ്ണം. നമ്മൾ സ്നേഹത്തോടെയും വാത്സല്യത്തോടെയും നോക്കിക്കാണുന്ന കുട്ടികളെങ്ങനെയാണ് ക്രൂരന്മാരായ ക്രിമിനലുകളായി മാറുന്നത്? തോട്ട്സ്ഫിയർ കൗൺസലിംഗ് സെന്ററിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ദേവിക എസ് കുമാർ പറയുന്നു.
‘പണ്ടുകാലത്തും കുട്ടികളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നെങ്കിലും പുതിയ കാലത്ത് ഇവ വർദ്ധിച്ചതായി മനസിലാക്കാം. കൊവിഡ് കാലം ഇതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ആ സമയത്ത് സാമൂഹിക ഇടപെടലുകൾ വളരെയധികം കുറഞ്ഞു. കുട്ടികളുടെ ലോകം മൊബൈലുകളിലും മറ്റും ചുരുങ്ങി. തിയേറ്ററിൽ കുട്ടികൾക്ക് നിരോധനമുള്ള എ സർട്ടിഫിക്കറ്റ് സിനിമകളും സീരീസുകളും എളുപ്പത്തിൽ ലഭ്യമായി. ഇത് കുട്ടികളുടെ ചിന്തകളെയും സ്വഭാവത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മാദ്ധ്യമങ്ങളുമായുള്ള സമ്പർക്കം കുറ്റകൃത്യങ്ങളുടെ ഒരു ഘടകം തന്നെയാണ്. അതേസമയം, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ കുട്ടികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത മറ്റ് ഘടകങ്ങളെ അപേക്ഷിച്ച് കുറവാണ്.
ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ലഭ്യത വർദ്ധിച്ചെങ്കിലും എല്ലാ കുട്ടികളിലും ക്രിമിനിൽ വാസനയുണ്ടാകുന്നില്ല. അവർ വളർന്നുവന്ന സാഹചര്യങ്ങൾ, നേരിട്ട ആഘാതങ്ങൾ, പേരന്റിംഗിലെ പ്രശ്നങ്ങൾ എന്നിവയാണ് കുട്ടികളിൽ ക്രിമിനലുകൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നത്. തനിക്ക് മറ്റുള്ളവരിൽ നിന്ന് കൂടുതൽ ശ്രദ്ധ ലഭിക്കണമെന്ന ചിന്തയും കുട്ടികളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് ഒരു കാരണമാവുന്നു. സമൂഹമാദ്ധ്യങ്ങളിൽ ലൈക്കുകൾ ലഭിക്കാനും അറിയപ്പെടാനും വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുണ്ട്.
കുട്ടികളിൽ ക്രിമിനൽ വാസനയുണ്ടെങ്കിൽ അതിന്റെ സൂചനകൾ ചെറുപ്പത്തിലെ തന്നെ ലഭിക്കുന്നതാണ്. ഇതിന് ഒരു പാറ്റേൺ ഉണ്ട്. ഒപ്പോസിഷണൽ ഡിഫിയന്റ് ഡിസോർഡറിൽ (ഒഡിഡി) തുടങ്ങി പിന്നീടത് കണ്ടക്ട് ഡിസോഡറും ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡറുമായി മാറുകയും ചെയ്യുന്നു. വ്യക്തമായ ട്രാൻസിഷൻ ഉണ്ട്. നാല് വയസിൽ തന്നെ ഇത്തരം മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. മാതാപിതാക്കൾ കുസൃതികൾ എന്ന് പറഞ്ഞ് ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ ക്രിമിനൽ വാസനയുടെ ലക്ഷണങ്ങളാവാം. എന്നാൽ കുട്ടികളുടെ കുസൃതികളിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങളുണ്ടോ, ഇത്തരം കാര്യങ്ങൾ ചെയ്തതിനുശേഷം അവർ ക്ഷമാപണം നടത്തുന്നുണ്ടോ, താൻ ചെയ്തതാണ് ശരിയെന്ന നിലപാടാണോ അവരുടേത് എന്നത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്ക് കൗൺസലിംഗും ചികിത്സയും മറ്റും കൊടുക്കേണ്ടത് ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുപ്പത്തിലേ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് പലപ്പോഴും കുട്ടികൾ വലുതാകുമ്പോൾ അവരെ ക്രിമിനൽ കുറ്റങ്ങളിലേയ്ക്ക് നയിക്കുന്നത്. കുട്ടികൾ വളരുന്ന കുടുംബ സാഹചര്യങ്ങൾ, അവർക്ക് മാതാപിതാക്കളിൽ നിന്ന് എത്രത്തോളം ശ്രദ്ധ ലഭിക്കുന്നു, പേരന്റിംഗിലെ അപാകതകൾ എന്നിവയാണ് പലപ്പോളും കുട്ടിക്കുറ്റവാളികളെ വാർത്തെടുക്കുന്നത്. ആകാംഷയുടെ പുറത്തും ചിലപ്പോൾ കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യാറുണ്ട്. കുട്ടികൾ എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ്. സെക്സ് എജ്യുക്കേഷൻ, വാല്യൂ എജ്യുക്കേഷൻ എന്നിവ അവർക്ക് അറിവ് വച്ചുതുടങ്ങുന്ന പ്രായത്തിൽ തന്നെ നൽകേണ്ടതുണ്ട്. ഓരോ ജനറേഷൻ മാറുന്നത് അനുസരിച്ച് അവരുടെ ബുദ്ധി അത്രത്തോളം വികസിക്കുകയാണ്. അതിനാൽ തന്നെ ഇന്നത്തെക്കാലത്ത് അവർ കൊച്ചല്ലേ, അവർ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ് വിട്ടുകളയാനാകില്ല.
ജെൻ സി തലമുറയിലാണ് കൂടുതലായും സ്വഭാവ വൈകല്യങ്ങൾ പ്രകടമാവുന്നത്. എല്ലാക്കാര്യങ്ങളും തങ്ങൾക്കറിയാം എന്ന ഭാവം. ഇത്തരം തലമുറയെ പഠിപ്പിക്കുന്ന അദ്ധ്യാപകരും പ്രതിസന്ധി നേരിടുന്നുണ്ട്. കുട്ടികളിൽ സമൂഹത്തോടും മുതിർന്നവരോടുമുള്ള ഭയവും ബഹുമാനവും കുറഞ്ഞു. ഓരോ തലമുറ മാറുന്നതിന് അനുസരിച്ച് സമൂഹവും അതിനനുസരിച്ച് മാറേണ്ടതുണ്ട്.
എല്ലാകാര്യങ്ങളും തുടങ്ങുന്നത് കുടുംബങ്ങളിൽ നിന്നാണ്. കുട്ടികൾ എന്തൊക്കെയായാണ് സമ്പർക്കം പുലർത്തേണ്ടത് എന്നത് മാതാപിതാക്കൾക്ക് ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കുന്നത്. ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന് വേണ്ട കാര്യം. അച്ഛനും അമ്മയും കുട്ടിയുടെ കാര്യത്തിൽ ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. അവർക്ക് കൃത്യമായ ശ്രദ്ധയും പരിഗണനയും നൽകുന്നതിലൂടെ ഒരുപരിധിവരെ കുറ്റകൃത്യങ്ങളിൽ നിന്ന് അവരെ അകറ്റാൻ സാധിക്കും. കുട്ടികളിലെ മാറ്റങ്ങൾ ശരിയായ സമയത്ത് മനസിലാക്കി അതിൽ പരിഹാര മാർഗങ്ങൾ തേടേണ്ടത് പ്രധാനമാണ്. ജനിതകപരമായ കാര്യങ്ങളും കുട്ടികളിലെ അക്രവസാനകളിൽ വലിയ പങ്ക് വഹിക്കുന്നു’- സൈക്കോളജിസ്റ്റ് ദേവിക എസ് കുമാർ വ്യക്തമാക്കി.