
ന്യൂഡൽഹി: മഹാശിവരാത്രി ദിനത്തിൽ സർവകലാശാല മെസിൽ മാംസാഹാരം വിളമ്പിയതിന് പിന്നാലെ കൂട്ടയടി. ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലാണ് രണ്ട് സംഘം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ – എബിവിപി വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്. സംഭവത്തിൽ സർവകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. സർവകലാശാല ആഭ്യന്ത അന്വേഷണം നടത്തുകയാണ് എന്നാണ് വിവരം.
സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ സംഘർഷമുണ്ടായെന്ന് ഇന്നലെ വൈകിട്ട് 3.45ന് ഒരാൾ ഫോണിൽ വിളിച്ചറിയിച്ചതായി മൈദൻഗരി പൊലീസ് പറഞ്ഞു. ഒരു വിദ്യാർത്ഥിനിയും കുറച്ച് യുവാക്കളും തമ്മിൽ തല്ലുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. മർദനമേറ്റ യുവതിയാണ് പൊലീസിനെ വിവരമറിയിച്ചത്. വിദ്യാർത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ശിവരാത്രി ദിവസം സർവകലാശാല മെസിൽ മാംസാഹാരം വിളമ്പരുതെന്നത് പറഞ്ഞ് എബിവിപിയാണ് ആക്രമണം നടത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. ഇതിനെ എതിർത്തതിനാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. പെൺകുട്ടികളുടെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ കാണാം. മാംസാഹാരം വിളമ്പിയതിന് മെസ് ജീവനക്കാരെയും അവർ ആക്രമിച്ചുവെന്നും എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ, ശിവരാത്രി വ്രതം എടുത്ത വിദ്യാർത്ഥികളെ എസ്എഫ്ഐക്കാർ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചുവെന്നാണ് എബിവിപി പറയുന്നത്. സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ മഹാ ശിവരാത്രി ദിനത്തിൽ ധാരാളം വിദ്യാർത്ഥികൾ വ്രതം അനുഷ്ഠിച്ചു. മതവിശ്വാസത്തെയും പാരമ്പര്യത്തെയും മാനിച്ചുകൊണ്ട് തങ്ങൾക്കായി സസ്യാഹാരം ഒരുക്കണമെന്ന് ഇവർ മെസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇവർക്കായി സസ്യാഹാരം ഒരുക്കിയിരുന്നു. പക്ഷേ, ഇവിടെയെത്തിയ എസ്എഫ്ഐക്കാർ നിർബന്ധിച്ച് വിദ്യാർത്ഥികൾക്ക് മാംസാഹാരം വിളമ്പാൻ ശ്രമിച്ചുവെന്നാണ് എബിവിപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.