
പൂനെ: ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ യുവതി ക്രൂരബലാൽസംഗത്തിനിരയായി. മഹാരാഷ്ട്രയിൽ പൂനെയിലെ സ്വർഗതെ ബസ് സ്റ്റാന്റിലാണ് സംഭവമുണ്ടായത്. 26 വയസുകാരിയാണ് ബസിനുള്ളിൽ വച്ച് ബലാൽസംഗത്തിനിരയായത്. ചൊവ്വാഴ്ച രാവിലെ 5.45നും 6.30നുമിടയിലായിരുന്നു സംഭവം.
സംഭവസ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം അകലത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ. ദത്താത്രേയ രാംദാസ് എന്ന 36കാരനാണ് പ്രതി. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചു. സത്താറ ജില്ലയിലെ ഫാൽത്താൻ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു യുവതി. ബസ് തനിക്ക് പോകേണ്ടയിടത്തേക്കുള്ളതാണോ എന്ന് യുവതി ദത്താത്രേയയോട് ചോദിച്ചു. ഇയാൾ ബസ് പോകുന്നതാണെന്ന് പറഞ്ഞു. ബസിൽ വെളിച്ചമൊന്നും കാണാതെ വന്നതോടെ യാത്രക്കാരില്ലേ എന്ന് യുവതി അന്വേഷിച്ചു. ഇതിന് പ്രതി, യാത്രക്കാർ ഉറക്കമാണെന്ന് അറിയിച്ചു. ഇതോടെ ബസിൽ കയറിയ യുവതിയെ ബസ് ലോക്ക് ചെയ്ത ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പുറത്തിറങ്ങിയ യുവതി അടുത്ത ബസിൽ യാത്രക്കായി കയറി. ഇതിലുണ്ടായിരുന്ന സുഹൃത്തിനോട് താൻ പീഡനത്തിനിരയായെന്ന് വ്യക്തമാക്കി. ഇതോടെ കാര്യം പൊലീസിലറിയിക്കാൻ സുഹൃത്ത് നിർദ്ദേശിച്ചു. പൊലീസ് ഉടനെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ട് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സംഭവം അങ്ങേയറ്റം സങ്കടപ്പെടുത്തുന്നതും നിർഭാഗ്യകരവും പ്രകോപനപരവുമാണെന്ന് ഉപമുഖ്യമന്ത്രി അജിത്ത് പവാർ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംഭവം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]