
ചെന്നൈ: കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് നടി രഞ്ജന നാച്ചിയാർ ബി.ജെ.പി. വിട്ടു. ഹിന്ദിയോട് എതിർപ്പില്ല, എന്നാൽ, അധികാരം ദുരുപയോഗം ചെയ്ത് ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തമിഴ്നാടിന് അവകാശപ്പെട്ട ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
തമിഴ് സംവിധായകൻ ബാലയുടെ സഹോദരന്റെ മകളായ രഞ്ജന നാച്ചിയാർ ബി.ജെ.പി. കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്നു. ടി.വി. സീരിയലുകളിലൂടെ അഭിനയരംഗത്ത് എത്തിയ രഞ്ജന തമിഴ്സിനിമകളിൽ സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നരവർഷം മുൻപ് ചെന്നൈയിൽ ബസിന്റെ ചവിട്ടുപടിയിൽനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ രഞ്ജന അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഈ സംഭവത്തിൽ നടിയെ അറസ്റ്റ് ചെയ്തിരുന്നു.
ഭാഷ അടിച്ചേൽപ്പിക്കൽത്തന്നെയാണ് ഇപ്പോൾ പാർട്ടി വിടുന്നതിനുള്ള പ്രധാന കാരണമെന്നും അതേസമയം, പാർട്ടിയുമായി മറ്റ് പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടെന്നും രഞ്ജന പറഞ്ഞു. വേറെ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തനം തുടരും. പാർട്ടി ഏതാണെന്ന് അധികം വൈകാതെ വെളിപ്പെടുത്തുമെന്നും അറിയിച്ചു.
വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് സൂചനയുണ്ട്. ബുധനാഴ്ച നടത്തുന്ന ടി.വി.കെ. വാർഷികാഘോഷത്തിൽ അംഗത്വം സ്വീകരിക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തിനിടെ തമിഴ്നാട്ടിൽ ബി.ജെ.പി.യിൽനിന്ന് രാജിവെക്കുന്ന മൂന്നാം നടിയാണ് രഞ്ജന. ഗായത്രി രഘുറാം, ഗൗതമി എന്നിവരാണ് ഇതിനുമുൻപ് പാർട്ടി വിട്ടത്. ഇരുവരും പിന്നീട് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]