
പ്രയാഗ്രാജ്: ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് ഇന്ന് മഹാശിവരാത്രി ദിവസത്തെ പുണ്യ സ്നാനത്തോടെ സമാപനം. ഇന്ന് പ്രധാന സ്നാനം നടക്കും. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി പുണ്യം തേടി പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് യുപി സർക്കാരിന്റെ കണക്കുകൾ. ഇന്ന് രാവിലെ മുതൽ നല്ല തിരക്കാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മെഡിക്കൽ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം.
മേഖലയിൽ സുരക്ഷാസന്നാഹം ശക്തമാക്കി. മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ൽപ്പരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി. 10 കിലോമീറ്ററോളം തൂത്തു വൃത്തിയാക്കി. ശൂചീകരണ യജ്ഞങ്ങളിൽ ഇത് ലോക റെക്കോർഡാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. തിക്കും തിരക്കും നിയന്ത്രിക്കാൻ ന്യൂഡൽഹി, പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെടെ ക്രമീകരണങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കത്രീന കൈഫ് എന്നിവർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. 2027ൽ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. 15,953 മെട്രിക് ടൺ മാലിന്യം കുംഭമേള മേഖലയിൽ നിന്ന് ഇതുവരെ നീക്കം ചെയ്തതായി യു.പി നഗരവികസന വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]