
34 വർഷത്തെ നയതന്ത്ര ജീവിതത്തിനിടെ ഏറ്റവും നല്ല പോസ്റ്റിംഗ് ദുബായിലായിരുന്നെന്ന് തുറന്നുപറഞ്ഞ് മുൻ നയതന്ത്രജ്ഞൻ വേണു രാജാമണി. സാധാരണ നയതന്ത്രജ്ഞൻ പ്രവർത്തിക്കുന്നതിൽ വ്യത്യസ്തനായി പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകിയത് ദുബായായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിൽ വച്ച് തനിക്കുണ്ടായ ചില അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
വേണു രാജാമണിയുടെ വാക്കുകളിലേക്ക്…
‘ദുബായ് പോലുള്ള ഒരു സ്ഥലത്ത് ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത, അവിടുത്തെ ഇന്ത്യൻ സമൂഹമാണ്. ഒരുപാട് പാവപ്പെട്ടവരുണ്ട്, ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കപ്പെടുന്നവരുണ്ട്. എന്നാൽ അവിടെയുള്ള പണക്കാർ, പാവപ്പെട്ട നിലയിൽ നിന്നും ഉയർന്നുവന്നിട്ടുള്ളവരാണ്. ഒരു നല്ല കാര്യത്തിന് എന്നും പൈസ തരാൻ തയ്യാറായിട്ടുള്ള പണക്കാരാണ് അവിടെയുള്ളത്. അവിടെയുള്ള മിഡിൽ ക്ലാസ് എന്ന് പറയുന്നത് വലിയൊരു മിഡിൽ ക്ലാസാണ്. അതിൽ ഡോക്ടർമാരുണ്ട്, ടീച്ചർമാരുണ്ട്, എഞ്ചിനിയർമാരുണ്ട്. അവർ എല്ലാം വോളന്ററി ആയിട്ട് വർക്ക് ചെയ്യാൻ തയ്യാറാണ്.
അവരുടെ കഴിവുകളെ ഉപയോഗപ്പെടുത്തിയാൽ താഴെക്കിടയിലുള്ള തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും മനുഷ്യക്കടത്തിനിരയായവരെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അതിൽ ഞാൻ പരിപൂർണമായി ഞാൻ ഏർപ്പെടുകയും ചെയ്തു. മൂന്ന് വർഷത്തെ ദുബായ് ജീവിതം ഇതിന് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ദുബായിൽ ഞാൻ പ്രവർത്തിച്ചിരുന്ന സമയത്ത്, ഇന്ത്യൻ സമൂഹത്തിന് ക്ഷേമം ഉറപ്പാക്കുകയാണ് എന്റെ പ്രയോരറ്റി. എന്നാൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിന് ഔദ്യോഗിക പദവിയിലുള്ള പ്രാദേശിക അറബികളുടെ പിന്തുണ അത്യാവശ്യമാണ്.
അതിന് വേണ്ടി ഞാൻ അവിടെയുള്ള പ്രാദേശിക അറബികളെ നേരിട്ട് കാണുകയും അവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തു. എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും അവരെ വിളിച്ച് സഹായം തേടുന്ന സഹാചര്യം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. അതിനുവേണ്ടി ഞാൻ ആദ്യം ചെന്ന് കണ്ടത് ഷാർജയിലെ പൊലീസ് ചീഫിനെയായിരുന്നു. അദ്ദേഹം ഒരു രസികനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യം, നിങ്ങളുടെ ആൾക്കാരോട് പറയണം കള്ളു കുടിച്ചാൽ ദയവായി വീട്ടിലിരിക്കാൻ പറയണം. റോഡിലേക്ക് വന്നാൽ എനിക്ക് അറസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് വേറെ മാർഗമില്ല. കള്ള് കുടിച്ച് റോഡിലേക്ക് വന്നാൽ എനിക്ക് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം കണ്ടുമുട്ടിയപ്പോൾ തമാശ രൂപേണ അദ്ദേഹം പറഞ്ഞ ഒരു കാര്യമാണിത്. നമ്മുടെ ആൾക്കാർ അവിടെ ചെന്നുകഴിഞ്ഞാൽ ഇതൊരു വിദേശ രാജ്യമാണെന്ന് പലരും മറക്കുന്നുണ്ട്’.- അദ്ദേഹം പറഞ്ഞു.