
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റോണിന്റെ ഓൾറൗണ്ട് മികവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി യു.പി വാരിയേഴ്സ്.
ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി എല്ലിസ് പെറിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.പിക്ക് അവസാന ഓവറിൽ ജയിക്കാൻ 18 റൺസ് വേണമായിരുന്നു. രേണുകയെറിഞ്ഞ ആ ഓവറിലെ അഞ്ച് പന്തിൽ നിന്ന് 2 സിക്സും 1 ഫോറും സിംഗളുമുൾപ്പെടെ സോഫി 17 റൺസ് നേടി. അവസാന പന്ത് കാന്ത്രി ഗൗഡ് (പുറത്ത് 2) ബീറ്റണായെങ്കിലും സിംഗിളിനായുള്ള ശ്രമത്തിനിടെ സോഫി റണ്ണൗട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു (യു.പി 180/10). സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യു.പി ഒരുവിക്കറ്റ് നഷ്ടത്തിൽ 8 റൺസ് നേടി. തുടർന്ന് യു.പിക്കായി സൂപ്പർ ഓവർ എറിഞ്ഞ സോഫി സ്മൃതി മന്ഥനയേയും (2), റിച്ച ഘോഷിനേയും (2) വമ്പനടികൾക്ക് അനുവദിക്കാതെ ആർ.സി.ബിയെ 4 റൺസിൽ ഒതുക്കി യു.പിക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബിയെ 56 പന്തിൽ 9 ഫോറും 3സിക്സും ഉൾപ്പെടെ പുറത്താകാതെ 90 റൺസ് നേടിയ എല്ലിസ് പെറിയാണ് മികച്ച സ്കോറിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്.വനിതാ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി എല്ലിസ് പെറി. വനിതാ പ്രിമിയർ ലീഗിലെ 3 സീസണുകളിലായി 835 റൺസ് നേടിക്കഴിഞ്ഞു പെറി. പെറിയുടെ ഹൈസ്കോർ കൂടിയണ് ഇന്നലത്തേത്. ഡാനി വാട്ടും (57) ആർ.സി.ബിക്കായി അർദ്ധ സെഞ്ച്വറി നേടി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ യു.പിയെ 4 സിക്സും 1 ഫോറും ഉൾപ്പെടെ 19 പന്തിൽ 33 റൺസ് നേടിയ സോഫിയാണ് ടൈയിൽ എത്തിച്ചത്. ശ്വേത സെഹ്രാവത്ത് 31ഉം ക്യാപ്ടൻ ദീപ്തി ശർമ്മ 25ഉം കിരൺ 24 റൺസും നേടി. ബംഗളൂരുവിനായി ആദ്യ മത്സരം കളിച്ച സ്നേഹ റാണ 3 വിക്കറ്റ് വീഴ്ത്തി.