
കണ്ണൂർ: ഇന്നലെയാണ് കണ്ണൂർ ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കാനെത്തിയ ആദിവാസി ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിമൂന്നാം ബ്ലോക്കിലെ വെളളി, ലീല എന്നിവർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ആനയെ കണ്ട് ഇവർ തിരിഞ്ഞോടി. എന്നാൽ ആന പിന്നാലെയെത്തി ഇവരെ ആക്രമിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തത്തിന്റെ ഭീതിയിലാണ് ഇപ്പോഴും പ്രദേശവാസികൾ. ആന ഇപ്പോഴും ഈ പ്രദേശത്ത് തന്നെയുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. സ്കൂൾ കുട്ടികൾ നടന്നുപോകുന്ന വഴിയാണിതെന്നും പേടിച്ചിട്ട് ഇവിടെ എങ്ങനെ ജീവിക്കുമെന്നുമാണ് ആശങ്കയോടെ ഇവർ ചോദിക്കുന്നത്.
”ഈ പ്രദേശത്ത് മിക്കപ്പോഴും ആനയുടെ സാന്നിദ്ധ്യമുണ്ട്. രാത്രി സമയത്ത് ഈ പ്രദേശത്തേക്ക് ഇറങ്ങാൻ സാധിക്കില്ല. സെൻട്രൽ ജയിലിൽ കിടക്കുന്നത് പോലെയാണ് ഇവിടെ. നാട്ടിൽ എങ്ങും സ്ഥലമില്ലാത്തത് കൊണ്ടാണ് ഇവിടെ സ്ഥലം കിട്ടിയപ്പോൾ ഇങ്ങോട്ടേക്ക് വന്നത്. ഇത്രയും വലിയ ദ്രോഹത്തിലേക്കാണ് വരുന്നതെന്ന് അറിയില്ലല്ലോ? ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. അതുപോലെ ഒരു രോഗിയെ കൊണ്ടുപോകാൻ പോലും ഞങ്ങൾക്ക് റോഡില്ല.” പ്രദേശവാസികളായ സ്ത്രീകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വെള്ളിയും ലീലയും കശുവണ്ടി ശേഖരിച്ചുമടങ്ങുന്ന സമയത്തായിരുന്നു ആക്രമണം. കശുവണ്ടി നിറച്ച പ്ലാസ്റ്റിക് ക്യാരിബാഗും പ്രദേശത്ത് കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവിടെ നിന്ന് ഏകദേശം 50 മീറ്റർ അകലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ 4 മണിയോടെയാണ് ഇവർ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി വനംമന്ത്രി അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ഇന്ന് ഇവിടെയെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, സിപിഎം നേതാവ് എം വി ജയരാജൻ എന്നീ നേതാക്കളെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവന്ന ആംബുലൻസും കടത്തിവിടാതെ ആയിരുന്നു റോഡ് ഉപരോധിച്ചുളള പ്രതിഷേധം. വനംമന്ത്രി വൈകുന്നേരത്തോടെ സ്ഥലത്തെത്തി പ്രദേശവാസികളോട് സംസാരിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ദമ്പതികളുടെ മൃതദേഹം സംസ്കാരത്തിനായി വിട്ടുകൊടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]