
പി.സി.ജോര്‍ജിനെ അറസ്റ്റുചെയ്ത നടപടിയെ വിമശിച്ച് അദ്ദേഹത്തിന്റെ മകന് ഷോണ്‍ ജോര്‍ജ് നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് നടന് വിനായകന്. പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്ത് സി.ഐ. ഇരിക്കുന്ന പോലീസ് സ്റ്റേഷന് ഉള്‍പ്പെടെ പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനക്കെതിരേയാണ് വിനായകന്റെ പ്രതികരണം. ഇതൊക്കെ ഉണ്ടാക്കിയ കാശ് പി.സി.ജോര്‍ജിന്റെ കുടുംബത്തു നിന്നുള്ളതാണോയെന്നായിരുന്നു വിനായകന്റെ ചോദ്യം.
ഈരാറ്റുപേട്ടയിലെ സി.ഐ.ഓഫീസ് പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ്. പി.സി.ജോര്‍ജിന് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് പി.സി.ജോര്‍ജ് യു.ഡി.എഫില്‍ ഉള്ള സമയത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
ഇതിനെതിരേയാണ് വിനായകന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇതൊക്കെ ഉണ്ടാക്കാനുള്ള കാശ് പി.സി.ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ എന്നും വിനായകന് ചോദിക്കുന്നു. നിരവധി ആളുകളാണ് വിനായകന്റെ ചോദ്യത്തെ പിന്തുണച്ച് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.
മതവിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്നാണ് ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാന്‍ഡുചെയ്തത്. ജാമ്യാപേക്ഷ തള്ളിയ കോടതി, മാര്‍ച്ച് 10 വരെയാണ് പിസിയെ റിമാന്‍ഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോര്‍ജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്.
മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]