
ഇസ്ലാമാബാദ്: ; രാജ്യത്ത് തന്നെ നിർമ്മിക്കപ്പെട്ട എറ്റവും ബൃഹത്തായ അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടുന്ന ഗ്വാദർ വിമാനത്താവളം പാകിസ്ഥാന് ബാദ്ധ്യതയാകുന്നു. മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയായ വിമാനത്താവളം ഇപ്പോൾ പൂർണമായും അടച്ചിച്ചിരിക്കുകയാണ്. ചൈനയുടെ ധനസഹായത്തോടെയാണ് വിമാനത്താവളം നിർമ്മിച്ചത്. 24 കോടി ഡോളർ ( 2080 കോടി രൂപ) ആണ് ഗ്വാദർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി ചൈന നൽകിയത്.
2019ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ 2024 ഒക്ടോബറിൽ പൂർത്തിയാകുകയും 2025 ജനുവരി 20ന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉദ്ഘാടന ദിവസം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാരുമായി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം പിന്നീട് ഇതുവരെ ഗ്വാദർ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തിയിട്ടില്ല. ബലൂചിസ്ഥാനിലെ അവികസിതമായ ഒരു പ്രദേശമാണ് ഗ്വാദർ. 4300 ഏക്കറിലധികം സ്ഥാലത്ത് വ്യാപിച്ചു കിടക്കുന്ന വിമാനത്താവളത്തിന് വർഷത്തിൽ നാലുലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
ചൈനയുടെ ഷിൻ ജിയാങ് പ്രവിശ്യയെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയായ ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഗ്വാദർ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതി വിതരണത്തിലും ശുദ്ധജല വിതരണത്തിലും പിന്നാക്കമായ ഗ്വാദറിൽ വിമാനത്താവളം വന്നത് പ്രദേശത്ത് വികസനമെത്തിക്കും എന്നായിരുന്നു അധികൃതർ പ്രതീക്ഷിച്ചത്. എന്നാൽ ചൈനയുടെ മനസിലിരുപ്പ് മറ്റൊന്നായിരുന്നു എന്നാണ് നയതന്ത്രജ്ഞൻ അസീം ഖാലിദ് വാർത്താഏജൻസികളോട് വ്യക്താക്കിയത്. വിമാനത്താവളം പാകിസ്ഥാനോ ഗ്വാദറിനോ വേണ്ടിയല്ലെന്നാണ് അസീം ഖാലിദ് പറയുന്നത്. ചൈനയ്ക്ക് വേണ്ടിയാണ് വിമാനത്താവളം നിർമ്മിച്ചത് എന്ന് അസീം ഖാലിദ് പറയുന്നു. ഗ്വാദറിലേക്കും ബലൂചിസ്ഥാനിലേക്കും ചൈനീസ് പൗരൻമാർക്ക് ഇതുവഴി പ്രവേശനം സാദ്ധ്യമാകും. ബലൂചിസ്ഥാനിൽ സുരക്ഷാ ഭീഷണികൾ നിലവിലിരിക്കുന്ന സന്ദർഭത്തിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം നടന്നത്. പ്രാദേശിക ചൂഷണമാണ് നടക്കുന്നതെന്ന വാദവുമായി വിഘടനവാദികൾ പാകിസ്ഥാനിലെ സുരക്ഷാ സേനകൾക്കും ചൈനയിൽ നിന്നെത്തിയ തൊഴിലാളികൾക്കും നേരെ ഭീഷണിയുയർത്തുന്നുണ്ട്. എന്നാൽ രണ്ടായിരത്തിലധികം പേർക്ക് സി.പി.ഇ.സി തൊഴിലവസരം സൃഷ്ടിച്ചതായാണ് അധികൃതർ അവകാശപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]