
ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയുടെ സംസ്കാരം ലെബനനിലെ ബെയ്റൂട്ടിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. കഴിഞ്ഞ സെപ്തംബർ 27നാണ് ഇസ്രയേൽ ബോംബാക്രമണത്തിൽ നസ്രള്ള കൊല്ലപ്പെട്ടത്.
തുടർന്ന് മകൻ ഹാദിയുടെ കല്ലറയ്ക്ക് സമീപം നസ്രള്ളയുടെ മൃതദേഹം താത്കാലികമായി സംസ്കരിച്ചിരുന്നു. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ബെയ്റൂട്ടിൽ 55,000 സീറ്റുള്ള കാമിൽ ചാമൗൻ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു ഇന്നലെ സംസ്കാരച്ചടങ്ങുകൾ. നസ്രള്ളയുടെ ചിത്രങ്ങളും ഹിസ്ബുള്ള പതാകയുമേന്തിയ അനുയായികൾ സ്റ്റേഡിയം കവിഞ്ഞ് അണിനിരന്നു.
തുറന്ന വാഹനത്തിൽ മൃതദേഹം വഹിക്കുന്ന പേടകവുമായി വിലാപയാത്രയും നടത്തി. ഒക്ടോബറിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള ഉന്നത നേതാവ് ഹാഷിം സഫീദിനിന്റെ സംസ്കാരച്ചടങ്ങും ഇതോടൊപ്പം നടന്നു. ചടങ്ങുകൾക്കിടെ ഇസ്രയേലി യുദ്ധവിമാനങ്ങൾ രണ്ട് തവണ സ്റ്റേഡിയത്തിന് മുകളിലൂടെ താഴ്ന്ന് പറന്നു.
അജ്ഞാത കേന്ദ്രത്തിലുള്ള നിലവിലെ ഹിസ്ബുള്ള മേധാവി നയീം കാസിമിന്റെ സന്ദേശം സ്ക്രീനുകളിൽ പ്രദർശിപ്പിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും യെമനിലെ ഹൂതി വിമത പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നസ്രള്ളയേയും ഉന്നത കമാൻഡർമാരെയും ഇസ്രയേൽ വധിച്ചതോടെ ഹിസ്ബുള്ളയുടെ ശക്തി ക്ഷയിച്ചിരുന്നു. എന്നാൽ നസ്രള്ളയുടെ സംസ്കാരച്ചടങ്ങിലൂടെ ഗ്രൂപ്പിന്റെ ശക്തിപ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഹിസ്ബുള്ള. യു.എസും ഫ്രാൻസും മുന്നോട്ടുവച്ച മദ്ധ്യസ്ഥ കരാർ അംഗീകരിച്ച ഇസ്രയേൽ നവംബറിൽ ലെബനീസ് അതിർത്തിയിൽ ഹിസ്ബുള്ളയുമായി വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു.