
കാൻബെറ: ജയിൽച്ചാട്ട കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ഒരാൾ ഒറ്റയ്ക്ക് വിജയകരമായി നടത്തിയ ജയിൽച്ചാട്ട പരമ്പരകളെ പറ്റി കേട്ടിട്ടുണ്ടോ…? ജോസഫ് ബൊലിത്തോ ജോൺസ് എന്ന ‘ മൂൺഡൈൻ ജോ ‘ യുടെ ജീവിതം നിറയെ സംഭവബഹുലമായ ജയിൽച്ചാട്ടങ്ങളാണ്.
ഇംഗ്ലണ്ടിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ജോൺസ് 1848 നവംബർ 15നാണ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത്. റൊട്ടിക്കഷണം, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചതായിരുന്നു കുറ്റം. ഇംഗ്ലണ്ടിൽ നിന്നും ഓസ്ട്രേലിയയിലെ ബ്രിട്ടീഷ് പീനൽ കോളനിയിലെ തടവറയിലേക്ക് മാറ്റിയ ജോൺസിനെ പിന്നീട് ഉപാധികളോടെ വിട്ടയച്ചു. എന്നാൽ കുതിരകളെ മോഷ്ടിച്ചതിന് ജോൺസ് വീണ്ടും പിടിയിലായി. കസ്റ്റഡിയിലിരിക്കെ ജോൺസ് അതിവിദഗ്ദ്ധമായി ചാടിപ്പോയെങ്കിലും പൊലീസ് വലയിലാക്കി. നല്ല പെരുമാറ്റത്തിന്റെ പേരിൽ 1864ൽ ജോൺസിനെ ജയിലിൽ നിന്നും മോചിപ്പിച്ചു. കൃത്യം ഒരു വർഷത്തിന് ശേഷം ഒരാളുടെ കന്നുകാലിയെ കൊന്നു എന്ന കുറ്റത്തിന് ജോൺസിന്റെ കൈയ്യിൽ വീണ്ടും വിലങ്ങ് വീണു. 10 വർഷം തടവായിരുന്നു ജോൺസിന് ലഭിച്ച ശിക്ഷ. പക്ഷേ, അതിന് മുമ്പ് തന്നെ മറ്റൊരു സഹതടവുകാരനെയും കൂട്ടി ജോൺസ് ജയിൽ ചാടി. രണ്ട് പേരും ചേർന്ന് കുറേ മോഷണ പരമ്പരകൾ നടത്തി. വീണ്ടും പല തവണ പൊലീസിന്റെ പിടിയിലായെങ്കിലും ജോൺസ് രക്ഷപ്പെട്ടു. ഒടുവിൽ കൈയ്യിൽ കിട്ടിയപ്പോൾ അഞ്ച് വർഷം കഠിന തടവിന് ജോൺസിനെ ശിക്ഷിച്ചു. ജോൺസിനെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഫ്രെർമാന്റ്ൽ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ ജോൺസിന്റെ കഴുത്തിൽ ചങ്ങലകൾ ഇട്ടിരുന്നു. രക്ഷപ്പെടാൻ യാതൊരു പഴുതുകളും ഇല്ലാത്ത സുരക്ഷാ സജീകരണങ്ങളോടു കൂടിയ ഒരു ‘ സ്പെഷ്യൽ ‘ സെല്ലിലേക്കാണ് ജോൺസിനെ കൊണ്ടു പോയത്. പക്ഷേ, 1867 മാർച്ച് 7ന് സെല്ലിലെ ഭിത്തി തുരന്ന് ജോൺസ് സ്ഥലം കാലിയാക്കി. 1869ൽ വൈൻ മോഷണത്തിന്റെ പേരിൽ വീണ്ടും ജോൺസ് പിടിയിലായി. ഇത്തവണ അഞ്ച് വർഷത്തെ കഠിന തടവിനൊപ്പം നാല് വർഷം കൂടി അധികമായി കോടതി വിധിച്ചു. എന്നാൽ നേരത്തെ ഫ്രെർമാന്റൽ ജയിലിൽ കൊണ്ടു പോകുന്നതിന് മുമ്പ് ഗവർണർ ജോൺസിന് ഒരു വാക്ക് നൽകിയിരുന്നു. സർവ സുരക്ഷകളോടു കൂടി സജീകരിച്ച ഈ സെല്ലിൽ നിന്നും ജോൺസ് പുറത്തു ചാടുകയാണെങ്കിൽ ഇനി ജോൺസിനെ ജയിലിൽ അടയ്ക്കില്ല എന്നായിരുന്നു അത്. അപ്രകാരം 1871ൽ ജോൺസിനെ ജയിലിൽ നിന്നും മോചിപ്പിച്ചു. പിന്നീട് മാന്യനായി ജീവിച്ച ജോൺസ് 1879ൽ ലൂസിയ എന്ന വിധവയെ വിവാഹം ചെയ്തു. 1893ൽ 40-ാം വയസിൽ ലൂസിയ അന്തരിച്ചു. ലൂസിയയുടെ മരണത്തെ തുടർന്ന് ജോൺസിന് മാനസിക രോഗം ബാധിച്ചിരുന്നു. മറവി രോഗത്തിനടിമപ്പെട്ട ജോൺസ് 1900ൽ 74-ാം വയസിൽ മരിച്ചു.