
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി വിരാട് കോലി. ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് പോലും കഴിയാത്ത നേട്ടമാണ് ഏകദിനങ്ങളില്‍ പാകിസ്ഥാനെതിരായ തന്റെ നാലാം സെഞ്ചുറിയിലൂടെ കോലി സ്വന്തമാക്കിയത്.
2017ലെ ചാമ്പ്യൻസ് ട്രോഫിയില്‍ രോഹിത് ശര്‍മ നേടിയ 91 റണ്‍സായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യൻ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍. അതാണിന്ന് വിരാട് കോലി ഇന്ന് തകര്‍ത്തത്. 117 പന്തില്‍ സെഞ്ചുറിയിലെത്തിയ വിരാട് കോലി വിജയറണ്ണും നേടിയാണ് ക്രീസ് വിട്ടത്. ചാമ്പ്യൻസ് ട്രോഫിയില്‍ ഇതിന് മുമ്പ് പാകിസ്ഥാനെതിരായ വിരാട് കോലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 2017ല്‍ നേടിയ 81 റണ്‍സായിരുന്നു.
ചാമ്പ്യൻസ് ട്രോഫി: കോലിക്കരുത്തില്‍ ഇന്ത്യക്ക് വിജയശ്രേയസ്, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമിയിലേക്ക്
കോലിയും രോഹിത്തും കഴിഞ്ഞാല്‍ 2009ലെ ചാമ്പ്യൻസ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡ്(76),2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(76) എന്നിവരാണ് പാകിസ്ഥാനെതിരെ തിളങ്ങിയ ഇന്ത്യൻ താരങ്ങള്‍. ഇന്ത്യ-പാകിസ്ഥാന് ചാമ്പ്യൻസ് ട്രോഫി പോരാട്ടങ്ങളില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമായി സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററുമാണ് കോലി.
2009ലെ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാക് താരം ഷൊയ്ബ് മാലിക്കും 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഫഖര്‍ സമനും ഇന്ത്യക്കെതിരെ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. സെഞ്ചുറി നേട്ടത്തിനൊപ്പം രാജ്യാന്തര റണ്‍വേട്ടയില്‍ 27,483 റണ്‍സുമായി മുന്‍ ഓസ്ട്രേലിയൻ നായകന് റിക്കി പോണ്ടിംഗിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും വിരാട് കോലിക്കായി. ഏകദിന ക്രിക്കറ്റില്‍ 14000 റണ്‍സെന്ന നാഴികക്കല്ലും ഇന്ന് പിന്നിട്ട കോലി അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ്. 287 ഇന്നിംഗ്സില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന് ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിംഗ്സില്‍ നിന്ന് 14000 റണ്‍സ് തികച്ച റെക്കോര്‍ഡാണ് കോലി ഇന്ന് ബഹുദൂരം പിന്നിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]