
ന്യൂഡൽഹി: ആംആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലീനയെ ഡൽഹി നിയമസഭയിൽ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷനേതാവായി ഒരു വനിതയെ തിരഞ്ഞെടുക്കുന്നത്. ഇന്ന് ചേർന്ന നിയമസഭാ യോഗത്തിലാണ് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തത്. സഞ്ജീവ് ത്സാ എംഎൽഎയാണ് അതിഷിയുടെ പേര് നിർദ്ദേശിച്ചത്.
അതിഷി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ‘എന്നിൽ വിശ്വാസമർപ്പിച്ച ആംആദ്മിയുടെ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ ആംആദ്മി മാറും. ബിജെപി പ്രഖ്യാപിച്ച എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കപ്പെടാൻ ഞങ്ങൾ വഴിയൊരുക്കും’- അവർ പറഞ്ഞു. അതേസമയം, ഡൽഹി നിയമസഭയിൽ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ സർക്കാരിന്റെ പ്രകടനത്തെക്കുറിച്ചുളള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ (സിഎജി) റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണവും നേടിയാണ് ബിജെപി തലസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വന്നത്. ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകളാണ് ലഭിച്ചത്, കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൽക്കാജി നിയോജക മണ്ഡലത്തിൽ ബിജെപിയുടെ രമേശ് ബിധൂരിയെയ പരാജയപ്പെടുത്തിയാണ് അതിഷി നിയമസഭയിൽ എത്തിയത്. ആംആദ്മിയെ പ്രമുഖ നേതാക്കളായ അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടത് പാർട്ടിയെ കടുത്ത ക്ഷീണത്തിലാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]