
കൽപ്പറ്റ: മുണ്ടക്കെെ – ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വെെകുന്നതിനെതിരെയുള്ള സമരം ദുരുദ്ദേശ്യപരമാണെന്ന് മന്ത്രി ഒ ആർ കേളു. എല്ലാത്തിനും പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ പറഞ്ഞ് തന്നെ ആരും വന്ന് കണ്ടിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പുനരധിവാസത്തിനായുള്ള നടപടിക്രമങ്ങൾ സർക്കാർ പൂർത്തീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പുനരധിവാസം വെെകുന്നതിൽ വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധം കനക്കുകയാണ്. കഞ്ഞിവച്ചും കുടിൽ കെട്ടിയും നടത്തിയ പ്രതിഷേധം ഇപ്പോൾ സംഘർഷ സാഹചര്യങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ബെയ്ലി പാലം കടന്ന് ദുരന്തഭൂമിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
നിരാഹാരസമരം അടക്കമുള്ള പ്രതിഷേധങ്ങൾ ഉടൻ ആരംഭിക്കുമെന്നും ദുരന്തബാധിതർ അറിയിച്ചു. ദുരന്തം നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും ഇതുവരെ പുനരധിവാസപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായത്. എന്നാൽ ദുരന്തബാധിതരുടെ പലരുടെയും പേര് പട്ടികയിൽ ഇല്ലെന്നും ആരോപണമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനരധിവാസത്തിനുള്ള പൂർണ ഉപഭോക്തൃ പട്ടിക പുറത്തുവിട്ട് വീട് നിർമാണം ഉടൻ ആരംഭിക്കുക, ഓരോ കുടുംബങ്ങൾക്കും പത്ത് സെന്റ് ഭൂമി വീതം നൽകുക, ദുരന്തബാധിതർക്ക് ജോലി നൽകുക, തുടർചികിത്സ ലഭ്യമാക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.