
കീവ്: യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് നാളെ 3 വർഷം തികയുന്നു. യു.എസിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതോടെ യുക്രെയിൻ വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അധികാരമേറ്റ ഒന്നാം നാൾ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. എന്നാൽ, യു.എസ് സ്വന്തം നിലയ്ക്ക് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടങ്ങി. കഴിഞ്ഞ ആഴ്ച യു.എസ്-റഷ്യ വിദേശകാര്യ മന്ത്രിതല ചർച്ച സൗദി അറേബ്യയിൽ നടന്നു. എന്നാൽ ചർച്ചയിൽ നിന്ന് മാറ്റിനിറുത്തിയതിൽ യൂറോപ്യൻ രാജ്യങ്ങളും യുക്രെയിനും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. യു.എസിന്റെ ഇടപെടലുകൾ യുദ്ധം അവസാനിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം.
തുടക്കം
2022 ഫെബ്രുവരി 24ന് റഷ്യ യുക്രെയിനിൽ അധിനിവേശം തുടങ്ങി. ഡോൺബാസിലെ (കിഴക്കൻ യുക്രെയിൻ) ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള ‘പ്രത്യേക സൈനിക നടപടി” എന്നാണ് ആക്രമണത്തെ റഷ്യ വിശേഷിപ്പിച്ചത്. 2014 മുതൽ റഷ്യൻ വിമതരും യുക്രെയിൻ സൈന്യവും സംഘർഷം തുടരുന്നയിടമാണ് ഡോൺബാസ്. നാറ്റോയുടെ ഭാഗമാകാനുള്ള യുക്രെയിന്റെ നീക്കം, പാശ്ചാത്യ അനുകൂല നിലപാടുകൾ എന്നിവ റഷ്യയെ പ്രകോപിപ്പിച്ചു.
പിന്തുണ അകലുന്നു
ചെറുത്തുനിൽക്കാൻ യുക്രെയിന് പിന്തുണ നൽകിയത് യൂറോപ്പും യു.എസുമാണ്. ബൈഡൻ സർക്കാരിന്റെ കാലത്ത് യു.എസ് യുക്രെയിന് സാമ്പത്തിക, സൈനിക സഹായം ധാരാളം നൽകി. എന്നാൽ ട്രംപ് വന്നതോടെ സ്ഥിതി മാറി. യു.എസിന്റെ സഹായത്തിന് പകരമായി യുക്രെയിനിലെ അപൂർവ്വ ധാതു ശേഖരത്തിലാണ് ട്രംപിന്റെ കണ്ണ്.
യു.എസിന്റെ സാമ്പത്തിക സഹായത്തിനുള്ള പ്രതിഫലമായി യുക്രെയിനിലെ 500 ബില്യൺ ഡോളറിന് തുല്യമായ അപൂർവ്വ ധാതു ശേഖരം യു.എസിന് നൽകാനുള്ള കരാർ യുക്രെയിൻ അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കരാറിനെ എതിർത്തത് ട്രംപിനെ ചൊടിപ്പിച്ചു. സമ്മർദ്ദം ചെലുത്തി കരാർ നേടാനുള്ള ശ്രമത്തിലാണ് യു.എസ്. കരാർ അംഗീകരിച്ചില്ലെങ്കിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സർവീസ് വിച്ഛേദിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയെന്നും പറയപ്പെടുന്നു.
സൗദി ചർച്ചയ്ക്ക് പിന്നാലെ, റഷ്യ സൃഷ്ടിച്ച തെറ്റായ വിവരങ്ങൾ നിറഞ്ഞ ഇടത്താണ് ട്രംപ് ഇപ്പോഴുള്ളതെന്ന സെലെൻസ്കിയുടെ പരാമർശവും ഉരസലിന് കാരണമായി. യുക്രെയിനാണ് യുദ്ധം തുടങ്ങിയതെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച കുറ്റപ്പെടുത്തിയെങ്കിലും റഷ്യയാണ് അധിനിവേശം നടത്തിയതെന്ന് ഇന്നലെ തിരുത്തി.
റഷ്യൻ അനുകൂലം
റഷ്യയ്ക്ക് ഏറെക്കുറേ അനുകൂലമായിട്ടാണ് യു.എസിന്റെ നീക്കങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് വൈകാതെ കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിൽ നേരത്തെ ഫോൺ ചർച്ച നടത്തി. സമാധാന ചർച്ചകൾക്ക് സന്നദ്ധമാണെന്ന് പുട്ടിൻ വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയിനിൽ റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നുണ്ട്.
# സെലെൻസ്കിയെ കുത്തി ട്രംപ്
(സെലെൻസ്കിക്കെതിരെ ട്രംപ് നടത്തിയ വിമർശനങ്ങൾ)
സെലെൻസ്കി ‘സ്വേച്ഛാധിപതി”
(സെലെൻസ്കിയുടെ പ്രസിഡൻഷ്യൽ കാലാവധി കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. എന്നാൽ യുദ്ധ പശ്ചാത്തലത്തിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിനാൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും കാലാവധി കഴിഞ്ഞ സെലെൻസ്കിയെ പരിഗണിക്കില്ലെന്നാണ് റഷ്യൻ പക്ഷം)
സെലെൻസ്കി വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ അദ്ദേഹത്തിന് രാജ്യം നഷ്ടമാകും
അധിനിവേശം ഒഴിവാക്കാൻ യുക്രെയിന് മൂന്ന് വർഷം മുന്നേ ഒരു കരാറിൽ ഏർപ്പെടാമായിരുന്നു
സമാധാന ചർച്ചകളിൽ സെലെൻസ്കിയ്ക്ക് പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറും യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല
———————-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുക്രെയിനിലെ നാശം
(യു.എൻ കണക്ക്)
കൊല്ലപ്പെട്ടവർ – 12,605
പരിക്ക് – 27,836
———————-
കൊല്ലപ്പെട്ട സൈനികർ
(യു.എസ് കണക്ക്)
യുക്രെയിൻ – 57,500
റഷ്യ – 7,00,000
(യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിട്ടില്ല)