
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വർമ്മയും വിവാഹമോചനത്തിനായി അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിനിടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായെന്നാണ് റിപ്പോർട്ട്. വിവാഹമോചനം അന്തിമമായെന്നും ഇരുവരും വേർപിരിഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ധനശ്രീയുടെ അഭിഭാഷക അദിതി മോഹൻ. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും തീർപ്പാക്കിയിട്ടില്ലെന്നുമാണ് അദിതി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
‘കൂടുതൽ പ്രതികരിക്കാനില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് മാദ്ധ്യമങ്ങൾ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണാജനകമായ ഒരുപാട് കാര്യങ്ങൾ പ്രചരിക്കപ്പെടുന്നു’- എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ അദിതി മോഹൻ വ്യക്തമാക്കിയത്.
ജീവനാംശമായി ചാഹലിൽ നിന്ന് ധനശ്രീ 60 കോടി രൂപ ആവശ്യപ്പെട്ടതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് അടിസ്ഥാന രഹിതമാണെന്ന് ധനശ്രീയൂടെ കുടുംബം പറഞ്ഞു. വിവാഹമോചനക്കേസിന്റെ അവസാന ഹിയറിംഗ് കഴിഞ്ഞ വ്യാഴാഴ്ച ബാന്ദ്ര കുടുംബകോടതിയിൽ നടന്നുവെന്നും ചാഹലും ധനശ്രീയും കോടതിയിലെത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഹിയറിംഗിനുശേഷം ഇരുവരെയും കൗൺസിലിംഗിന് നിർദേശിച്ചുവെങ്കിലും പരസ്പര ധാരണയോടെ പിരിയാൻ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നും റിപ്പോർട്ടിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2023ൽ ധനശ്രീ പേരിനൊപ്പമുള്ള ചാഹൽ ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. പുതിയ ജീവിതം തുടങ്ങുകയാണെന്ന് ചാഹൽ ഒരു കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഇതിന് പിന്നാലെ വിവാഹമോചന റിപ്പോർട്ടുകൾ തള്ളിയ ചാഹൽ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. 2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. ലോക്ക്ഡൗൺ കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഒന്നും നടക്കാതിരുന്നപ്പോൾ ചാഹൽ നൃത്തം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ധനശ്രീ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.